Quantcast

ക്രിസ്മസ് ദിനത്തില്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കു നേരെ നടന്നത് 23 ആക്രമണങ്ങള്‍

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ പ്രതിദിനം ഏറ്റവും കുറഞ്ഞത് മൂന്ന് ആക്രമണങ്ങളെങ്കിലും നടക്കുന്നതായും യു.സി.എഫിന്റെ കണക്കില്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    4 Jan 2024 4:23 AM GMT

United Christian Forum
X

യുസിഎഫിന്‍റെ പ്രസ്താവന

ഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നത് 23 ആക്രമണങ്ങള്‍. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു സി എഫ്) ആണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ പ്രതിദിനം ഏറ്റവും കുറഞ്ഞത് മൂന്ന് ആക്രമണങ്ങളെങ്കിലും നടക്കുന്നതായും യു.സി.എഫിന്റെ കണക്കില്‍ പറയുന്നു.

ഇന്ത്യയിലെ വിവിധ ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള സംഘടനയാണ് യു സി എഫ്. ക്രിസ്മസിന് മുമ്പുള്ള കണക്കുകള്‍ പ്രകാരം പ്രതിദിനം രണ്ട് അക്രമങ്ങള്‍ വീതമായിരുന്നു ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്നിരുന്നത്. 2023ന്റെ അവസാന ഏഴ് ദിവസങ്ങളില്‍ മാത്രം 23 ആക്രമണങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നത്. ഉത്തര്‍പ്രദേശില്‍ 10, ആന്ധ്ര, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളില്‍ മൂന്ന് വീതം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോ അക്രമം വീതവും നടന്നു. 2023 ഡിസംബര്‍ 31 വരെ നടന്ന അക്രമ സംഭവങ്ങളുടെ എണ്ണം 720 ആണ്.

ക്രിസ്മസ് ദിനത്തില്‍ മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ഉത്തര്‍പ്രദേശ് പൊലീസ് അഞ്ച് പാസ്റ്റര്‍മാരെയാണ് അറസ്റ്റ് ചെയ്തത്. രാകേഷ്, അരുണ്‍, റാം, റാംകിഷോര്‍, അശോക് എന്നിവരാണ് അറസ്റ്റിലായ പാസ്റ്റര്‍മാര്‍. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാപകമായി ഉപയോഗിക്കുന്ന നിയമമാണ് മതപരിവര്‍ത്തന നിരോധന നിയമം. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലാണ് ഈ നിയമം നടപ്പാക്കിയത്. കേന്ദ്രത്തില്‍ ബി. ജെ. പി അധികാരത്തില്‍ വന്നതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ വലിയ വര്‍ധനയാണുണ്ടായതെന്ന് യു സി എഫ് നാഷണല്‍ കോര്‍ഡിനേറ്റര്‍ എ.സി മൈക്കിള്‍ പറഞ്ഞു.

TAGS :

Next Story