അമരാവതി കൊലപാതകം; കൊലയാളികൾക്ക് പ്രതിഫലമായി ലഭിച്ചത് ബൈക്കും 10,000 രൂപയും
പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി
അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ കെമിസ്റ്റായ ഉമേഷ് കോൽഹെയെ (54) കൊലപ്പെടുത്തിയ പ്രതികൾക്ക് പ്രതിഫലമായി ലഭിച്ചത് ബൈക്കും 10,000 രൂപയും ആണെന്ന് പൊലീസ്. അതേസമയം, പ്രതികൾക്ക് എതിരെ മഹാരാഷ്ട്ര പൊലീസ് യു.എ.പി.എ ചുമത്തി. ഭീകരപ്രവർത്തനം, ഭീകരസംഘടനയുടെ ഭാഗമാകൽ, ഗൂഢാലോചന കുറ്റങ്ങൾക്കാണ് യു.എ.പി.എയിലെ യഥാക്രമം 16, 20, 18 വകുപ്പുകൾ ചുമത്തിയത്.
രാജസ്ഥാനിലെ ഉദയ്പൂർ സംഭവത്തിന് ഒരാഴ്ച മുമ്പ് ജൂൺ 21നാണ് ഉമേഷ് കോൽഹെയുടെ കൊലപാതകം നടന്നത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേഷിനെ ബൈക്കിലെത്തിയ രണ്ടുപേർ കൊലപ്പെടുത്തുകയായിരുന്നു. കെമിസ്റ്റ് കൊല്ലപ്പെട്ടത് പ്രവാചകനെക്കുറിച്ച് വിവാദ പരാമർശമുന്നയിച്ച ബി.ജെ.പി മുൻ വക്താവ് നൂപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിലാണെന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ കേസിന്റെ സ്വഭാവം അനുസരിച്ച് അക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് കമ്മീഷണർ ആർതി സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കൊലപാതകം മോഷണത്തിന്റെ ഭാഗമാണെന്ന നിഗമനത്തിൽ എത്തി വേണ്ടത്ര ഗൗരവം നൽകാതിരുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും.രാഷ്ട്രീയ കാരണങ്ങളാൽ യഥാർത്ഥ കാരണങ്ങൾ പൊലീസ് മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
Adjust Story Font
16