Quantcast

ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; സ്കൂളുകൾക്ക് ഇന്ന് അവധി

പുതുച്ചേരിയിലും ജാ​ഗ്രതാ നിർദ്ദേശം

MediaOne Logo

Web Desk

  • Published:

    29 Nov 2024 7:04 AM GMT

ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; സ്കൂളുകൾക്ക് ഇന്ന് അവധി
X

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. ചെന്നൈ, ചെങ്കല്‍പ്പട്ട്, കടലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കും, പുതുച്ചേരിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം അതിതീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈകുന്നേരത്തോടെ തീവ്രന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമര്‍ദ്ദമായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ ഫലമായി അടുത്ത രണ്ടു ദിവസങ്ങളില്‍ തമിഴ്നാടിന്റെ തീരദേശ ജില്ലകളിലും വിവിധ ഭാഗങ്ങളിലും തീവ്രമഴ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും കനത്ത ദുരിതം സമ്മാനിച്ചിരിക്കുകയാണ്.

പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി എന്നിവരുടെ നേതൃത്വത്തില്‍ മഴ നേരിടാനുള്ള തയാറെടുപ്പുകള്‍ വിലയിരുത്തി. ചെന്നൈ, ചെങ്കല്‍പ്പട്ട്, വില്ലുപുരം, കടലൂര്‍, മയിലാടുത്തുറൈ, തിരുവാരൂര്‍, നാഗപട്ടണം, തിരുവള്ളൂര്‍, കാഞ്ചീപുരം, അരിയല്ലൂര്‍, തഞ്ചാവൂര്‍ എന്നി ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫെംഗല്‍ ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് ശേഷം പുതുചേരിക്ക് സമീപം കരതൊടുമെന്നും,90 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്നും വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര എന്നിവിടങ്ങളില്‍ ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story