Quantcast

അധ്യാപകന്‍ കുര്‍ത്തയും പൈജാമയും ധരിച്ചത് ഇഷ്ടമായില്ല; ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് കലക്ടര്‍

പ്രധാനാധ്യാപകനോടാണ് കലക്ടര്‍ കയര്‍ത്തത്.

MediaOne Logo

Web Desk

  • Published:

    12 July 2022 6:19 AM GMT

അധ്യാപകന്‍ കുര്‍ത്തയും പൈജാമയും ധരിച്ചത് ഇഷ്ടമായില്ല; ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ട് കലക്ടര്‍
X

പാറ്റ്ന: കുര്‍ത്തയും പൈജാമയും ധരിച്ചതിന് അധ്യാപകന് കാരണംകാണിക്കല്‍ നോട്ടീസ്. ബിഹാറിലെ ലഖിസാരായി ജില്ലയിലാണ് സംഭവം. ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനോടാണ് കലക്ടര്‍ കയര്‍ത്തത്. ഒരു ജനപ്രതിനിധിയെപ്പോലെയാണ് അധ്യാപകന്‍ വസ്ത്രം ധരിച്ചതെന്ന് പറഞ്ഞ കലക്ടര്‍, ശമ്പളം വെട്ടിക്കുറയ്ക്കാനും ഉത്തരവിട്ടു.

നിർഭയ് കുമാർ സിങ് എന്ന അധ്യാപകനെയാണ് വസ്ത്ര ധാരണത്തിന്‍റെ പേരില്‍ ലഖിസാരായി കലക്ടര്‍ സഞ്ജയ കുമാര്‍ സിങ് ശാസിച്ചത്. ജൂലൈ 6ന് ബൽഗുദാർ ഗ്രാമത്തിലെ ഒരു ഹൈസ്‌കൂളിൽ കലക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

"നിങ്ങളെ കണ്ടിട്ട് അധ്യാപകനെ പോലെയില്ലല്ലോ. താങ്കൾ ഏതോ പ്രാദേശിക ജനപ്രതിനിധിയാണെന്ന് ഞാൻ കരുതി. ഈ വേഷത്തിൽ അധ്യാപകനെ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടോ?"- എന്നാണ് കലക്ടര്‍ പറഞ്ഞത്.

തുടര്‍ന്ന് കലക്ടര്‍ ഒരു ഉദ്യോഗസ്ഥനുമായി ഫോണിൽ സംസാരിക്കുന്നത് കാണാം- "നിങ്ങളുടെ ഹെഡ്മാസ്റ്റർ കുർത്തയും പൈജാമയും ധരിച്ച് എന്റെ മുന്നിൽ ഇരിക്കുന്നു. വിദ്യാർഥികളെ പഠിപ്പിക്കുന്നത് കണ്ടില്ല. പേര് നിർഭയ് കുമാർ സിങ് എന്നാണ്".

അധ്യാപകന്‍റെ ശമ്പളം വെട്ടിക്കുറക്കാന്‍ നിര്‍ദേശം നല്‍കിയ കലക്ടര്‍, കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാനും ആവശ്യപ്പെട്ടു. അധ്യാപകനെ സംസാരിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തു- "നിങ്ങൾ അധ്യാപകനാണെങ്കിൽ, അധ്യാപകനെ പോലെയിരിക്കണം. ഈ വേഷത്തിൽ നിങ്ങളെ അധ്യാപകനായി അംഗീകരിക്കാൻ കഴിയില്ല. ഒരു ജനപ്രതിനിധിയെ പോലെ പെരുമാറുകയാണെങ്കില്‍ പോയി വോട്ട് ചോദിക്കൂ. ഞങ്ങൾക്ക് അലംഭാവം അനുവദിക്കാനാവില്ല"- കലക്ടര്‍ പറഞ്ഞു.



TAGS :

Next Story