Quantcast

പ്രിയപ്പെട്ട ഓർമകൾക്ക് നന്ദി.. വിട, വാനമ്പാടി...

മുംബൈയിലെ ശിവാജി പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ രാജ്യം ലതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2022-02-06 16:38:54.0

Published:

6 Feb 2022 1:51 PM GMT

പ്രിയപ്പെട്ട ഓർമകൾക്ക് നന്ദി.. വിട, വാനമ്പാടി...
X

അനശ്വര സംഗീതസ്വരമാധുരി കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ച ഇതിഹാസത്തിന് വിട. സന്തോഷത്തിലും സന്താപത്തിലും പ്രണയത്തിലും വിരഹത്തിലുമെല്ലാം മാസ്മരസ്വരംകൊണ്ട് പരലക്ഷങ്ങൾക്ക് ആശ്വാസക്കുളിർ പകർന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ ഇനി നിലക്കാത്ത ശബ്ദമധുരമായി ഓർമകളിൽ നിറയും. മുംബൈയിലെ ശിവാജി പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കം പ്രമുഖരുടെ നേതൃത്വത്തില്‍ രാജ്യം ലതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകൾ. നിറകണ്ണുകളോടെ ആയിരങ്ങൾ പ്രിയഗായികയ്ക്ക് യാത്രാമൊഴി നൽകി.

അന്ത്യം സംഭവിച്ച മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് വൈകീട്ട് അഞ്ചോടെയാണ് മൃതദേഹം വിലാപയാത്രയായി ശിവാജി പാർക്കിലെത്തിച്ചത്. വഴിയോരം നിറയെ ആയിരങ്ങളാണ് പ്രിയ ഗായികയ്ക്ക് അന്ത്യയാത്ര നല്‍കാനെത്തിയിരുന്നത്. ശിവാജി പാർക്കിലും ആരാധകരും സംഗീതപ്രേമികളും തടിച്ചുകൂടി. സഹോദരിയും ഗായികയുമായ ആശാ ഭോസ്‌ലെ, ഷാറൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, ശരദ് പവാർ, ആദിത്യ താക്കറെ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖരും സംസ്‌കാരചടങ്ങിനു സാക്ഷിയാകാനെത്തി. നേരത്തെ ലതാ മങ്കേഷ്‌കറുടെ വസതിയിലും അമിതാഭ് ബച്ചൻ, അനുപം ഖേർ, ജാവേദ് അക്തർ, സഞ്ജയ് ലീല ബൻസാലി അടക്കം പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.

ഇന്നു രാവിലെയായിരുന്നു സ്വകാര്യ ആശുപത്രിയിൽ ലതാ മങ്കേഷ്‌ക്കറുടെ അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതയെ ന്യൂമോണിയയെത്തുടർന്ന് നില ഗുരുതരമായാണ് ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. 92 വയസായിരുന്നു.

ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ദിവസങ്ങൾക്ക് മുമ്പാണ് ഐസിയുവിൽനിന്ന് മാറ്റിയത്. എന്നാൽ, ഇന്നലെ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു.


നാദവിസ്മയത്തിന്റെ ഏഴു പതിറ്റാണ്ട്

ഏഴ് പതിറ്റാണ്ട് കാലം നിരവധി തലമുറകളെ ലതാ മങ്കേഷ്‌കർ തൻറെ മാസ്മര ശബ്ദത്തിലൂടെ ആനന്ദിപ്പിച്ചു. മധുബാല മുതൽ ദീപിക പദുകോൺ വരെയുള്ളവർക്ക് വേണ്ടി പാടിയ ലതാ ലോകത്ത് ഏറ്റവുമധികം ഗാനങ്ങൾ ആലപിച്ച ഗായികയായും മാറി. ഇന്ത്യൻ സിനിമയുടെ ബാല്യവും കൗമാരവും യൗവനവും- അതാണ് ലതാജിയുടെ ശബ്ദം.

1929ൽ മധ്യപ്രദേശിലെ ഇൻഡോറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ലതാ മങ്കേഷ്‌കറിന്റെ ജനനം. അഭിനയത്തിലൂടെയാണ് ചലച്ചിത്ര പ്രവേശനം. 1942ൽ 13-ാമത്തെ വയസിൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിലൂടെ പാടിത്തുടങ്ങി. തൊട്ടടുത്ത വർഷം ഇറങ്ങിയ ഗജാബാഹൂവിലെ മാതാ ഏക് സപൂത് കി ആണ് ആദ്യമിറങ്ങിയ ഗാനം. എന്നാൽ ലതാജിയിലെ ഗായികയെ അടയാളപ്പെടുത്തിയത് മജ്ബൂറിലെ ദിൽ മേരാ ദോഡായാണ്. മഹലിൽ മധുബാലക്ക് വേണ്ടി പാടിയ ആയേഗാ ആനേവാലയാണ് ഹിറ്റ് ചാർട്ടിൽ ആദ്യത്തേത്.

നേർത്ത ശബ്ദമെന്ന് പറഞ്ഞ് തിരസ്‌കരിച്ചവരുടെ മുന്നിൽ പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി പാടിക്കയറുകയായിരുന്നു ലതാജി. നൗഷാദ്, രാമചന്ദ്ര, എസ്‍ഡി ബർമ്മൻ, മദൻ മോഹൻ, ശങ്കർ ജയ്കിഷൻ, ബോംബെ രവി, സലിൽ ചൗധരി, ആർഡി ബർമ്മൻ തുടങ്ങിയ സംഗീതശിൽപ്പികളുടെ ഈണങ്ങൾ ലതയുടെ ശബ്ദത്തിൽ അലിഞ്ഞുചേർന്നു. ആത്മാവിനെ ലയിപ്പിച്ച് ഏ മേരേ വതൻ കെ ലോഗോ, ലതാ പാടിയപ്പോൾ നെഹ്റു വരെ കണ്ണീരണിഞ്ഞു.

ആ ശബ്ദം ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചൊഴുകി. നെല്ലിലൂടെ മലയാളത്തിലുമെത്തി. മുഹമ്മദ് റഫിക്കൊപ്പം പാടിയപ്പോൾ സംഗീതാസ്വാദകർക്ക് ലഭിച്ചത് ഭാവസാന്ദ്രമായ ഒരുപിടി ഹിറ്റുകൾ. 36 ഭാഷകളിലായി 50,000ത്തിലധികം പാട്ടുകൾ പാടി ഗിന്നസിൽ ഇടംപിടിച്ചു.

സംഗീതയാത്രയിൽ പല പുരസ്‌കാരങ്ങളും സ്വന്തമാക്കി. പദ്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്‌നം തുടങ്ങിയ ദേശീയ ബഹുമതികളും ദാദാ സാഹബ് ഫാൽക്കെ പുരസ്‌കാരവും തേടിയെത്തി. ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരവും നേടി. 1999ൽ രാജ്യസഭാംഗവുമായി.

Summmary: Farewell, India's nightingale; the country pays final tribute to Lata Mangeshkar

TAGS :

Next Story