ശസ്ത്രക്രിയക്കിടെ 15 കാരിയുടെ അവയവങ്ങൾ എടുത്തുമാറ്റി, ശരീരത്തില്‍ പ്ലാസ്റ്റിക് കവറുകൾ നിറച്ചു; ആരോപണവുമായി കുടുംബം
പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകൾക്കിടയാണ് കുടുംബത്തിന് സംശയം തോന്നിയത്
ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്കിടെ പെൺകുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കുകയും അതിന് പകരം ശരീരത്തിൽ പ്ലാസ്റ്റിക് കവറുകൾ നിറക്കുകയും ചെയ്തതായി പരാതി. ഡൽഹിയിലാണ് ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ സംഭവം നടന്നത്. ശസ്ത്രക്രിയയെ തുടർന്ന് 15 കാരിയായ പെൺകുട്ടി മരിക്കുകയും ചെയ്തിരുന്നു. ജനുവരി 21-നാണ് കുടൽ സംബന്ധമായ അസുഖത്തിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനുവരി 24 ന് ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്തു. ജനുവരി 26 ന് പെൺകുട്ടി മരിച്ചതായി ഡോക്ടർമാർ കുടുംബത്തെ അറിയിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് മൃതദേഹം സംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം വിട്ടുനൽകിയപ്പോഴൊന്നും സംശയം തോന്നിയില്ലെന്നും വീട്ടുകാർ പറയുന്നു. തുടർന്ന് സംസ്‌കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുമ്പോഴാണ് കുടുംബത്തിന് കുട്ടിയുടെ അവയവങ്ങൾ നഷ്ടപ്പെട്ടതായി സംശയം തോന്നിയത്. ഉടൻ പെൺകുട്ടിയുടെ വീട്ടുകാർ ഡൽഹി പൊലീസിന് പരാതി നൽകി.
പരാതിയെ തുടർന്ന് ലോക്കൽ പൊലീസ് സംഘം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാഗർ സിംഗ് കൽസി പറഞ്ഞു. കുട്ടിയുടെ മൃതദേഹത്തിൽ സുഷിരങ്ങൾ ഉണ്ടായിരുന്നെന്നും അത് പൊളിത്തീൻ കവർ കൊണ്ട് മൂടിയിരിക്കുകയാണെന്നുമാണ് വീട്ടുകാരുടെ പരാതി. പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം നടത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡൽഹി പൊലീസ് ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്ന് വ്യക്തമാക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16