സി.ബി.ഐ ചമഞ്ഞ് പണം കവര്‍ന്ന ആറംഗ സംഘം അറസ്റ്റില്‍; പ്രചോദനമായത് ബോളിവുഡ് ചിത്രം 'സ്പെഷൽ 26'
മധ്യപ്രദേശിലെ ഛത്താർപുർ ഡിസ്റ്റലറിയിൽ നിന്ന് രണ്ടുലക്ഷം രൂപയാണ് സംഘം കവര്‍ന്നത്.
സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവർച്ച നടത്തിയ ആറംഗ സംഘം അറസ്റ്റിൽ. മധ്യപ്രദേശിലെ ഛത്താർപുർ ഡിസ്റ്റലറിയിൽനിന്ന് രണ്ടുലക്ഷം രൂപയാണ് സംഘം കവര്‍ന്നത്. അക്ഷയ്കുമാര്‍ ചിത്രം സ്പെഷല്‍ 26 ല്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
അലിഗഡിലെ പഴയ കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് എത്തിയതെന്ന് പറഞ്ഞ് കവര്‍ച്ചാ സംഘം ഡിസ്റ്റലറിക്ക് അകത്ത് പ്രവേശിക്കുകയായിരുന്നു. ആഗസ്റ്റ് ആറിന് രാവിലെ ആറോടെയാണ് സംഭവം. പൊലീസ് യൂനിഫോമിലെത്തിയ തോക്കുധാരികളായ രണ്ടുപേര്‍ സുരക്ഷ ജീവനക്കാരോട് വരിയായി നിൽക്കാൻ ആവശ്യപ്പെടുകയും ഉടമസ്ഥനെ വിളിക്കാൻ നിർദേശിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചതായും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നടപടിയെന്നുമാണ് ഡിസ്റ്റലറി ഉടമ നിഖിൽ ബൻസാൽ സ്ഥലത്തെത്തിയപ്പോൾ കവര്‍ച്ചാസംഘം പറഞ്ഞത്.
തുടര്‍ നടപടികള്‍ക്കായി ലഖ്നോവിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും നിഖിൽ വ്യക്തമാക്കി. താൻ ഡിസ്റ്റിലറി രജിസ്റ്റർ ചെയ്തശേഷമാണ് പ്രവർത്തിക്കുന്നതെന്നും അലിഗഡിലോ യു.പിയിലെ മറ്റുഭാഗങ്ങളിലോ തനിക്ക് വിതരണ ശൃംഖലയില്ലെന്നും നിഖില്‍ കവര്‍ച്ചാ സംഘത്തോട് പറഞ്ഞു. എന്നാൽ അഡീഷണൽ എസ്.പിയെന്ന് പരിചയപ്പെടുത്തിയയാൾ പ്ലാൻറ് മാനേജർക്ക് നേരെ തോക്ക് ചൂണ്ടി, മേശയിൽ പരിശോധന നടത്തുകയും രണ്ടുലക്ഷം രൂപ എടുക്കുകയുമായിരുന്നെന്ന് നിഖിൽ കൂട്ടിച്ചേര്‍ത്തു. സി.സി.ടി.വി ക്യാമറയിലെ ഡി.വി.ആര്‍, കവര്‍ച്ചാ സംഘം കൊണ്ടുപോവുകയും ചെയ്തു.
സംഭവത്തിൽ സംശയം തോന്നിയ നിഖിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ബോളിവുഡ് ചിത്രം സ്പെഷൽ 26ൽ ഉപയോഗിച്ച രീതിയിലാണ് തങ്ങൾ കവർച്ച നടത്തിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇവരിൽനിന്ന് രണ്ടു വാഹനങ്ങൾ, രണ്ടുലക്ഷം രൂപ, തോക്ക്, മൂന്ന് പൊലീസ് യൂനിഫോം, വ്യാജ ഐ.ഡികൾ, രേഖകൾ, ഡിസ്റ്റലറിയിലെ സി.സി.ടി.വിയുടെ ഡി.വി.ആർ എന്നിവ പൊലീസ് പിടിച്ചെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Adjust Story Font
16