അന്താരാഷ്ട്ര വിമാനസർവീസ് പുനരാരംഭിക്കുമോ?; വ്യോമയാനമന്ത്രി സഭയിൽ പറഞ്ഞത്
ഡിസംബർ 15 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ സാഹചര്യം കൃത്യമായി വിലിയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ
അന്താരാഷ്ട്ര വിമാനസർവീസ് പുനരാരംഭിക്കുന്നതിന് മുമ്പ് കോവിഡ് സാഹചര്യങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൃത്യമായി കാര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
ഡിസംബർ 15 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ സാഹചര്യം കൃത്യമായി വിലിയിരുത്തിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് എഎപി അംഗം സുശീൽ ഗുപ്തയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
''കോവിഡിന്റെ പുതിയ വകഭേദം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് മറ്റു മന്ത്രാലയങ്ങളുമായി ചർച്ച നടത്തേണ്ടതുണ്ട്. എല്ലാവരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളു''-മന്ത്രി വ്യക്തമാക്കി.
ഒമിക്രോൺ വ്യാപിച്ചതോടെ ദേശീയ ആരോഗ്യമന്ത്രാലയം അന്താരാഷ്ട്ര യാത്രക്കാർക്ക് ഞായറാഴ്ച പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. റിസ്‌ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റും നിർബന്ധമാക്കിയിരുന്നു.
Adjust Story Font
16