Quantcast

ഒമിക്രോൺ ഇന്ത്യയിലും; കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് അതിജാഗ്രത

കോവിഡ് ഒന്നാം തരംഗത്തിൽ നേരിടാൻ കേന്ദ്രം മുന്നോട്ടുവച്ച മാർഗനിർദേശങ്ങളെല്ലാം തുടരാനാണ് കേന്ദ്രത്തിന്റെ നിർദേശം. മാസ്‌ക് അടക്കമുള്ള മറ്റു നിയന്ത്രണങ്ങളും കടുപ്പിച്ചേക്കും

MediaOne Logo

Web Desk

  • Updated:

    2021-12-02 14:20:25.0

Published:

2 Dec 2021 11:09 AM GMT

ഒമിക്രോൺ ഇന്ത്യയിലും; കര്‍ണാടകയില്‍  രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് അതിജാഗ്രത
X

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാള്‍ വാർത്താസമ്മേളനം വിളിച്ച് രാജ്യത്തെ ഒമിക്രോൺ സാഹചര്യം അറിയിക്കുകയായിരുന്നു. രാജ്യത്ത് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാഗ്രത ശക്തമാക്കുകയും മുന്നൊരുക്കങ്ങൾ ഊർജിതമാക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചു.

ദക്ഷിണാഫ്രിക്ക സന്ദർശിച്ച രണ്ട് കർണാടക സ്വദേശികൾക്കാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവരാണ് ഇവര്‍. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസിന്റെ പ്രാധാന്യവും ഗൗരവവും കേന്ദ്രം ഉണര്‍ത്തിയിട്ടുണ്ട്. ഡെൽറ്റ വകഭേദത്തിന്റെ അഞ്ചിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇതേക്കുറിച്ച് ഐസിഎംആർ കൂടുതൽ പഠനം നടത്തിവരികയാണ്. അതേസമയം, കൂടുതല്‍ ആശങ്ക വേണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജാഗ്രത തുടരണം. കോവിഡ് ഒന്നാം തരംഗത്തിൽ നേരിടാൻ കേന്ദ്രം മുന്നോട്ടുവച്ച മാർഗനിർദേശങ്ങളെല്ലാം തുടരാനും നിർദേശമുണ്ട്. വാക്‌സിനേഷന്റെ വേഗം കൂട്ടാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.

രാജ്യത്ത് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ച പുതിയ സാഹചര്യം നേരിടാനുള്ള മുന്നൊരുക്കം ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 24 രാജ്യങ്ങളാണ് ഹൈ റിസ്‌ക് ഗണത്തിലുള്ളത്. അവിടങ്ങളില്‍നിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും ഏഴു ദിവസം ക്വാറന്റെയ്നും ഉണ്ടാകും. ഇതര രാജ്യങ്ങളിൽനിന്ന് വരുന്നവരിൽ രണ്ടു ശതമാനം പേർക്ക് ആർടിപിസിആർ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ വാക്സിൻ എടുത്തവരിൽ ഗുരുതര പ്രശ്നങ്ങൾ കാണിക്കുന്നില്ലെന്നാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള റിപ്പോർട്ട്. അതിനാൽ എല്ലാവരും വാക്സിനേഷൻ പൂർത്തിയാക്കണം. കേരളത്തിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മാസ്‌കും സാനിറ്റൈസറും നിർബന്ധമായി ഉപയോഗിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ മാസമാണ് ആദ്യമായി ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയിൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ 23 രാജ്യങ്ങളിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി കുറച്ചുമുൻപ് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. പുതിയ സ്ഥിതിഗതികളെ അതീവ ഗൗരവത്തോടെയാണ് തങ്ങൾ കാണുന്നതെന്നും എല്ലാ ലോകരാജ്യങ്ങളും ആ ഗൗരവം പുലർത്തണമെന്നും ഡബ്ല്യുഎച്ച്ഒ ഡയരക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ദക്ഷിണാഫ്രിക്ക(77 കേസുകൾ), ബ്രിട്ടൻ(22), ബോട്‌സ്വാന(19), നെതർലൻഡ്‌സ്(16), പോർച്ചുഗൽ(13), ഇറ്റലി(ഒൻപത്), ജർമനി(ഒൻപത്), ആസ്‌ട്രേലിയ(ഏഴ്), കാനഡ(ആറ്), ദക്ഷിണ കൊറിയ(അഞ്ച്), ഹോങ്കോങ്(നാല്), ഇസ്രായേൽ(നാല്), ഡെന്മാർക്ക്(നാല്), സ്വീഡൻ(മൂന്ന്), ബ്രസീൽ(മൂന്ന്), നൈജീരിയ(മൂന്ന്), സ്‌പെയിൻ(രണ്ട്), നോർവേ(രണ്ട്), ജപ്പാൻ(രണ്ട്), ആസ്ട്രിയ(ഒന്ന്), ബെൽജിയം(ഒന്ന്), ഫ്രാൻസ്(ഒന്ന്), ചെക്ക് റിപബ്ലിക്(ഒന്ന്) എന്നിവിടങ്ങളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചത്. പുതിയ വകഭേദത്തിൽ അത്ഭുതമില്ലെന്നും കോവിഡ് വ്യാപനം തുടരുന്ന കാലത്തോളം ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രതീക്ഷിക്കാമെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ പറഞ്ഞു. എന്നാല്‍, ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനു പകരം രോഗത്തിന്റെ അപകടം കുറയ്ക്കാൻ ആവശ്യമായ യുക്തിസഹമായ മറ്റു മാർഗങ്ങൾ അവലംബിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story