സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ടാറ്റ
ആദ്യഘട്ടത്തിൽ തന്നെ നടപടി സ്വീകരിക്കാൻ സാധിച്ചില്ലെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുമെന്നും ടാറ്റ
ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടാറ്റ. സംഭവം ഏറെ വേദനിപ്പിക്കുന്നതെന്ന് ടാറ്റ ചെയർമാർ എൻ ചന്ദ്രശേഖരൻ പ്രസ്താവനയില്‍ പറഞ്ഞു. ആദ്യഘട്ടത്തിൽ തന്നെ നടപടി സ്വീകരിക്കാൻ സാധിച്ചില്ലെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നടപടി ക്രമങ്ങൾ പുനഃപരിശോധിച്ച് മാറ്റങ്ങൾ വരുത്തുമെന്നും എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.
നവംബര്‍ 26-നായിരുന്നു സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുഎസ് ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയായ വെൽസ് ഫാർഗോയിൽ ഉന്നത പദവി വഹിച്ചിരുന്ന ശങ്കര്‍ മിശ്ര സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു. വിവരം പൊലീസില്‍ അറിയിക്കരുതെന്ന് മിശ്ര പിന്നീട് സഹയാത്രികയോട് കരഞ്ഞു പറഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നീട് എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗിര്‍ദ്ദേശങ്ങള്‍ പിന്നീട് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) പുറത്തിറക്കുകയും ചെയ്തു.
പ്രതിയായ ശങ്കര്‍ മിശ്രയെ ആറാഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ വെച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Adjust Story Font
16