ഒമിക്രോണ്‍: ഹൈറിസ്ക് പട്ടികയില്‍ രണ്ട് രാജ്യങ്ങള്‍ കൂടി, കൂടുതല്‍ പരിശോധനാഫലം ഇന്ന്
മധ്യപ്രദേശ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും പരിശോധനക്കയച്ച കൂടുതൽ സാംപിളുകളുടെ ഫലം ഇന്ന് പുറത്തുവന്നേക്കും
ഒമിക്രോൺ പശ്ചാത്തലത്തിൽ രണ്ട് രാജ്യങ്ങളെ കൂടി കേന്ദ്ര സര്‍ക്കാര്‍ ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെടുത്തി. ഘാന, ടാൻസാനിയ എന്നീ രാജ്യങ്ങളെയാണ് ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഈ രാജ്യങ്ങളിൽ നിന്നും തിരികെ എത്തുന്നവർ പുതിയ മാർഗനിർദേശങ്ങൾ പാലിക്കണം.
യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്സ്വാന, ചൈന, മൌറിഷ്യസ്, ന്യൂസിലാന്‍റ്, സിംബാബ‍്‍വെ, ഹോങ്കോങ്, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നിവയാണ് ഹൈറിസ്ക് പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍. ഹൈറിസ്ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും വിമാനത്താവളത്തില്‍ വെച്ച് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ക്വാറന്‍റൈന്‍ നിബന്ധനകളും പാലിക്കണം.
ഡല്‍ഹിയില്‍ ആദ്യമായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് ടാന്‍സാനിയയില്‍ നിന്നുവന്നയാള്‍ക്കാണ്. റാഞ്ചി സ്വദേശിയായ 37കാരന്‍, ടാന്‍സാനിയയില്‍ നിന്നും ദോഹയില്‍ പോയ ശേഷമാണ് ഡല്‍ഹിയില്‍ എത്തിയത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഇയാള്‍ക്കുള്ളൂ. ഡിസംബര്‍ രണ്ടിനാണ് ഇയാള്‍ വന്നത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും പരിശോധനക്കയച്ച കൂടുതൽ സാംപിളുകളുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. വിമാനത്താവളങ്ങളിൽ പരിശോധന ഊർജിതമാക്കാൻ വ്യോമയാന മന്ത്രാലയം നിർദേശം നൽകി. ഡെൽറ്റ വൈറസിനേക്കാൾ തീവ്രത കുറവാണ് ഒമിക്രോണിനെന്ന് അമേരിക്കയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞർ വ്യക്തമാക്കി.
Adjust Story Font
16