Quantcast

അബൂ ഉബൈദ; ഇസ്രായേൽ നുണക്കഥകൾ പൊളിച്ചടുക്കുന്ന പോരാളി

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാന ഉപകരണങ്ങളുണ്ടായിട്ടും അബൂ ഉബൈദ എവിടെയാണ് എന്ന് കണ്ടെത്താൻ ഇസ്രായേലിനായിട്ടില്ല.

MediaOne Logo

abs

  • Updated:

    2023-11-18 14:17:24.0

Published:

18 Nov 2023 11:48 AM GMT

അബൂ ഉബൈദ; ഇസ്രായേൽ നുണക്കഥകൾ പൊളിച്ചടുക്കുന്ന പോരാളി
X

ഇസ്രായേലിന്റെ നിഷ്ഠുരമായ ആക്രമണങ്ങൾക്കിടെ ഫലസ്തീനിയൻ ജനത ഇന്ന് ഏറ്റവും കൂടുതൽ കാതോർക്കുന്ന വാക്കുകളാണ് അൽ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂ ഉബൈദയുടേത്. ഒക്ടോബർ ഏഴിന് നടത്തിയ ഓപറേഷൻ ഫ്‌ളഡിന് ശേഷം നിരന്തരം മാധ്യമങ്ങൾക്ക് മുമ്പിലുണ്ട് അബൂ ഉബൈദ. പട്ടാള യൂണിഫോമിൽ കണ്ണു മാത്രം പുറത്തേക്ക് കാണുന്ന വിധത്തിൽ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് ഇദ്ദേഹം മാധ്യമങ്ങളുമായി സംവദിക്കാറുള്ളത്. ഗസ്സയിലെ ഇസ്രായേൽ നാശനഷ്ടത്തിന്റേയും ഹമാസ് പ്രതിരോധത്തിന്റെയും വിശദാംശങ്ങൾക്കായി ഓരോ ഫലസ്തീനിയും അബൂ ഉബൈദക്കായി കാതു കൂർപ്പിച്ചിരിക്കുന്നു. വേദന നിറഞ്ഞ നാളുകളിൽ ഫലസ്തീൻ ശൗര്യത്തിന്റെ മറുപേരായി മാറിയിരിക്കുന്നു അദ്ദേഹം.

യുദ്ധഭൂമിയിൽനിന്ന് ഇസ്രായേൽ തത്പര വാർത്തകൾ മാത്രം പുറംലോകത്തെത്തുന്ന വേളയിലാണ് അബൂ ഉബൈദയുടെ വാർത്താ സമ്മേളനവും റെക്കോഡിങ് സംഭാഷണങ്ങളും ശ്രദ്ധ നേടിയത്. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായ ഗസ്സയിൽ അബൂ ഉബൈദ നൽകുന്ന വിവരങ്ങൾക്കായി കാത്തിരിക്കുന്ന അറബ് മാധ്യമങ്ങളും നിരവധി. ഖസ്സാം ബ്രിഗേഡ് തകർത്ത ഇസ്രായേൽ ടാങ്കുകളുടെയും ആയുധങ്ങളുടെയും എണ്ണമടക്കം വസ്തുനിഷ്ഠമായ വിവരങ്ങളാണ് അദ്ദേഹത്തിന്റെ വാർത്താ സമ്മേളനങ്ങളുടെയും സംഭാഷണങ്ങളുടെയും സവിശേഷത.

ഇസ്രായേലിന്റെ കണ്ണിലെ കരട്

2002ലാണ് അബൂ ഉബൈദ ഔദ്യോഗികമായി ഹമാസിന്റെ ഭാഗമാകുന്നത്. അൽ ഖസ്സാം ബ്രിഗേഡിന്റെ ഫീൽഡ് ഉദ്യോഗസ്ഥനായി ആയിരുന്നു നിയോഗം. 2005ൽ ഗസ്സയിൽനിന്ന് ഇസ്രായേൽ പിന്മാറിയ ശേഷം ഖസ്സാം ബ്രിഗേഡിന്റെ വക്താവായി. അന്നു മുതൽ ഇസ്രായേലിന്റെ ഹിറ്റ്‌ലിസ്റ്റിലെ ആദ്യ കോളങ്ങളിൽ അബൂ ഉബൈദയുണ്ട്. ഇദ്ദേഹത്തെ വകവരുത്താൻ ജബലിയയിലെ വീടിനു നേരെ ഇസ്രായേൽ സേന ബോംബാക്രമണം നടത്തിയത് നാലു തവണയാണ്. 2008, 2012, 2014, 2023 വർഷങ്ങളിൽ. നാലു തവണയും അദ്ദേഹം രക്ഷപ്പെട്ടു. 2006 ജൂൺ അഞ്ചിനാണ് അൽ ഖസ്സാം വക്താവായി അബൂ ഉബൈദ ആദ്യമായി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. 18 വർഷമായി അത് തുടരുകയും ചെയ്യുന്നു.

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാന ഉപകരണങ്ങളുണ്ടായിട്ടും അബൂ ഉബൈദ എവിടെയാണ് എന്ന് കണ്ടെത്താൻ ഇസ്രായേലിനായിട്ടില്ല. ജബലിയയിൽ താമസിക്കുന്ന ഹുദൈഫ എന്നായളാണ് ഇദ്ദേഹം എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എന്നാൽ ഇതിന് വ്യക്തമായ തെളിവു നൽകാൻ ഇസ്രായേലിന് ആയിട്ടില്ല.

ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ അൽ അഖ്‌സ സ്‌റ്റോം ഓപറേഷനു ശേഷം അബു ഉബൈദ മാധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെടുകയും ഹമാസ് പോരാളികളുടെ വിജയത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തു.

ഫലസ്തീനിലെ മാത്രമല്ല, പല മധ്യേഷന്‍ രാഷ്ട്രങ്ങളിലെയും വീടുകൾ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർക്കാറുണ്ട്. കാറുകൾ, ഗ്യാരേജുകൾ എന്നിവിടങ്ങളിലിരുന്ന് ഇദ്ദേഹത്തിന്റെ സംപ്രേഷണം ഫലസ്തീനികൾ കേൾക്കുന്നതായി പ്രാദേശിക മാധ്യമപ്രവർത്തകർ റിപ്പോർട്ടു ചെയ്യുന്നു. ഫലസ്തീനിൽ സൂപ്പർ ഹീറോ പരിവേഷമാണ് അബൂ ഉബൈദക്കുള്ളതെന്നും മാധ്യമങ്ങൾ പറയുന്നു. ഇദ്ദേഹത്തെ കുറിച്ച് അറബിയിൽ മീമുകളും ഷോര്‍ട്ട് വീഡിയോകളും ധാരാളം ലഭ്യമാണ്.

നിലവിലെ സംഘർഷങ്ങൾക്കിടെ അബൂ ഉബൈദയുടെ പ്രസംഗം ഫലസ്തീനിലെ നിരവധി പള്ളികളിൽ ഉച്ച ഭാഷിണി വഴി പ്രക്ഷേപണം ചെയ്തിരുന്നു.



TAGS :

Next Story