കോവിഡ് പ്രതിസന്ധി: ആഗോള സാമ്പത്തികനില എക്കാലത്തെയും താഴ്ന്നനിലയിലേക്ക് കൂപ്പ് കുത്തുമെന്ന് ഐഎംഎഫ്
1930 ലെ മാന്ദ്യത്തേക്കാള്‍ ഇടിവ് നേരിടും; തിരിച്ചു കയറാന്‍ ഒരു വര്‍ഷമെടുക്കുമെന്നും വിലയിരുത്തല്‍
ആഗോള സാമ്പത്തിക അവസ്ഥ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ഈ വര്‍ഷം കൂപ്പുകുത്തുമെന്ന് ഇന്റര്‍നാഷണല്‍ മൊണസ്റ്ററിഫണ്ടിന്റെ മുന്നറിയിപ്പ്. കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന ഇടിവ് 1930ലെ ആഗോള മാന്ദ്യത്തേക്കാള്‍ കനത്തതാവും. 2021 ല്‍ മാത്രമാവും നേരിയ തോതിലെങ്കിലും സാമ്പത്തിക നിലയില്‍ മാറ്റമുണ്ടാവുകയെന്നും ഐ.എം.എഫ് പ്രതിനിധി ക്രിസ്റ്റലിന ജോര്‍ജിവ പറഞ്ഞു.
ബഹുഭൂരിപക്ഷം രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ലോകത്തെ സാമ്പത്തിക അവസ്ഥ പരുങ്ങലിലായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികള്‍ ഇനിയും രൂക്ഷമാകുമെന്നും അത് ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യമാവുമെന്നുമാണ് ഐ.എം.എഫ് പ്രതിനിധി ക്രിസ്റ്റലിന ജോര്‍ജിവ പറയുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങളും ലോക്ക്ഡൌണുമാണ് മാന്ദ്യത്തിന് കാരണമാകുക.
ബാങ്കിംഗ്, വ്യവസായം, നിര്‍മ്മാണം തുടങ്ങി സകല മേഖലകളിലും മാന്ദ്യം ആഘാതമേല്‍പ്പിക്കും. വികസിത രാജ്യങ്ങളെയും പ്രധാന വിപണികളെയുമാവും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
ഐ.എം.എഫ് അംഗങ്ങളായ 170 രാജ്യങ്ങള്‍ക്കും കോവിഡ് 19 മൂലം കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നും 2021 ല്‍ മാത്രമാവും നേരിയ തോതിലെങ്കിലും ഇതിനെ മറികടക്കാനാവുക ഉള്ളുവെന്നും ക്രിസ്റ്റലിന പറഞ്ഞു. സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് ലോക വ്യാപകമായി ജോലി സമയത്തില്‍ 6.7 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ ഈ വര്‍ഷം 195 മില്യണ്‍ ആളുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ തൊഴില്‍നഷ്ടം ഉണ്ടാകുമെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു.
Adjust Story Font
16