'എന്‍റെ ത്യാഗമല്ല, അച്ഛനായി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം': കരള്‍ പകുത്ത് നല്‍കാന്‍ നിയമ പോരാട്ടം നടത്തിയ ദേവനന്ദ
അച്ഛന് കരൾ പകുത്ത് നൽകാൻ 17കാരിയായ ദേവനന്ദക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നൽകിയത്.
തൃശൂര്‍: അച്ഛന് കരൾ പകുത്ത് നൽകുന്നത് തന്റെ ത്യാഗമല്ലെന്ന് തൃശൂർ സ്വദേശി ദേവനന്ദ. അച്ഛന് വേണ്ടി ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും തീരുമാനം സ്വയം എടുത്തതാണെന്നും ദേവനന്ദ പറഞ്ഞു. അച്ഛന് കരൾ പകുത്ത് നൽകാൻ 17കാരിയായ ദേവനന്ദക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നൽകിയത്.
അച്ഛന്റെ ജീവനാകാൻ കോടതി കനിഞ്ഞതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ദേവനന്ദയും കുടുംബവും. ഇക്കാര്യങ്ങൾ ആരും അറിയരുതെന്നാണ് വിചാരിച്ചത്. മാതൃകാപരമായ കാര്യമാണെന്ന് മറ്റുള്ളവരാണ് പറഞ്ഞതെന്ന് ദേവനന്ദ. ഇങ്ങനെ ഒരു മകളെക്കിട്ടിയതിൽ സന്തോഷമെന്ന് അച്ഛൻ പ്രതീഷ്. പല തവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ മകൾ തീരുമാനിക്കുകയായിരുന്നു.
ഗുരുതര കരള്‍ രോഗം കാരണം പ്രതീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് സാധ്യമായ ചികിത്സ എന്ന് ഡോക്ടര്‍മാരുടെ സംഘം വിധിച്ചിരുന്നു. 17 വയസു മാത്രം തികഞ്ഞ മകള്‍ ദേവനന്ദയുടെ കരള്‍ അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാല്‍ ദേവനന്ദ എന്ന 18 വയസ് തികയാത്ത കുട്ടിയില്‍ നിന്നും അവയവം സ്വീകരിക്കാന്‍ നിയമ തടസമുണ്ടായിരുന്നു. ദേവനന്ദ നല്‍കിയ റിട്ട് ഹര്‍ജിയിന്‍മേല്‍ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുകൂല വിധിയുണ്ടായത്.
കോടതിയുടെ നിര്‍ദേശ പ്രകാരം കെ-സോട്ടോ അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെക്കൂടി ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതി വിപുലീകരിക്കുകയും ചെയ്തു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ പരിശോധനയില്‍ കരള്‍ പകുത്തു നല്‍കുന്നതിനുള്ള ദേവനന്ദയുടെ തീരുമാനം സ്വന്തം നിലയിലാണെന്ന് കണ്ടെത്തി.
നിയമപരമായി വന്നുചേര്‍ന്ന പ്രതികൂല സാഹചര്യങ്ങളെ സ്ഥൈര്യത്തോടും ധീരതയോടും നേരിട്ട് തന്റെ പ്രിയ പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നല്‍കുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതില്‍ മാതാപിതാക്കള്‍ അനുഗൃഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. ഈ ചെറിയ പ്രായത്തിലും കരള്‍ പകുത്ത് നല്‍കാന്‍ തീരുമാനമെടുത്ത ദേവനന്ദയുടേത് ശക്തമായ പിതൃസ്‌നേഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Adjust Story Font
16