പെരിന്തല്‍മണ്ണയിലെ ലീഗ് വിമതരെ അനുനയിപ്പിക്കാന്‍ നേതൃത്വം ഇടപെടുന്നു
പെരിന്തല്‍മണ്ണയിലെ ലീഗ് വിമതരെ അനുനയിപ്പിക്കാന്‍ നേതൃത്വം ഇടപെടുന്നു
കുഞ്ഞാലികുട്ടി നേരിട്ടാണ് പ്രശ്നത്തില്‍ ഇടപെടുന്നത്. നേതൃത്വത്തിന് മുന്നില്‍ വിമതര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു
പെരിന്തല്‍മണ്ണയിലെ ലീഗ് വിമതരെ അനുനയിപ്പിക്കാന്‍ നേതൃത്വം ഇടപെടുന്നു. കുഞ്ഞാലികുട്ടി നേരിട്ടാണ് പ്രശ്നത്തില്‍ ഇടപെടുന്നത്. എന്നാല്‍ നേതൃത്വത്തിന് മുന്നില്‍ വിമതര്‍ വിവിധ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനം നടത്തി എന്ന് കണ്ടെത്തിയ നിരവധി പേരെയാണ് മുസ്ലിം ലീഗില്‍ നിന്നും സസ്പെന്‍റ് ചെയ്തത്. എന്നാല്‍ മഞ്ഞളാംകുഴി അലിയുടെ അണികളാണ് വിമതപ്രവര്‍ത്തനം നടത്തിയതെന്നാണ് പച്ചേരി ഫാറൂഖ് വിഭാഗം പറയുന്നത്. പച്ചീരി ഫാറൂഫിനെയടക്കം പാര്‍ട്ടിയില്‍ തിരിച്ചെടുക്കക, പിരിച്ച് വിട്ട ലീഗ് കമ്മറ്റികള്‍ പുനസംഘടിപ്പിക്കുക, വിമതപ്രവര്‍ത്തനം നടത്തി എന്ന് കണ്ടെത്തിയ അലിയുടെ അനുയായികള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയാണ് വിമതര്‍ നേതൃത്വത്തിന് മുന്നില്‍വെച്ച പ്രധാന ആവശ്യങ്ങള്‍.
മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന പച്ചേരി ഫാറൂഖിന് മണ്ഡലത്തില്‍ നിരവധി അണികളാണ് ഉളളത്. ഇതുകൊണ്ടുതന്നെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇവരുമായി നേതൃത്വം ചര്‍ച്ച നടത്തുന്നത്. നേതൃത്വവുമായുളള ചര്‍ച്ച പരാജയപ്പെട്ടാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതടക്കമുളള കാര്യങ്ങള്‍ ആലോചിക്കാന്‍ ഈമാസം 19ന് പ്രത്യക കണ്‍വെന്‍ഷനും വിമതര്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. നാലകത്ത് സൂപ്പി വിഭാഗവും അലിയുടെ സ്ഥനാര്‍ഥിത്വത്തിനെതിരെ രംഗത്തുണ്ട്. ഇവരുമായും നേതൃത്വം ചര്‍ച്ച നടത്തും. ഇടതുപക്ഷത്തുനിന്നും ലീഗിലെത്തിയ മഞ്ഞളാംകുഴി അലി പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ മാനിക്കുന്നില്ലെന്നാണ് ലീഗ് വിമതരുടെ പ്രധാന പരാതി. പെരിന്തല്‍മണ്ണയിലെ ലീഗിലെ മൂന്ന് വിഭാഗവുമായും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുളള നേതൃത്വം വിശദമായ ചര്‍ച്ച നടത്തും.
Adjust Story Font
16