കണ്ണൂരില്‍ കരുത്ത് കൂട്ടി ഇടത്; പതിനൊന്നു മണ്ഡലങ്ങളില്‍ എട്ടും ഇടത്തേക്ക്
കണ്ണൂരില്‍ കരുത്ത് കൂട്ടി ഇടത്; പതിനൊന്നു മണ്ഡലങ്ങളില്‍ എട്ടും ഇടത്തേക്ക്
കണ്ണൂരില്‍ ഇക്കുറി ഇടതു മുന്നണി ചരിത്രം രചിച്ചു. ആകെയുള്ള പതിനൊന്നു മണ്ഡലങ്ങളില്‍ എട്ടും ഇടത്തേക്ക്
കണ്ണൂരില്‍ ഇടതുപക്ഷത്തിന് ലഭിച്ചത് മിന്നുന്ന വിജയം. യുഡിഎഫിന്റെ രണ്ട് സീറ്റുകള്‍ പിടിച്ചതിനു പുറമേ നാലു സീറ്റുകളില്‍ നാല്‍പ്പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം നേടി എല്‍ഡി എഫ് കരുത്ത് കാട്ടി. കടുത്ത പോരാട്ടം നടന്ന അഴീക്കോട് ഉള്‍പ്പെടെ മൂന്നു സീറ്റുകള്‍ നിലനിര്‍ത്താനായതാണ് യുഡിഎഫിന്റെ ഏക ആശ്വാസം.
പ്രവചനങ്ങള്‍ തെറ്റിയില്ല. കണ്ണൂരില്‍ ഇക്കുറി ഇടതു മുന്നണി ചരിത്രം രചിച്ചു. ആകെയുള്ള പതിനൊന്നു മണ്ഡലങ്ങളില്‍ എട്ടും ഇടത്തേക്ക്. കൂത്തുപറമ്പില്‍ മന്ത്രി കെ പി മോഹനനെ 12291 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികെ കെ ശൈലജ ടീച്ചര്‍ സീറ്റ് പിടിച്ചെടുത്തത്.ഇടതു കോട്ടകളായ കല്ല്യാശേരിയിലും തളിപ്പറമ്പിലും മട്ടന്നൂരിലും പയ്യന്നൂരിലും ഭൂരിപക്ഷം നാല്‍പ്പതിനായിരം കടന്നത് യുഡിഎഫ് ക്യാമ്പിനെ അമ്പരിപ്പിച്ചു. പിണറായി വിജയന്‍ മത്സരിച്ച ധര്‍മടത്ത് യുഡിഎഫ് വോട്ടുകള്‍ പോലും ചോര്‍ന്നപ്പോള്‍ ഭൂരിപക്ഷം 35,000 കടന്നു. കണ്ണൂരില്‍ നിന്നും തലശേരിയിലേക്ക് മാറിയ അബ്ദുള്ളക്കുട്ടിയെ നിഷ്പ്രഭനാക്കി ഇടതു സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ നേടിയത് 34,000ത്തില്‍ പരം വോട്ടിന്‍റെ ഉജ്ജ്വലവിജയം.
യുഡിഎഫ് കോട്ടയായ കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ് പിടിച്ചത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. കണ്ണൂര്‍ലോക്സഭാ മണ്ഡലവും കോര്‍പ്പറേഷനും കൈവശമുള്ള എല്‍ഡിഎഫിന് ഇത് ഇരട്ടി മധുരവും. അതേ സമയം ഇഞ്ചാടിഞ്ച് പോരാട്ടം നടന്ന അഴീക്കോട് എം വി നികേഷ് കുമാറിനെ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കാന്‍ സാധിച്ചത് യുഡിഎഫിന് ആശ്വാസമായി. സ്ഥാനാര്‍ത്ഥിത്വം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട കെ സി ജോസഫ് ഇരിക്കൂര്‍ മണ്ഡലം നിലനിര്‍ത്തി കരുത്ത് കാട്ടി. ഇരിക്കൂറിനു പുറമേ വിമത ഭീഷണി നേരിട്ട പേരാവൂരും വിജയിക്കാനായതാണ് യുഡിഎഫിന് നേരിയ ആശ്വാസമായത്.
Adjust Story Font
16