നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കൂടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കൂടി
2011 ലേക്കാള്‍ രണ്ട് ശതമാനം കൂടുതലാണിത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 77.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2011 ലേക്കാള്‍ രണ്ട് ശതമാനം കൂടുതലാണിത്. പോളിംഗ് കൂടുതല്‍ കോഴിക്കോടും കുറവ് പത്തനംതിട്ടയിലുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനമായി പുറത്തുവിട്ട കണക്കാണിത്. 81.89 ശതമാനമാണ് കോഴിക്കോട്ടെ പോളിംഗ് ശതമാനം. പത്തനംതിട്ടയില്‍ 71.66 ശതമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
12 ജില്ലകളില്‍ പോളിംഗ് 70 ശതമാനം കടന്നു. ആലപ്പുഴയിലും വയനാട്ടിലും കണ്ണൂരിലും മികച്ച പോളിംഗ് നടന്നു. വടക്കന്‍ ജില്ലകളിലാണ് പൊതുവെ ഉയര്‍ന്ന പോളിംഗ് ശതമാനമുണ്ടായത്. തെക്കന്‍ ജില്ലകളിലാണ് പോളിംഗ് ശതമാനം കുറവ്. അവസാന മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും മികച്ച പോളിംഗ് തന്നെ നടന്നു. പൊതുവെ സമാധാനപരമായാണ് പോളിംഗ് നടന്നത്. ചിലയിടങ്ങളില്‍ മഴ വോട്ടെടുപ്പിനെ ബാധിച്ചു.
തെക്കന്‍ ജില്ലകളില്‍ പതിവുപോലെ സംസ്ഥാന ശരാശരിയിലും താഴെയാണ് പോളിങ് ശതമാനം. എന്നാല്‍ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാള്‍ വര്‍ധിക്കുകയും ചെയ്തു. ഇത് ആരെ തുണക്കുമെന്ന് പ്രവചിക്കാനാകാത്ത നിലയിലാണ്.
തിരുവനന്തപുരത്ത് ത്രികോണ മത്സരം നടന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് ശതമാനം വര്‍ധിച്ചത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പുറമെ, എന്‍ഡിഎയുടെ ശക്തമായ സാന്നിധ്യം കൂടിയായപ്പോഴാണ് ഇവിടങ്ങളില്‍ പോളിങ് വര്‍ധിച്ചത്. എന്നാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് സ്വാധീനമുള്ള മേഖലയില്‍ മാത്രമല്ല വര്‍ധനവ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം മത്സരഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് പറയാനാവില്ല. അതേസമയം, നേമത്ത് പോളിങ്ങില്‍ യുഡിഎഫ് ഏറെക്കുറെ തണുപ്പന്‍ മട്ടായിരുന്നു.
ഇവിടെ എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമായി മാറി. ഇതിന് പുറമെ, ഇരു മുന്നണികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന നെടുമങ്ങാട്, പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലും പോളിങ് ശതമാനം വര്‍ധിച്ചു. ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടതുമുന്നണി വിലയിരുത്തല്‍.
കൊല്ലം ജില്ലയില്‍ ഇരവിപുരത്തും കരുനാഗപ്പള്ളിയിലും പോളിങ് 5 ശതമാനത്തോളം വര്‍ധിച്ചു. അതേസമയം, ചവറയില്‍ കഴിഞ്ഞതവണത്തേക്കാള്‍ കുറവാണ് പോളിങ്. മറ്റിടങ്ങളിലും കഴിഞ്ഞ തവണത്തെക്കാള്‍ നേരിയ വര്‍ധവുണ്ടായി. കൊല്ലത്തെ പോളിങ് വര്‍ധനവ് ഇടതിന് അനുകൂലമാവുമെന്നാണ് വിലയിരുത്തല്‍.
പത്തനംതിട്ടയില്‍ ത്രികോണ പോരാട്ടം നടന്ന ആറന്മുളയില്‍ പോളിങ് 5 ശതമാനം വര്‍ധിച്ചു. അടൂരിലാണ് ജില്ലയിലെ ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയത്. പ്രചാരണ രംഗത്ത് കണ്ട വീറും വാശിയും തന്നെയാണ് പോളിങ്ങിലും പ്രതിഫലിച്ചത്.
മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ മത്സരിച്ച മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ ഇത്തവണയും ശക്തമായ പോളിംഗാണ് നടന്നത്. പോളിംഗ് ശതമാനം വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് യുഡിഎഫും എല്‍ഡിഎഫും പറയുമ്പോള്‍ ചില അട്ടിമറികള്‍ നടക്കുമെന്നാണ് എന്‍ഡിഎ നേതൃത്വം കണക്ക് കൂട്ടുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, പി സി ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ്, പി ജെ ജോസഫ് തുടങ്ങിയ നിരവധി പ്രമുഖ നേതാക്കള്‍ ജനവിധി തേടിയത് മധ്യകേരളത്തിലെ മണ്ഡലങ്ങളില് നിന്നാണ്. കഴിഞ്ഞ തവണത്തെക്കാള്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ഇവര്‍ പറയുന്നതും.
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും കോട്ടയവും ചങ്ങനാശേരിയും അടക്കം യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ എല്ലാം നിലനിര്‍ത്തുമെന്ന് പറയുമ്പോള്‍ പാലായിലും ചങ്ങനാശേരിയിലുമടക്കം ചില അട്ടിമറികള്‍ നടത്താനാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. പൂഞ്ഞാറില്‍ പി സി ജോര്‍ജ്
വിജയപ്രതീക്ഷയിലാണ്.
എറണാകുളം ജില്ലയും യുഡിഎഫ് മേധാവിത്വമുള്ള ജില്ലയാണെങ്കിലും കൊച്ചിയും പിറവവും തങ്ങള്‍ക്കൊപ്പമാകുമെന്നാണ് ഇടത് മുന്നണി പറയുന്നത്. എന്നാല്‍ പെരുമ്പാവൂരിലും അങ്കമാലിയിലും ഇടത് കോട്ടകള്‍ തകരുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. അതേസമയം തൃപ്പൂണിതുറയടക്കമുള്ള മണ്ഡലങ്ങളിള്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകുമെന്നും പറയപ്പെടുന്നു.
ഇടുക്കിയിലും ഉടുമ്പന്‍ചോലയിലും ബിഡിജെഎസ്-ബിജെപി സഖ്യം സമാനമായ വെല്ലുവിളി ഇരുമുന്നണികള്‍ക്കും ഉയര്‍ത്തുന്നുണ്ട്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതും ഈ വോട്ടുകളാകും. കൂടാതെ എഐഡിഎംകെ പീരുമേട് മണ്ഡലത്തില്‍ പിടിക്കുന്ന വോട്ടും നിര്‍ണായകമാണ്. അതേസമയം തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. സിറ്റിംഗ് സീറ്റുകള്‍ക്ക് പുറമേ തൃശ്ശൂരടക്കമുള്ള യുഡിഎഫ് മണ്ഡലങ്ങളിലും ചില അട്ടിമറികള്‍ ഇവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്ക് കൂട്ടല്‍.
വടക്കന്‍ കേരളത്തിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും
കൂടിയ പോളിംഗാണ് നടന്നത്. പല ജില്ലകളിലും ഇടയ്ക്കിടെ മഴ പെയ്തെങ്കിലും ഇതൊന്നും പോളിംഗ് ശതമാനത്തെ ബാധിച്ചില്ല. ആദ്യ മണിക്കൂറുകളില്‍ തന്നെ വടക്കന്‍ കേരളത്തിലെ ബൂത്തുകളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു ശക്തമായ പോളിംഗ്.
കാസര്‍കോഡ് ജില്ലയില്‍ ശക്തമായ മത്സരം നടക്കുന്ന ഉദുമയിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ പോളിംഗ് സമയം കഴിഞ്ഞിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിര നീണ്ടു. കനത്ത മത്സരം നടക്കുന്ന കൂത്തുപറമ്പിലാണ് പോളിംഗ് ശതമാനം കൂടുതല്‍. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും ശക്തമായ മത്സരമുളള അഴീക്കോടും മട്ടന്നൂര്‍, പയ്യന്നൂര്‍ മണ്ഡലങ്ങളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ജില്ലയില്‍ ത്രികോണമത്സരം നടക്കുന്ന വടകരയിലാണ് ആദ്യമണിക്കൂറുകളില്‍ പോളിംഗ് നിരക്ക് ഉയര്‍ന്നത്. കുറ്റ്യാടി എലത്തൂര്‍ മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ ഒഴുക്കുണ്ടായി. വോട്ടിംഗ് സമയം കഴിഞ്ഞ് ഏറെ വൈകിയും പല ബൂത്തുകളിലും വോട്ടുചെയ്യാനെത്തിയവരുടെ നിര കൂടി. 6 മണിക്ക് മുമ്പെത്തിയവര്‍ക്ക് വോട്ട് ചെയ്യാന്‍ ടോക്കണ്‍ നല്കി. ശക്തമായ മത്സരം നടന്ന നിലമ്പൂര്‍, താനൂര്‍ മണ്ഡലങ്ങളിലായിരുന്നു കനത്ത പോളിംഗ്.
പരമാവധി വോട്ടര്‍മാരെ രാവിലെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തുകളിലേക്കെത്തിച്ചു.
പാലക്കാട് മഴ പെയ്തെങ്കിലും പോളിംഗിനെ ബാധിച്ചില്ല. എല്ലാ മണ്ഡലങ്ങളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. വി എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കൂടിയ പോളിംഗാണ് ഇത്തവണത്തേത്.
വയനാട് ജില്ലയില്‍ തോട്ടം മേഖലകളിലും ആദിവാസി മേഖലകളിലും ഉച്ചക്ക് മുമ്പു തന്നെ വോട്ടര്‍മാരുടെ വലിയ നിരതന്നെ വോട്ടുരേഖപ്പെടുത്താനെത്തിയിരുന്നു.
വയനാട് ജില്ലയില്‍ പോളിങ് ശതമാനം ഉയര്‍ന്നതോടെ, ഇരു മുന്നണികളുടെയും ഒപ്പം എന്‍ഡിഎയുടെയും പ്രതീക്ഷകള്‍ വാനോളമാണ്. 2011 ല്‍ 73.8 ശതമാനമായിരുന്ന വോട്ടിങ് ഇക്കുറി അഞ്ച് ശതമാനം ഉയര്‍ന്ന് 78.07 ശതമാനത്തിലെത്തി. ശക്തമായ മത്സരം നടക്കുന്ന വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്ക്, പോളിങ് ഉയര്‍ന്നത് വിജയ പ്രതീക്ഷയും ഒപ്പം ആശങ്കയും വര്‍ധിപ്പിയ്ക്കുന്നു. എഴുപതിനായിരത്തില്‍ അധികം വോട്ടുകള്‍ ഇത്തവണ അധികമായി ജില്ലയിലുണ്ട്.
വയനാട്ടിലെ ഓരോ മണ്ഡലത്തിലും നാല് മുതല്‍ അഞ്ച് ശതമാനം വരെ പോളിങ് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിലും, മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. പഞ്ചായത്ത് വാര്‍ഡുകളില്‍ നേടുന്ന ഭൂരിപക്ഷം പോലും നോക്കിയാണ് മുന്നണികള്‍ വിജയവും പരാജയവും കണക്കു കൂട്ടിയിരുന്നത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള സുല്‍ത്താന്‍ ബത്തേരിയില്‍ പോളിങ് 78.32 ശതമാണ്. ബിഡിജെഎസിന് സ്വാധീനമുള്ള മൂന്ന് പഞ്ചായത്തുകള്‍, എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ.ജാനുവിന് പ്രതീക്ഷയാവുന്നു. എസ്എന്‍ഡിപി വോട്ടുകള്‍ കാലങ്ങളായി യുഡിഎഫിന് ലഭിച്ചിരുന്നതിനാല്‍ തന്നെ ബത്തേരിയില്‍ എല്‍ഡിഎഫും വിജയ പ്രതീക്ഷയിലാണ്. പരമ്പരാഗത ആദിവാസി വോട്ടുകളില്‍ ഭിന്നിപ്പുണ്ടാവില്ലെന്ന വിശ്വാസമാണ് യുഡിഎഫിനുള്ളത്.
മാനന്തവാടിയില്‍, 77.67 ശതമാനമാണ് പോളിങ്. ഈ മണ്ഡലത്തിലെ അവസ്ഥയും മറിച്ചല്ല. ആദിവാസി വിഭാഗത്തിലുള്ളവര്‍ ഏറെയുള്ള മണ്ഡലത്തില്‍ തിരുനെല്ലി പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമുള്ള മേല്‍ക്കൈയാണ് എല്‍ഡിഎഫിന് അനുകൂല ഘടകം. വെള്ളമുണ്ട, തവിഞ്ഞാല്‍, പനമരം പഞ്ചായത്തുകളിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.
പൂര്‍ണമായും തോട്ടം മേഖലയായ കല്‍പറ്റയിലാണ് ജില്ലയില്‍ കൂടുതല്‍ പോളിങ് നടന്നത്. 78.48 ശതമാനം. തോട്ടം മേഖലയിലെ പഞ്ചായത്തുകളായ വൈത്തിരി, പൊഴുതന എന്നിവിടങ്ങളിലും കാര്‍ഷിക മേഖലയായ കോട്ടത്തറ പഞ്ചായത്തിലുമാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. തോട്ടം മേഖലയിലെ തന്നെ, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളും ഇടത്തട്ടുകാര്‍ ധാരാളമായുള്ള മുട്ടില്‍, കണിയാമ്പറ്റ, വെങ്ങപ്പള്ളി പഞ്ചായത്തും കല്‍പറ്റ നഗരസഭയും യുഡിഎഫിന്റെ പ്രതീക്ഷ വര്‍ധിപ്പിയ്ക്കുന്നു.
പാര്‍ലമെന്റ് തിരഞ്ഞടുപ്പും തുടര്‍ന്നു വന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനം ഉയര്‍ത്തിയ ബിജെപി എന്‍ഡിഎയിലൂടെ ശക്തി പ്രാപിച്ചതും ജില്ലയിലെ വോട്ടിങ് ശതമാന വര്‍ധനവിന് കാരണമായേക്കാം. മൂന്ന് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രചാരണം നടത്തിയിരുന്നത്. പലയിടങ്ങളിലായി ചിതറി കിടന്നിരുന്ന വോട്ടുകളെല്ലാം പെട്ടിയിലാക്കാന്‍ സാധിച്ചുവെന്നാണ് പോളിങ്ങിനു ശേഷം എന്‍ഡിഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. ഇത് കൃത്യമാണെങ്കില്‍, എന്‍ഡിഎ നേടുന്ന വോട്ടുകളായിരിക്കും ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും ജയപരാജയങ്ങളില്‍ നിര്‍ണായകമാകുക.
Adjust Story Font
16