Quantcast

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ലീഗ് യോഗം നാളെ

MediaOne Logo

admin

  • Published:

    27 May 2018 12:30 PM GMT

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ലീഗ് യോഗം നാളെ
X

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ലീഗ് യോഗം നാളെ

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി നാളെ യോഗം ചേരും.

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി നാളെ യോഗം ചേരും. രാവിലെ പത്തിന് കോഴിക്കോട് ലീഗ് ഹൌസിലാണ് യോഗം.

ഇടതു തരംഗം ആഞ്ഞടിച്ചിട്ടും 18 സീറ്റില്‍ വിജയിച്ച് പിടിച്ചുനില്‍ക്കാനായതിന്റെ ആശ്വാസം മുസ്ലിം ലീഗിനുണ്ട്. എന്നാല്‍ കൊടുവള്ളി, താനൂര്‍ മണ്ഡലങ്ങളില്‍ തോറ്റതും വിജയിച്ച മണ്ഡലങ്ങളില്‍ പലതിലും ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞതും പാര്‍ട്ടി ഗൌരവമായാണ്
കാണുന്നത്.

കൊടുവള്ളിയിലെ തോല്‍വിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പിഴവാണ് കാരണമായതെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്. തോല്‍വിക്ക് ശേഷം കൊടുവള്ളിയില്‍ സംഘടനാ പ്രശ്നങ്ങള്‍ രൂക്ഷമായതിനാല്‍ ജില്ലാ നേതൃത്വം സംഘടനാതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂരില്‍ പി എം സാദിഖലിയെ പാര്‍ട്ടിയിലെ ഒരു വിഭാഗം കാലുവാരിയെന്ന ആക്ഷേപമുണ്ട്. മങ്കട, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളിലെ ഭൂരിപക്ഷം കുറഞ്ഞതില്‍ അപകട സന്ദേശമുണ്ടെന്ന് പാര്‍ട്ടി കണക്കാക്കുന്നു. എക്കാലത്തും ലീഗിനൊപ്പം നിന്ന ഇ കെ സുന്നികളില്‍ ഒരു വിഭാഗം ഇടതുമുന്നണിയോട് അടുക്കുന്നതിലെ അപകടവും പാര്‍ട്ടി കാണുന്നുണ്ട്.

മണ്ണാര്‍ക്കാട്ട് ലീഗിനെതിരെ പരസ്യ നിലപാടെടുത്ത കാന്തപുരത്തോട് ഇനി മൃദുസമീപനം വേണ്ടതില്ലെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. കാന്തപുരത്തെ കടന്നാക്രമിക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയരാനും സാധ്യതയുണ്ട്. മുസ്ലിം ലീഗ് അണികളുമായും മുസ്ലിം സംഘടനകളുമായും മികച്ച ബന്ധമുള്ള കെ ടി ജലീല്‍ മന്ത്രിയായത് പാര്‍ട്ടിക്ക് രാഷ്ട്രീയമായ വെല്ലുവിളിയാണ്. ഈ സാഹചര്യങ്ങളെല്ലാം എങ്ങനെ നേരിടുമെന്ന വിശദമായ ചര്‍ച്ചയും യോഗത്തില്‍ നടക്കും. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ടും യോഗത്തിന്റെ പരിഗണനക്ക് വരും.

TAGS :

Next Story