മലപ്പുറം വാഴക്കാട് വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന് നാട്ടുകാര്‍
യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു
മലപ്പുറം വാഴക്കാട് വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് നാട്ടുകാര്‍. അപകടത്തില്‍ പരിക്കേറ്റ കുറ്റ്യോട്ട് മുബഷിറും ഇന്നോവ ഡ്രൈവര്‍ ഖാദറും തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. മകനെ കൊന്നതാണെന്ന് മരിച്ച ആസിഫിന്‍റെ പിതാവും പറഞ്ഞു. തിരുവാലൂര്‍ സ്വദേശി ഖാദറിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. കാലത്ത് പത്തരക്ക് വാഴക്കാട് പൊലീസ് സ്റ്റേഷനു മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രികനായ തിരുവാലൂര്‍ സ്വദേശി ചീനിക്കുഴി ആസിഫ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ മരിച്ചു. അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട കുറ്റ്യോട്ട് മുബഷിര്‍ ചികിത്സയിലാണ്. പരിക്കേറ്റ മുബഷിറും ഇന്നോവ ഡ്രൈവര്‍ തിരുവാലൂര്‍ സ്വദേശി ഖാദറും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കമുണ്ടായിരുന്നതായും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഗള്‍ഫില്‍ നിന്നെത്തിയ മുബഷിര്‍ ഖാദറിനെ അടിച്ച കേസില്‍ ഇന്നലെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
മുബഷിറിനെ വധിക്കാന്‍ ലക്ഷ്യമിട്ട ആക്രമണത്തില്‍ തന്‍റെ മകന്‍ ഇരയാവുകയായിരുന്നെന്ന് മരിച്ച ആസിഫിന്‍റെ പിതാവ് പ്രതികരിച്ചു. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇന്നോവ ഡ്രൈവര്‍ ഖാദറിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാഴക്കാട്ടെ മുടക്കുവഴി മലമുകളിലും സമീപ പ്രദേശങ്ങളായ ഒളവട്ടൂര്‍ അനന്തായൂര്‍ എന്നിവിടങ്ങളിലുമാണ് പ്രതിക്കായി തെരച്ചില്‍ നടക്കുന്നത്. സാധാരണ വാഹനാപകടമായി സംഭവത്തെ കാണരുതെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Adjust Story Font
16