ഉള്ളില്‍ ലഹരിയുണ്ടോ, പിടിവീഴും: ആല്‍കോ സ്കാന്‍ വാനുമായി കേരള പൊലീസ്
രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് കേരള പൊലീസ്
മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ആല്‍കോ സ്കാന്‍ വാനുമായി കേരള പൊലീസ്. ഉമിനീര്‍ പരിശോധിച്ചാണ് ഉള്ളില്‍ ലഹരിയുണ്ടോയെന്ന് കണ്ടെത്തുക. മദ്യപിച്ച് വാഹനം ഓടിക്കുന്നതിലൂടെ അപകടങ്ങളുണ്ടാകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് പൊലീസ് അറിയിച്ചു.
മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധന നടത്താനാകും എന്നതാണ് ആല്‍കോ സ്കാന്‍ വാനിന്‍റെ പ്രത്യേകത. രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് കേരള പൊലീസ് അറിയിച്ചു. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും എത്തിക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കും.
റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഫ്ലാഗ് ഓഫും ആഗസ്റ്റ് 30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മസ്കറ്റ് ഹോട്ടലില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കുക.
Adjust Story Font
16