'അധിക പൊലീസ് സുരക്ഷ ചേരാത്ത നടപടി'; സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം
''കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രവർത്തനങ്ങൾ പരാജയം''
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ അധിക പൊലീസ് സുരക്ഷ ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ഇത് ജനങ്ങളിൽ നിന്നും അകറ്റാനിടയാക്കുമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും നിയമനത്തിലും വിമർശനം ഉയര്‍ന്നിട്ടുണ്ട്. വിവാദങ്ങളിൽ പെട്ടവരെ മന്ത്രിമാർ അറിയാതെ സിപിഐ യുടെ വകുപ്പുകളിൽ നിയോഗിക്കുകയാണ്. സഹകരണ മേഖലയിൽ ഇടത് കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതകളുണ്ടെന്ന് പ്രവർത്തനറിപ്പോർട്ടില്‍ പറയുന്നു.
കൂടാതെ കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്നും വിമർശനമുണ്ടായി. ജില്ലയിലെ സഹകരണ ബാങ്കുകളിൽ എൽഡിഎഫ് കാഴ്ചപ്പാടിന് വിരുദ്ധമായുള്ള പ്രവർത്തനങ്ങൾ സിപിഎമ്മിൽ നിന്നുണ്ടാകുന്നതായി പ്രവർത്തന റിപ്പോർട്ടിലുണ്ട്. ഇത് ജനങ്ങൾക്ക് മുന്നണിയിലുള്ള വിശ്വാസം തകർത്താനിടയാകുമെന്നും പറയുന്നു.
ക്യാമ്പസുകളിൽ എസ്എഫ്‌ഐയെ കൂടി എഐഎസ്എഫിന് നേരിടേണ്ടിവരുന്നുവെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. എബിവിപിയും കെഎസ്‌യുവും ജയിച്ചാലും എഐഎസ്എഫ് ജയിക്കരുതെന്നാണ് എസ്എഫഐ ചിന്തിക്കുന്നത്. എൽഡിഎഫ് ഘടകകക്ഷികളിൽ സിപിഎമ്മിനും സിപിഐക്കും മാത്രമാണ് ജില്ലയിൽ വേരോട്ടമുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ജില്ലാ സമ്മേളനം ശനിയാഴ്ച സമാപിക്കും.
Adjust Story Font
16