ഒമിക്രോൺ ഭീതിക്കിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
ഒമിക്രോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ചയാകും.
ഒമിക്രോൺ ഭീതിക്കിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഒമിക്രോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ചയാകും. സ്കൂളുകളിൽ ക്ലാസ് സമയം സാധാരണ നിലയിലാക്കണമെന്ന ശിപാർശയിലും തീരുമാനമുണ്ടാകും. വ്യക്തമായ കാരണമില്ലാതെ വാക്സിൻ എടുക്കാൻ വിമുഖത കാട്ടുന്ന അധ്യാപകർക്ക് നിർബന്ധിത അവധി നിർദേശിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കാണ് സർക്കാർ നീക്കം. തിയേറ്ററുകളിൽ പ്രവേശനത്തിന് കൂടുതൽ ഇളവുകളും തീരുമാനിച്ചേക്കും.
കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ചാണ് മുൻകരുതൽ നടപടികളെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പല രാജ്യങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍ വേണം. എട്ടാം ദിവസം പരിശോധന നടത്തണം. സംസ്ഥാനത്ത് ഇതുവരെ വൈറസ് വകഭേദം കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോളതലത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വൈറസിന്‍റെ പ്രത്യേകത കണക്കിലെടുത്താല്‍ ലോകത്ത് വീണ്ടും കോവിഡ് തരംഗത്തിന് സാധ്യതയേറെയാണെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നു.
Adjust Story Font
16