കേരളത്തിന്‍റെ കോവിഡ് പ്രതിരോധം ഫലപ്രദം: മുഖ്യമന്ത്രി
കേരളത്തിന് 60ലക്ഷം ഡോസ് വാക്സിന്‍ കൂടി അനുവദിക്കണമെന്നും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു
കേരളത്തിന്‍റെ കോവിഡ് പ്രതിരോധം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തില്‍ മരണനിരക്ക് കുറവാണ്. കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ കേരളത്തിനായെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
കേരളത്തിന് 60ലക്ഷം ഡോസ് വാക്സിന്‍ കൂടി അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 1.17 കോടി പേര്‍ക്ക് ആദ്യ ഡോസ് വക്സിനും 44,18 ലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വാക്സിനും നല്‍കി. ഒട്ടും നഷ്ടപ്പെടാതെ ഏറ്റവും വേഗത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇതു കണക്കിലെടുത്ത് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ടി.പി.ആര്‍ 30 ശതമാനത്തിന് അടുത്തെത്തുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ അത് 10.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കൃത്യമായ പരിശോധന, ക്വാറന്‍റൈന്‍ സംവിധാനം, ഫലപ്രദമായ ചികിത്സ എന്നിവയിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ കേരളത്തിന് സാധിച്ചു. അതിനാലാണ് മരണനിരക്ക് 0.48ശതമാനമായി പിടിച്ചു നിര്‍ത്തായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. മൂന്നാം തരംഗം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മൈക്രോ കണ്ടൈൻമെന്‍റ് സോണുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തിയത്.
Adjust Story Font
16