‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്
രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശവും തെളിവായി നൽകി
കണ്ണൂർ: പാർട്ടി വിട്ട ഡി.വൈ.എഫ്.ഐ മുൻ നേതാവ് മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. ശബ്ദസന്ദേശം അടക്കമുള്ള തെളിവുകളും പരാതിക്കൊപ്പം നൽകിയതായും കത്ത് വ്യക്തമാക്കുന്നു.
2022 ഏപ്രിലിലാണ് അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന മനു തോമസ് പാർട്ടിക്ക് പരാതി നൽകിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്ന് ഷാജർ തനിക്കെതിരെ നീക്കം നടത്തുന്നുവെന്നായിരുന്നു പരാതി. രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശവും തെളിവായി നൽകി.
എന്നാൽ, പരാതിയിൽ ഒരു വർഷത്തോളം അന്വേഷണം ഒന്നുമുണ്ടായില്ല. ഒടുവിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധ കുറവുണ്ടാകരുതെന്ന് പരാമർശമായിരുന്നു കമ്മീഷൻ റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം.
പിന്നാലെയാണ് മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല ഷാജറിന് യുവജന കമ്മീഷൻ ചെയർമാനായി നിയമനവും നൽകി. ഇതോടെയാണ് മനു തോമസ് പാർട്ടി വിട്ടത്.
അതേസമയം, മനു തോമസിനെതിരെ പരസ്യ വിമർശനവുമായി സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്തുവന്നു. മാധ്യമങ്ങളുടെ സി.പി.എം വിരുദ്ധതയാണ് മനുവിന് പോരാളി പരിവേഷം നൽകുന്നത്. 15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16