മൂന്നാർ-ബോഡിമെട്ട് റോഡ് ഈ മാസം 17 ന് നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും
ആറ് വർഷം കൊണ്ടാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ റോഡിൻ്റെ നവീകരണം പൂർത്തീകരിച്ചത്
ഇടുക്കി: ഇടുക്കിയുടെ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി നിർമാണം പൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ട് റോഡ് ഈ മാസം 17 ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ റോഡിൻ്റെ നവീകരണം ആറ് വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. ജില്ലയിലെ ആദ്യ ടോൾപ്ലാസയും പ്രവർത്തന സജ്ജമായി.
381.76 കോടി ചിലവഴിച്ചാണ് 42 കിലോമീറ്റർ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 2017 ൽ നിർമാണ ജോലികൾ തുടങ്ങി. നാല് മീറ്റർ റോഡിന്റെ വീതി പതിനഞ്ച് മീറ്ററായി കൂട്ടി. റോഡ് കടന്ന് പോകുന്ന മൂന്നര കിലോമീറ്റർ വനഭൂമിയാണ്. ദേവികുളം ഗ്യാപ്പ് റോഡിൽ തുടർച്ചയായി മണ്ണിടിഞ്ഞതും വനം വകുപ്പുന്നയിച്ച നിയമപ്രശ്നങ്ങളുമെല്ലാം അതിജീവിച്ചായിരുന്നു നിർമാണം.
കരാറുകാരെ പ്രതിക്കൂട്ടിലാക്കിയുള്ള അഴിമതിയാരോപണങ്ങളും ഉയർന്നു. ദേശീയപാതയുടെ ഉദ്ഘാടനം കഴിയുന്നതോടെ ജില്ലയിലെ ആദ്യ ടോൾപ്ലാസയും നിലവിൽ വരും. ദേവികുളം ലാക്കാട് ഭാഗത്താണ് ടോൾ പ്ലാസ നിർമിച്ചിട്ടുള്ളത്. മുഖം മിനുക്കിയ പാത മൂന്നാറിൻ്റെ വിനോദ സഞ്ചാരമേഖലക്കും മുതൽക്കൂട്ടാകും.
Adjust Story Font
16