വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി ദുല്‍ഖിഫിലിന് നോട്ടീസ്
യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റിനെ മുന്‍നിര്‍ത്തിയാണ് ദുല്‍ഖിഫിലിക്കും നോട്ടീസ് നല്‍കിയത്
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വി.പി ദുല്‍ഖിഫിലിന് നോട്ടീസ്. മൊഴി നല്‍കാന്‍ നാളെ തിരുവനന്തപുരത്ത് ഹാജരാകാനാണ് നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റിനെ മുന്‍നിര്‍ത്തിയാണ് ദുല്‍ഖിഫിലിക്കും നോട്ടീസ് നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു വിമാനപ്രതിഷേധ ചര്‍ച്ച നടന്നത്. വാട്‌സാപ്പ് ചാറ്റ് പുറത്തുവന്നതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശബരിനാഥനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ വാട്‌സ്ആപ്പ് ചാറ്റ് മുന്‍നിര്‍ത്തിയാണ് ദുല്‍ഖിഫിലിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുറത്തുവന്ന ചാറ്റിൽ 'ഈ സമരം പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കു'മെന്ന് ദുല്‍ഖിഫില്‍ പറയുന്നുണ്ട്. ഇതാണ് ചോദ്യം ചെയ്യലിന് വഴിവെച്ചത്. നോട്ടീസ് കൈപ്പറ്റിയതായി ദുല്‍ഖിഫില്‍ സ്ഥിരീകരിച്ചു. എന്നാല്‍ 13-ാം തിയതി ഹാജരാവാന്‍ അസൗകര്യമുണ്ടെന്നും ദിവസം നീട്ടി ചോദിക്കുമെന്നും ദുല്‍ഖിഫില്‍ പറഞ്ഞു.
Adjust Story Font
16