മലപ്പുറത്തും ഒമിക്രോൺ
ഈ മാസം 14 ന് ഷാർജയിൽ നിന്നെത്തിയ 36 കാരൻ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്
മലപ്പുറത്തും കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാർജയിൽ നിന്നെത്തിയ 36 കാരൻ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിൽ തുടരുകയാണ്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോഗവ്യാപന തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നും കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി വി.കെ പോള്‍ അറിയിച്ചു.
ഒമിക്രോണ്‍ വ്യാപനം യൂറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യു.കെയിൽ റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ 65,000 കേസുകളാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ജനസംഖ്യ കൂടി കണക്കിലെടുത്താല്‍ പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടാകും. അനാവശ്യ യാത്രകൾ, ആള്‍ക്കൂട്ടം, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്നും വി.കെ പോള്‍ പറഞ്ഞു.
നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിന്‍റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Summary : Omicron in Malappuram
Adjust Story Font
16