മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരുന്നു; കണ്ണൂരിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി
ഗസ്റ്റ് ഹൗസ് പരിസരത്ത് മാത്രം 200 ലധികം പൊലീസുകാരെ കാവലിനായി നിയോഗിച്ചിരുന്നു
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം നാലാം ദിവസവും തുടരുന്നു. കണ്ണൂരിൽ ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ കരിമ്പത്ത് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി. പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
അനിധരസാധാരണമായ സുരക്ഷയാണ് ഇന്നലെ അർധരാത്രി മുതൽ കണ്ണൂരിൽ മുഖ്യമന്ത്രിക്കായ് ഒരുക്കിയത്. ഗസ്റ്റ് ഹൗസ് പരിസരത്ത് മാത്രം 200 ലധികം പൊലീസുകാരെ കാവലിനായി നിയോഗിച്ചിരുന്നു. ഒപ്പം വഴി നീളെ സുരക്ഷ ഒരുക്കി 700ലധികം വരുന്ന പൊലീസ് സംഘംവും. എന്നിട്ടും പക്ഷെ രാവിലെ മുതൽ കനത്ത പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെ ഉയർന്നത്.
ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിന് പുറത്തും മുഖ്യമന്ത്രിക്ക് നേരെ ഒറ്റയാൾ പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കെ എസ് യു ജില്ലാ സെക്രട്ടറി ഫറഹാൻ മുണ്ടേരിയെ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്
തളിപ്പറമ്പിൽ കില ക്യാമ്പസിന്റെ ഉദ്ഘാടന വേദിയിലും പ്രതിക്ഷേധം ശക്തമായിരുന്നു. വേദിക്ക് പുറത്ത് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പരിപാടിക്ക് ശേഷം കണ്ണൂർ ഗസ്റ്റ് ഹൗസിൽ തങ്ങുന്ന മുഖ്യമന്ത്രി ഉച്ചക്ക് ശേഷം വിമാന മാർഗം തിരുവനന്തപുരത്തേക്ക് മടങ്ങും.
Adjust Story Font
16