Quantcast

'സ്മാർട്ട്' ആവാൻ വിധിയില്ലേ സ്മാർട്ട് സിറ്റിക്ക്? ഇനിയെന്ത്?

പദ്ധതിയുടെ കരാർ വ്യവസ്ഥകൾ സംസ്ഥാന താല്പര്യങ്ങൾക്ക് വിരുദ്ധം എന്നതായിരുന്നു ഏറ്റവും ആദ്യമുയർന്ന വിവാദം

MediaOne Logo

Web Desk

  • Updated:

    2024-12-06 12:21:14.0

Published:

6 Dec 2024 10:56 AM GMT

The uncertainty in the future of Smart City
X

സ്മാർട്ട് സിറ്റി- മലയാളികളിതുപോലെ പറഞ്ഞുകേട്ട ഒരു പദ്ധതി വേറെയുണ്ടാവില്ല. മാറി മാറി വന്ന സർക്കാരുകൾ ആവശ്യാനുസരണം തട്ടിക്കളിച്ച ഈ പദ്ധതി, എന്നും വാർത്തകളിലിടം പിടിച്ചിട്ടേ ഉള്ളൂ. പദ്ധതിയുടെ കരാർ വ്യവസ്ഥകൾ സംസ്ഥാന താല്പര്യങ്ങൾക്ക് വിരുദ്ധം എന്നതായിരുന്നു ഏറ്റവും ആദ്യമുയർന്ന വിവാദം. പദ്ധതിയിൽ നിന്ന് ഒഴിവായ പ്രധാന പങ്കാളി ടീകോമിന് സർക്കാർ നഷ്ടപരിഹാരം നൽകി പാട്ടഭൂമി തിരിച്ചെടുക്കുന്നു എന്നത് 'ലേറ്റസ്റ്റ് അപ്‌ഡേറ്റും'.

ലോകത്തെ വലിയൊരു ഐടി ഹബ്ബായി കൊച്ചിയെ മാറ്റും എന്ന പ്രഖ്യാപനത്തോടെ കൊണ്ടു സ്മാർട്ടി സിറ്റി പദ്ധതി, ഇനിയെന്ത് എന്ന ചോദ്യത്തിൽ കുരുങ്ങിക്കിടക്കുകയാണ്. സ്മാർട്ട് സിറ്റി ഇൻഫോപാർക്ക് ഏറ്റെടുക്കുമോ അതോ സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെ മറ്റ് കമ്പനികൾ കടന്ന് വരുമോ എന്നും ചർച്ചകൾ സജീവം.

2004ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സ്മാർട്ട് സിറ്റിയുടെ തുടക്കം. അന്നത്തെ ഐടി മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ദുബൈ അധികൃതരുമായി നടത്തിയ ചർച്ചയുടെ ഫലമായിരുന്നു അത്. ദുബൈയിലെ ഇന്റർനെറ്റ് സിറ്റിയുടെ മാതൃകയിൽ ഒന്ന് കേരളത്തിലും വേണം എന്ന ആഗ്രഹത്തിന്റെ പുറത്ത്, 2005ൽ യുഡിഎഫ് സർക്കാർ ഇന്റർനെറ്റ് സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു.

എന്നാൽ എന്ത് സ്മാർട്ട് സിറ്റി, ഏത് സ്മാർട്ട് സിറ്റി എന്നൊക്കെ ആയിരുന്നു അന്നത്തെ പ്രതിപക്ഷമായിരുന്ന ഇപ്പോഴത്തെ ഭരണപക്ഷത്തിന്റെ പരിഹാസം. പദ്ധതിയുടെ കരാർ വ്യവസ്ഥകൾ സംസ്ഥാന താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ രംഗത്ത് വന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും തീരുമാനം. തുടർന്നാണ് ദുബൈ ഹോൾഡിങ്‌സിന്റെ ഉപകമ്പനിയായ ടീകോം ഇൻവെസ്റ്റ്‌മെന്റ്‌സുമായി സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

പത്ത് വർഷം കൊണ്ട്, വാണിജ്യസ്ഥാപനങ്ങളുൾപ്പടെ എല്ലാ വിഭാഗത്തിലുമായി, 20 ലക്ഷം ചതുരശ്രയടി സ്ഥലം സൗകര്യമുണ്ടാക്കി നിർമാണം പൂർത്തകരിക്കണമെന്നായിരുന്നു കരാർ. പദ്ധതിക്കായി ഇൻഫോപാർക്ക് വിട്ടുകൊടുക്കും എന്നും 33,000 തൊഴിലവസരങ്ങൾ ഉണ്ടാകും എന്നും കരാറിലുണ്ടായിരുന്നു എന്നാൽ തൊട്ടടുത്ത വർഷം ഭരണമാറ്റമുണ്ടായി. പദ്ധതി മരവിക്കുകയും ചെയ്തു. ഇതിനിടെ ടീകോം, ഹോൾഡിങ്‌സ് തലപ്പത്ത് മാറ്റമുണ്ടായി. പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചു

സ്മാർട്ട് സിറ്റി പദ്ധതിയിലെ ദോഷകരമായ വ്യവസ്ഥകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച എൽഡിഎഫ് ഭരണപക്ഷത്തെത്തിയപ്പോൾ കരാറിൽ വലിയ പൊളിച്ചെഴുത്തലുകളുണ്ടായിരുന്നു. ഇതിന്റെ തുടർചലനമായി 2011ൽ വിവാദപ്രസ്താവനകൾ ഒഴിവാക്കി പുതുക്കിയ പാട്ടക്കരാറിൽ വി.എസ് സർക്കാർ ഒപ്പുവച്ചു. സ്മാർട്ട് സിറ്റി സ്ഥാപിക്കാൻ ഇൻഫോ പാർക്ക് കൈമാറില്ല എന്നതായിരുന്നു പ്രധാനമാറ്റം. പത്ത് വർഷത്തിനകം 88ലക്ഷം ചതുരശ്രയടി നിർമാണം, ഇതിൽ 62 ചതുരശ്രയടി ഐടി അനുബന്ധ സേവനങ്ങൾക്ക് എന്നും കരാറിലുണ്ടായിരുന്നു. ഇത് നടപ്പാക്കാനായില്ലെങ്കിൽ പദ്ധതി സർക്കാർ ഏറ്റെടുക്കുമെന്നും ധാരണയായി.

പദ്ധതി പൂർത്തിയാകുമ്പോൾ ഇൻഫോപാർക്ക് ഉൾപ്പെടുത്താതെ 90,000 തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്തത്. എന്നാൽ പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ നടന്നില്ല. നിശ്ചയിച്ചതിലും ഒരു വർഷം വൈകി പദ്ധതിയുടെ ആദ്യഘട്ടം 2016 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇടച്ചിറയിൽ സർക്കാർ ഏറ്റെടുത്ത 136 ഏക്കർ സ്വകാര്യഭൂമിയും ഇതിനോട് ചേർന്ന് വൈദ്യുതി ബോർഡിന്റെ 100 ഏക്കറും ഇൻഫോപാർക്ക് സ്ഥിതിചെയ്യുന്ന 10 ഏക്കറുമുൾപ്പടെ 246 ഏക്കറാണ് പദ്ധതിക്കായി കണ്ടെത്തിയത്. ടീകോമിന് 84 ശതമാനവും സർക്കാരിന് 16 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം.

ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയായത് 6.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ്. രണ്ടാം ഘട്ടത്തിൽ 4.7 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. പത്ത് ശതമാനം കെട്ടിടനിർമാണം പോലും സ്മാർട്ട് സിറ്റിയിൽ നടന്നിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020ഓടെ പദ്ധതി പൂർണസ്വഭാവത്തിൽ നടപ്പാക്കും എന്ന് ഉറപ്പിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. നിർമാണപങ്കാളികളായ ആറ് കമ്പനികളുടെ നേതൃത്വത്തിൽ നിർമാണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഐടിയിതര മേഖലകളിലേതടക്കം 37 കമ്പനികളാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്.

ഏറെക്കാലത്തിന് ശേഷം സ്മാർട്ട് സിറ്റി ഇപ്പോൾ വാർത്തകളിലിടം പിടിക്കുമ്പോൾ അതിന് പുതിയൊരു തലം തന്നെ കൈവന്നിരിക്കുന്നതായി കാണാം. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറാൻ ടീകോം കമ്പനി താല്പര്യമറിയിച്ചതാണ് ഏറ്റവും പുതിയ വാർത്ത. കരാറൊപ്പിട്ട് 13 വർഷം കഴിഞ്ഞിട്ടും പദ്ധതിയിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ സർക്കാർ സമ്മർദം ചെലുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതനുസരിച്ച് ടീകോമിന് നൽകിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചേക്കും.

കെട്ടിടനിർമാണത്തിനടക്കം പദ്ധതിയിൽ ടീകോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവർക്ക് നഷ്ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനം. പദ്ധതി ടീകോം അവസാനിപ്പിക്കുമ്പോൾ അവരിൽ നിന്ന് എന്തുകൊണ്ട് നഷ്ടപരിഹാരം ഈടാക്കുന്നില്ല എന്ന ചോദ്യങ്ങളും ഉയരുന്നുണ്ടെങ്കിലും അത്തരമൊരു നടപടിക്ക് സർക്കാരിന് അധികാരമില്ലെന്ന് 2007ലെ കരാർ വ്യക്തമാക്കുന്നുണ്ട്. അതേസമയം പദ്ധതിയിൽ സർക്കാർ വീഴ്ച വരുത്തിയാൽ നടപടിയെടുക്കാൻ കരാറിൽ വ്യവസ്ഥയുണ്ട് താനും. കരാറിലെ ഈ പഴുതുകൾ പദ്ധതി വൈകുന്നതിന് സഹായിച്ചുവെന്ന് 2014 ജൂലൈയിൽ പുറത്ത് വന്ന സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ടീകോമിന് നഷ്ടപരിഹാരം നൽകി പാട്ടഭൂമി തിരിച്ചെടുക്കുന്നതിലെ അഴിമതിയും മറ്റും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ടീകോമിനെതിരെ നടപടിയെടുക്കുന്നതിന് പകരം അവർക്ക് അങ്ങോട്ട് ഖജനാവിൽ നിന്ന് പണം കൊടുക്കുന്നത് ആർക്ക് അംഗീകരിക്കാൻ കഴിയുമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം. ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമാണെന്നും ഇത് സംബന്ധിച്ച് ഒരു ചർച്ചയും പ്രതിപക്ഷവുമായി നടത്തിയിട്ടില്ലെന്നും വി.ഡി സതീശനും പ്രതികരിച്ചു. നഷ്ടപരിഹാരം നൽകാനുള്ള കമ്മിറ്റിയിൽ സർക്കാർ ടീകോം എംഡി ബാബു ജോർജിനെയും ഉൾപ്പെടുത്തിയതും ദുരൂഹത വർധിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

ഇനി ടീകോമിൽ നിന്ന് 246 ഏക്കർ ഭൂമി തിരിച്ചുപിടിച്ചാൽ അത് വികസിപ്പിക്കണമെങ്കിൽ സെസ് നിയമം സർക്കാരിന് തടസ്സമാകും. സർക്കാരിന് 16ശതമാനം മാത്രം ഓഹരിയാണ് സ്മാർട്ട് സിറ്റിക്കുള്ളത്. ആദ്യത്തെ സ്വകാര്യ സെസ് ആണിത്. 88 ലക്ഷം ചതുരശ്രയടി കെട്ടിടത്തിൽ 62.1 ലക്ഷം ഐടി വ്യവസായത്തിനായിരിക്കുമെന്നാണ് കരാർ. ഇതുകൊണ്ട് തന്നെ സെസിൽ ഉൾപ്പെട്ട സ്ഥലം കൈമാറ്റം ചെയ്യണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി സർക്കാരിന് വേണം.


എന്തൊക്കെയായാലും ടീകോമിന്റെ പിന്മാറ്റത്തോടെ സ്മാർട്ട് സിറ്റിയോട് കേരളം വിടപറയേണ്ട സാഹചര്യമുണ്ടാകുമോ എന്നാണ് ഉയരുന്ന ചോദ്യം. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സർക്കാരിന് കഴിയുമോ എന്നത് കണ്ടുതന്നെ അറിയണം.

TAGS :

Next Story