'എൽഡിഎഫിൽ കൂട്ടായ ചർച്ചയില്ല, കാര്യങ്ങൾ തീരുമാനിക്കുന്നത് സിപിഎം,സിപിഐ'- പി.സി ചാക്കോ
ഒരു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: എൽഡിഎഫിൽ കൂട്ടായ നേതൃത്വമില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. സിപിഎമ്മും സിപിഐയുമല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. മുന്നണി എടുക്കുന്ന തീരുമാനങ്ങൾ കൂട്ടായ ചർച്ചക്ക് ശേഷമല്ല. രണ്ടാമൂഴത്തിൽ എൽഡിഎഫിന് മെച്ചപ്പെടാൻ കഴിയുന്നില്ല. ലോകായുക്ത ബില്ലിനെ കുറിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നും നടന്നത് സിപിഎം- സിപിഐ ചർച്ച മാത്രമാണെന്നും പിസി ചാക്കോ പ്രതികരിച്ചു.
ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ എത്തുന്നതിന് മുൻപ് തന്നെ ഇടതുമുന്നണി ചർച്ച ചെയ്യണമായിരുന്നു. ഇക്കാര്യത്തിൽ ഇടതുമുന്നണിക്കകത്തെ രണ്ടാമത്തെ കക്ഷിയായ സിപിഐ ചില ഭേദഗതികൾ മുന്നോട്ടുവെച്ചിരുന്നു. അതുകൊണ്ട് അവരുമായി ചർച്ച ചെയ്‌ത് ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു. ഇതൊരു തെറ്റായ രീതിയാണെന്ന് പിസി ചാക്കോ ചൂണ്ടിക്കാട്ടി. ഒരു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16