പരസ്യ പ്രതിഷേധം; കെ. ശിവദാസൻ നായരെയും കെ.പി അനിൽകുമാറിനെയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
ഡിസിസി പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് പ്രതികരിച്ചതിനാണ് നടപടി
ഡിസിസി പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിഡിസി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് കെ. സുധാകരന്‍ ഇവര്‍ക്കെതിരേ നടപടി പ്രഖ്യാപിച്ചത്.
തനിക്കെതിരായ അച്ചടക്കനടപടി ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് കെപി അനില്‍കുമാര്‍ മീഡിയവണ്ണിനോട് പ്രതികരിച്ചു. ബ്രിട്ടീഷുകാര്‍ തോക്കുചൂണ്ടി ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അനീതിക്കെതിരെ പോരാടുന്നവരെ വെടിവച്ചു കൊല്ലുക എന്ന സമീപനമായിരുന്നു അന്നുണ്ടായിരുന്നത്. അതാണിപ്പോള്‍ കോണ്‍ഗ്രസിനകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഒരു നിലവാരവുമില്ലാത്ത വളരെ മോശം പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും തീറെഴുതിയ പട്ടികയാണിത്. ഇത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂ ആകും. കോണ്‍ഗ്രസിനെ ഇത് ഇല്ലാതാക്കും-അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഒരുപാട് ദിവസത്തെ പ്രതിസന്ധികൾക്ക് ശേഷം കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറങ്ങിയത്. നേരത്തെ പുറത്തു വന്ന സാധ്യത പട്ടികയിൽ വലിയ മാറ്റങ്ങളുമൊന്നുമില്ലാതെയാണ് അവസാനപട്ടിക പുറത്തുവന്നിരിക്കുന്നത്. പട്ടികയിൽ സ്ത്രീ പ്രാതിനിധ്യമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരിന്നുവെങ്കിലും അത് ഉണ്ടായില്ല. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് പട്ടിക പുറത്തുവിട്ടത്.
പട്ടിക ഇങ്ങനെ
- തിരുവനന്തപുരം - പാലോട് രവി
- കൊല്ലം - രാജേന്ദ്ര പ്രസാദ്
- പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ
- ആലപ്പുഴ - ബാബു പ്രസാദ്
- കോട്ടയം - നാട്ടകം സുരേഷ്
- ഇടുക്കി - സി പി മാത്യു
- എറണാകുളം - മുഹമ്മദ് ഷിയാസ്
- തൃശൂർ - ജോസ് വള്ളൂർ
- പാലക്കാട് - എ തങ്കപ്പൻ
- മലപ്പുറം - വി എസ് ജോയി
- കോഴിക്കോട് - കെ പ്രവീൺകുമാർ
- വയനാട് - എൻ ഡി അപ്പച്ചൻ
- കണ്ണൂർ - മാർട്ടിൻ ജോർജ്
- കാസർഗോഡ് - പി കെ ഫൈസൽ
Adjust Story Font
16