Quantcast
MediaOne Logo

സഫ്‌വാന്‍ റാഷിദ്

Published: 8 March 2024 10:06 AM GMT

MH 370: ശുഭരാത്രിനേര്‍ന്ന് പോയ പത്തുവര്‍ഷങ്ങള്‍, ഇനിയും ലാന്‍ഡ് ചെയ്യാത്ത സംശയങ്ങള്‍

മാധ്യമങ്ങളും സര്‍ക്കാരുകളും വിമാനക്കമ്പനികളുമെല്ലാം ദുരന്തത്തെ മറന്നുതുടങ്ങിയപ്പോളും വിമാനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ തങ്ങളുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരുന്നു. അവരുടെ പ്രതീക്ഷകള്‍ക്ക് തുണയാകുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. മലേഷ്യന്‍ വിമാനം എം.എച്ച് 370 അപ്രത്യക്ഷമായിട്ട് ഇന്നേക്ക് പത്തുവര്‍ഷം.

Malaysia Airlines flight MH370  മലേഷ്യന്‍ 370  മലേഷ്യന്‍ ത്രീ സെവന്‍ സീറോ,
X

" ഗുഡ് നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ.."

കേട്ടവര്‍ക്കെല്ലാം അതൊരു സാധാരണ വിമാന സന്ദേശം മാത്രമായിരുന്നു. പക്ഷേ, ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് പറന്ന ആ വിമാനത്തില്‍ നിന്നും അവസാനമായി മുഴങ്ങിയ ആ വാക്കുകള്‍ ചരിത്രത്തിന്റെ കര്‍ണപുടങ്ങളിലേക്ക് തുളച്ചുകയറി. സാങ്കേതിക വിദ്യയില്‍ മനുഷ്യന്‍ ഇന്നോളം കൈവരിച്ച എല്ലാ ആത്മവിശ്വാസത്തെയും മുള്‍മുനയില്‍ നിര്‍ത്തി Malaysia Airlines flight MH370 അവ്യക്തതയുടേയും അഭ്യൂഹങ്ങളുടെയും ആകാശത്ത് ലാന്‍ഡ് ചെയ്യാനാകാതെ വട്ടമിട്ടുപറന്നുകൊണ്ടേയിരിക്കുന്നു.

2014 മാര്‍ച്ച് എട്ട്. അര്‍ധ രാത്രി. കൃത്യം പറഞ്ഞാല്‍ മലേഷ്യന്‍ സമയം 12.41 നാണ് ക്വാലാലമ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബെയ്ജിങ് ലക്ഷ്യമാക്കി വിമാനം പറന്നുപൊങ്ങിയത്. കോക്ക്പിറ്റില്‍ പൈലറ്റായി ഉണ്ടായിരുന്നത് സാഹറി അഹമ്മദ് ഷായെന്ന പരിചയസമ്പന്നന്‍. ബീജിങ്ങിലേക്കുള്ള വിമാനമായതുകൊണ്ടുതന്നെ യാത്രക്കാരില്‍ മഹാഭൂരിപക്ഷവും ചൈനീസ് പൗരന്മാരായിരുന്നു. ഇന്ത്യ, യു.എസ്, ഇന്തൊനീഷ്യ, ഫ്രാന്‍സ്, റഷ്യ, ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും വിമാനത്തിലുണ്ട്. മലേഷ്യയിലെ എക്‌സിബിഷന്‍ കഴിഞ്ഞുമടങ്ങുന്ന ചൈനീസ് കലിഗ്രഫി ആര്‍ട്ടിസ്റ്റുകളുടെ സംഘം, ആക്ഷന്‍ സ്റ്റാര്‍ ജെറ്റ്‌ലിയുടെ ഡ്യൂപ് റോള്‍ ചെയ്തിരുന്ന ജു കുന്‍, പ്രണയാതുരമായ ഹണിമൂണ്‍ യാത്രക്കൊരുങ്ങുന്ന മലേഷ്യന്‍ ദമ്പതികള്‍ എന്നിവരെയെല്ലാം വഹിച്ചുകൊണ് ആ വിമാനം പറയുന്നയര്‍ന്നത്. 227 യാത്രക്കാരും 12 ക്രൂ മെമ്പര്‍മാരുമടക്കം മൊത്തം 239 മനുഷ്യര്‍ ആ വിമാനത്തിന്റെ ചിറകുകളില്‍ വിശ്വസിച്ച് യാത്ര ചെയ്യുന്നു.

മലേഷ്യക്കും വിയറ്റ്‌നാമിനും ഇടയിലുള്ള മേഖലയില്‍ നിന്നും ആരംഭിച്ച തിരച്ചില്‍ മറ്റുപ്രദേശങ്ങളിലേക്കും വ്യാപിച്ചു. പക്ഷേ, ഫലമൊന്നും കണ്ടില്ല. ആയിരക്കണക്കിന് മനുഷ്യരുടെ പ്രയത്‌നവും കോടിക്കണക്കിന് മനുഷ്യരുടെ കാത്തിരിപ്പും വിഫലം. ഓരോ ദിവസവും കോടിക്കണക്കിന് പണമാണ് ചെലവാക്കിക്കൊണ്ടിരുന്നത്. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഒടുവില്‍ 2017ല്‍ വര്‍ഷങ്ങളോളം നീണ്ട തെരച്ചില്‍ ഓദ്യോഗികമായി അവസാനിക്കുന്നതായി പ്രഖ്യാപിച്ചു.

ഏതാണ്ട് അരമണിക്കൂര്‍ കൊണ്ട് മലേഷ്യ വിട്ട് വിയറ്റ്‌നാം വ്യോമോതിര്‍ത്തിയിലേക്ക് വിമാനം കടന്നു. പക്ഷേ, പിന്നീടൊരു വിവരവുമില്ല. ഒരു സാങ്കേതിക ഉപകരണവും പ്രവര്‍ത്തിക്കുന്നില്ല. വിമാനത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് തോന്നിത്തുടങ്ങി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം റഡാര്‍ പരിധിയില്‍ നിന്നും വിമാനം അപ്രതക്ഷ്യമായി. പക്ഷേ, മിലിട്ടറി റഡാറുകളില്‍ വിമാനത്തിന്റെ സിഗ്‌നലുകള്‍ ഏതാനും നേരത്തേക്ക് കൂടി പതിഞ്ഞിരുന്നു. അത് പരിശോധിച്ചതോടെ ഭീതി വര്‍ധിച്ചു. വിമാനം പോകേണ്ട ദിശയില്‍ നിന്നും മാറി മലേഷ്യക്ക് കുറുകെ അന്‍ഡമാന്‍ കടലിലേക്ക് നേരെ വിമാനം തിരിച്ചുപറന്നിരിക്കുന്നു. വിമാനം ബീജിങ്ങില്‍ ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞതോടെ വാര്‍ത്ത ലോകമെമ്പാടും പരന്നു തുടങ്ങി. ഉന്നത വ്യോമ അധികൃതര്‍ ഇടപെട്ടു. വിമാനം കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്.


ഏഴ് രാജ്യങ്ങളില്‍ നിന്നായി 34 കപ്പലുകളും 28 എയര്‍ക്രാഫ്റ്റുകളും സൗത്ത് ചൈന കടലില്‍ അണിനിരന്നു. തിരച്ചില്‍ ആരംഭിച്ചു. ഇന്നും തീര്‍ന്നിട്ടില്ലാത്ത അന്വേഷണവും അഭ്യൂഹങ്ങളും അവിടെത്തുടങ്ങുകയായിരുന്നു. മനുഷ്യ ചരിത്രത്തിലെത്തന്നെ ഏറ്റവും ചെലവേറിയതും ദൈര്‍ഘ്യമേറിയതുമായ തിരച്ചിലായിരുന്നു അത്. കപ്പലുകളും വിമാനങ്ങളും അന്തര്‍വാഹിനികളും റോബോട്ടുകളും മുതല്‍ മനുഷ്യസാധ്യമായതെല്ലാം അണിനിരന്നു. മലേഷ്യക്കൊപ്പം തന്നെ ചൈനയും ഓസ്‌ട്രേലിയയും അടക്കമുള്ള വന്‍ രാജ്യങ്ങളും തിരച്ചിലില്‍ പങ്കാളിയായി. മലേഷ്യക്കും വിയറ്റ്‌നാമിനും ഇടയിലുള്ള മേഖലയില്‍ നിന്നും ആരംഭിച്ച തിരച്ചില്‍ മറ്റുപ്രദേശങ്ങളിലേക്കും വ്യാപിച്ചു. പക്ഷേ, ഫലമൊന്നും കണ്ടില്ല. ആയിരക്കണക്കിന് മനുഷ്യരുടെ പ്രയത്‌നവും കോടിക്കണക്കിന് മനുഷ്യരുടെ കാത്തിരിപ്പും വിഫലം. ഓരോ ദിവസവും കോടികളാണ് ചെലവാക്കിക്കൊണ്ടിരുന്നത്. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഒടുവില്‍ 2017ല്‍ വര്‍ഷങ്ങളോളം നീണ്ട തെരച്ചില്‍ ഓദ്യോഗികമായി അവസാനിക്കുന്നതായി പ്രഖ്യാപിച്ചു. വിമാനം തകര്‍ന്ന ഇടം കൃത്യമായി ലൊക്കേറ്റ് ചെയ്യപ്പെടാത്തതാണ് ദൗത്യം പരാജയപ്പെടാനുള്ള ഏറ്റവും വലിയ കാരണം. ശരാശരി നാലുകിലോമീറ്ററെങ്കിലും ആഴം വരുന്ന ഇടങ്ങളിലുള്ള തിരച്ചിലിന് മോശം കാലാവസ്ഥയും പ്രതിസന്ധികള്‍ തീര്‍ത്തു. ഒടുവില്‍ എവിടെയന്നതിന് ഒരു തെളിവുമില്ലെങ്കിലും വിമാനത്തിലെ 239 യാത്രക്കാരും മരണപ്പെട്ടതായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


വര്‍ഷങ്ങള്‍ക്ക് ശേഷം മഡഗാസ്‌കര്‍, മൗറീഷ്യസ്, സൗത്ത് ആഫ്രിക്ക, മൊസാമ്പിക്ക് അടക്കമുള്ള ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്നും വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ചിലത് ശാസ്ത്രീയ പരിശോധനയിലൂടെ വിമാനത്തിന്റേതായി തെളിയുകയും ചെയ്തു. ലോകമാകെ തിരഞ്ഞ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന്റെ ഒരു ഭാഗം മഡഗാസ്‌കറിലെ ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിന്റെ പ്രാധാന്യം അറിയാതിരുന്ന അദ്ദേഹം തന്റെ ഭാര്യക്ക് അലക്കുകല്ലായി നല്‍കിയിരിക്കുകയായിരുന്നു അത്!

അമേരിക്കന്‍ മറൈന്‍ കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റി മലേഷ്യന്‍ സര്‍ക്കാറിന് മുമ്പില്‍ തെരച്ചിലിനുള്ള ഒരു പുതിയ മാര്‍ഗ രേഖ മുന്നോട്ട് വെച്ചിട്ടുണ്ട്. വിമാനത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം പണം എന്ന ഉപാധിയിലാണ് ഓഷ്യന്‍ ഇന്‍ഫിനിറ്റിയുമായുള്ള ഡീല്‍. 2018ല്‍ ഇതേ കമ്പനി ഇതേ ഉപാധിയില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമില്ലെന്ന് കണ്ട് പിന്മാറിയിരുന്നു.

തെരച്ചിലിന് സമാന്തരമായി വിമാനത്തിന്റെ അപ്രതക്ഷ്യമാകലിനെക്കുറിച്ച് പല കഥകളും പ്രചരിച്ചുതുടങ്ങിയിരുന്നു. കാബിനിലെ പവര്‍ തകരാറിനെത്തുടര്‍ന്ന് ഓക്‌സിജന്‍ നഷ്ടമായി എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് വിമാനത്തിനുള്ളിലെ ക്രൂ അടക്കമുള്ള മനുഷ്യജീവനുകളെല്ലാം പാതിജീവനായെന്നും വിമാനം കടലില്‍ പതിച്ചുവെന്നുമായിരുന്നു വാദം.


പക്ഷേ, അടിയന്തര സന്ദേശമയച്ചതായോ കാലാവസ്ഥ പ്രശ്‌നങ്ങള്‍ക്കോ സാങ്കേതിക തകരാറുകള്‍ക്കോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പൈലറ്റ് ബോധപൂര്‍വ്വം വിമാനം ഇടിച്ചിറക്കി എന്നതാണ് മറ്റൊരു സിദ്ധാന്തം. വിമാനത്തിന്റേതായി കണ്ടെത്തിയെന്ന് പറയുന്ന ഭാഗങ്ങള്‍ പരിശോധിച്ച ശേഷം ബ്രിട്ടീഷ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ഗോഡ്‌ഫ്രേയാണ് ഇത്തരമൊരു തിയറി ഇറക്കിയത്. എന്നാല്‍, ഇതിനെതിരെ പൈലറ്റിന്റെ കുടുംബം തന്നെ വൈകാരികമായി രംഗത്തെത്തി. മാത്രമല്ല, പൈലറ്റ് സാഹറി അഹമ്മദ് ഷാക്കോ മറ്റു ക്രൂ മെമ്പേഴ്‌സിനോ മാനസികമായോ വ്യക്തിപരമായോ അങ്ങനെ യാതൊരു പശ്ചാത്തലവുമില്ലെന്നും മലേഷ്യന്‍ സര്‍ക്കാര്‍ തീര്‍ത്തുപറഞ്ഞു. തീവ്രവാദികള്‍ വിമാനം റാഞ്ചിയെടുത്തുവെന്നായിരുന്നു മറ്റൊരു കഥ. ഇറാനില്‍ നിന്നുള്ള പോരിയ നൂര്‍ മുഹമ്മദ്, സയിദ് മുഹമ്മദ് റെസര്‍ ദിലാവര്‍ എന്നീ രണ്ടുയുവാക്കള്‍ വ്യാജ പാസ്‌പോര്‍ട്ടുമായി വിമാനത്തില്‍ യാത്ര ചെയ്തത് ഈ വാദത്തിന് കനം പകര്‍ന്നു. എന്നാല്‍, വിഷയം അന്വേഷിച്ച ഇന്റര്‍ പോള്‍ ബീജിങ് വഴി യൂറോപ്പിലേക്ക് കടക്കുകയും പുതുജീവിതം ആരംഭിക്കുകയും മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് തീര്‍ത്തുപറഞ്ഞു. വിമാനത്തിന്റെ കമ്യൂണിക്കേഷനും നാവിഗേഷനും പുറമേ നിന്ന് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകള്‍. അന്യഗ്രഹ ജീവികളുടെ ഇടപെടല്‍, ഉത്തരക്കൊറിയ വിമാനം റാഞ്ചിയെടുത്തെന്ന വാദം എന്നിങ്ങനെ പലതും പ്രചരിച്ചു. ഇതിനിടയില്‍ കംബോഡിയയിലെ ഒരു വനത്തില്‍ വിമാനം കണ്ടെത്തിയെന്ന പ്രചാരണവും കൊടുമ്പിരികൊണ്ടു. പക്ഷേ, ഒരു ഒന്നിനും അന്തിമമായ ഉത്തരം നല്‍കാനായില്ല.


വിമാനം കണ്ടെത്താനുള്ള ഓഷ്യന്‍ ഇന്‍ഫിനിറ്റിയുടെ പരിശ്രമങ്ങളുടെ രേഖാചിത്രം.

മാധ്യമങ്ങളും സര്‍ക്കാരുകളും വിമാനക്കമ്പനികളുമെല്ലാം ദുരന്തത്തെ മറന്നുതുടങ്ങിയപ്പോളും വിമാനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ തങ്ങളുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരുന്നു. അവരുടെ പ്രതീക്ഷകള്‍ക്ക് തുണയാകുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ മറൈന്‍ കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റി മലേഷ്യന്‍ സര്‍ക്കാറിന് മുമ്പില്‍ തെരച്ചിലിനുള്ള ഒരു പുതിയ മാര്‍ഗ രേഖ മുന്നോട്ട് വെച്ചിട്ടുണ്ട്. വിമാനത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം പണം എന്ന ഉപാധിയിലാണ് ഓഷ്യന്‍ ഇന്‍ഫിനിറ്റിയുമായുള്ള ഡീല്‍. 2018ല്‍ ഇതേ കമ്പനി ഇതേ ഉപാധിയില്‍ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കാര്യമില്ലെന്ന് കണ്ട് പിന്മാറിയിരുന്നു. എന്നാല്‍, സാങ്കേതിക വിദ്യയും റോബോട്ടിക്‌സും വിപുലീകരിച്ചാണ് ഓഷ്യന്‍ ഇന്‍ഫിനിറ്റിയുടെ പുതിയ എന്‍ട്രി. മലേഷ്യന്‍ സര്‍ക്കാര്‍ ഇവര്‍ സമര്‍പ്പിച്ച രൂപരേഖ പരിശോധിച്ച ശേഷം അനുമതി നല്‍കാമെന്ന് അറിയിച്ചതോടെ ആ ദുരൂഹമായ തിരോധാനം ലോകമെമ്പാടും വീണ്ടും ടേക്ക് ഓഫ് ചെയ്തുതുടങ്ങുകയാണ്.


TAGS :