അയോധ്യയില്‍ 144 പ്രഖ്യാപിച്ചു; നഗരം നിറഞ്ഞ് ശിവസേന പ്രവര്‍ത്തകര്‍
ബി.ജെ.പിയെ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് ഓർമിപ്പിക്കാനാണ് തന്റെ അയോധ്യാ സന്ദർശനമെന്ന് നേരത്തെ ഉദ്ധവ് പറഞ്ഞിരുന്നു
രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ് കൊണ്ടു വരണമെന്ന ആവശ്യം ഉയർത്തി രാജ്യ വ്യാപക പ്രക്ഷോഭത്തിന് കോപ്പുകൂട്ടുന്നതിനിടെ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോധ്യയിൽ എത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ഉദ്ധവ് താക്കറെ അയോധ്യയിൽ എത്തിയിരിക്കുന്നത്. സരയൂ നദിക്കരയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പങ്കെടുക്കുന്ന അദ്ദേഹം, അവിടെ വെച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. അതിനിടെ, അയോധ്യയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാമ ക്ഷേത്രത്തിനായുള്ള അയോധ്യയിലെ നിർദ്ദിഷ്ട പ്രദേശം ഉദ്ധവ് താക്കറെ സന്ദർശിക്കും. ബി.ജെ.പി ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യത്തിലുള്ള ശിവ് സേന, രാമക്ഷേത്രത്തിനായി കേന്ദ്രം ഓർഡിനൻസ് കൊണ്ടു വരണമെന്നും, ക്ഷേത്ര നിർമാണത്തനായുള്ള തീയതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ബി.ജെ.പിയെ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കുറിച്ച് ഓർമിപ്പിക്കാനാണ് തന്റെ അയോധ്യ സന്ദർശനമെന്ന് നേരത്തെ ഉദ്ധവ് പറഞ്ഞിരുന്നു. ഇത് ഓരോ ഹിന്ദുവിന്റെയും ആവശ്യമാണ്. വാക്കു പാലിക്കാൻ ബി.ജെ.പിക്ക് ബാധ്യതയുണ്ടെന്നും ഉദ്ധവ് പറഞ്ഞു. ‘ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ’ എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് ശിവസേനക്കാരാണ് അയോധ്യയിൽ എത്തിയിരിക്കുന്നത്
അതിനിടെ ഉദ്ധവിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥിരം നാടകത്തിന്റെ ഭാഗമാണ് ഉദ്ധവ് താക്കറേയുടെ അയോധ്യ സന്ദർശനമെന്ന് അവർ വിമർശിച്ചു.
Adjust Story Font
16