Quantcast

'കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം'; ഓണ്‍ലൈന്‍ ക്യാമ്പെയിനുമായി കോണ്‍ഗ്രസ്

‘സ്പീക്കപ്പ് ഫോര്‍ വാക്‌സിന്‍സ് ഫോര്‍ ആള്‍’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    12 April 2021 9:32 AM GMT

കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം; ഓണ്‍ലൈന്‍ ക്യാമ്പെയിനുമായി കോണ്‍ഗ്രസ്
X

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്‍റെ ഓണ്‍ലൈന്‍ ക്യാമ്പെയിന്‍. ‘സ്പീക്കപ്പ് ഫോര്‍ വാക്‌സിന്‍സ് ഫോര്‍ ആള്‍’ എന്ന ഹാഷ്ടാഗോടു കൂടിയാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ വാക്സിന് വേണ്ടിയുളള ആവശ്യം ശക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

'രാജ്യത്തിനാവശ്യം കോവിഡ്​ വാക്​സിനാണ്​. അതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്,' എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. വാക്​സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തെ നേരത്തെയും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു.

കേന്ദ്ര സർക്കാറിന്‍റെ ദീർഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകത്തിന്‍റെയും വാക്സിൻ നിർമാതാക്കളുടെയും പരിശ്രമത്തെ ദുർബലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

ആവശ്യക്കാര്‍ക്കെല്ലാം എത്രയും പെട്ടെന്ന് വാക്സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിലും രാഹുല്‍ വ്യക്തമാക്കിയിരുന്നു. അനിയന്ത്രിതമായി വാക്​സിൻ കയറ്റിയയച്ചതും കേന്ദ്ര സർക്കാറിന്‍റെ പിടിപ്പുകേടുമാണ്​ പ്രശ്​നം രൂക്ഷമാക്കി​യതെന്നാണ്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞദിവസം കുറ്റ​പ്പെടുത്തിയത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമമുണ്ടാകുന്നത് കടുത്ത പ്രതിസന്ധിയാണ്. രാജ്യത്താകമാനം 1,68,912 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 904 പേർ മരിക്കുകയും ചെയ്​തു. വിവിധ സംസ്ഥാനങ്ങള്‍ വാക്സിന്‍ ക്ഷാമം നേരിടുന്നതായി കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ രണ്ട് ദിവസത്തേക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story