Quantcast

ഒളിംപിക് വർഷം സ്‌പോർട്‌സ് ബജറ്റിൽ മോദി സർക്കാർ വെട്ടിയത് 230.78 കോടി

കായിക മന്ത്രാലയത്തിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ഖേലോ ഇന്ത്യക്ക് ഇരുനൂറു കോടിയാണ് വെട്ടിക്കുറച്ചത്

MediaOne Logo

Web Desk

  • Published:

    8 Aug 2021 7:03 AM GMT

ഒളിംപിക് വർഷം സ്‌പോർട്‌സ് ബജറ്റിൽ മോദി സർക്കാർ വെട്ടിയത് 230.78 കോടി
X

ന്യൂഡൽഹി: ഒളിംപിക്‌സിൽ ഇന്ത്യൻ സംഘം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയ വർഷത്തിൽ കായിക മേഖലയെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന് കണക്കുകൾ. 2021-22 കേന്ദ്രബജറ്റിൽ കായിക മേഖലയുടെ 230.78 കോടി രൂപയാണ് മോദി സർക്കാർ വെട്ടിയത്. ബജറ്റിൽ ആകെ 2596.14 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. മുൻ ബജറ്റിൽ നിന്ന് 8.16 ശതമാനം കുറവാണിത്.

മുൻ ബജറ്റിൽ 2775.90 കോടി രൂപയാണ് കായിക വികസനത്തിനായി അനുവദിച്ചിരുന്നത്. കോവിഡ് മഹാമാരി മൂലം അനുവദിച്ച തുക പൂർണമായി വിനിയോഗിക്കപ്പെട്ടിരുന്നില്ല. പ്രധാനപ്പെട്ട കായിക മത്സരങ്ങൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇതാണ് തുക കുറയ്ക്കാൻ കാരണം എന്നാണ് ധനമന്ത്രാലയം അറിയിച്ചിരുന്നത്.

കായിക മന്ത്രാലയത്തിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ഖേലോ ഇന്ത്യക്ക് ഇരുനൂറു കോടിയാണ് വെട്ടിക്കുറച്ചത്. മുൻ ബജറ്റിൽ 890.42 കോടിയാണ് അനുവദിച്ചിരുന്നത് എങ്കിൽ ഈ വർഷം നീക്കിയിരുത്തിയത് 657.71 കോടി മാത്രമാണ്. എന്നാൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)ക്കു വേണ്ടിയുള്ള ബജറ്റ് വിഹിതം നൂറു കോടി വർധിപ്പിച്ചു. 500 കോടിയിൽ നിന്ന് 600.41 കോടി ആയാണ് ഉയർത്തിയത്.

സർക്കാർ വകയിരുത്തിയ തുക താരങ്ങളുടെ പരിശീലനത്തിന് അപര്യാപ്തമാണെന്ന് നിരവധി കായിക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ പ്രമോദ് ഛന്ദുർകർ ഇതേക്കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ; 'ടോക്യോ ഒളിംപിക്‌സിന് വേണ്ടിയുള്ള വാർഷിക പരിശീലന, മത്സര കലണ്ടർ അംഗീകരിക്കപ്പെട്ടതാണ്. അതിൽ മാറ്റങ്ങളില്ല. എന്നാൽ കൂടുതൽ ഫണ്ട് വേണ്ടതുണ്ട്. നാഷണൽ സ്‌പോർട്‌സ് ഫെഡറേഷൻ കൂടുതൽ തുക അനുവദിക്കുമെങ്കിൽ അത് വലിയ പിന്തുണയാകും'. ഒളിംപിക് വർഷത്തിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ബഷീർ അഹ്‌മദ് ഖാനും ആവശ്യപ്പെട്ടിരുന്നു.

ഒരു സ്വർണമടക്കം ഏഴു മെഡലാണ് ഇന്ത്യ ടോക്യോ ഒളിംപിക്‌സിൽ നേടിയത്. ജാവലിനിൽ നീരജ് ചോപ്രയാണ് രാജ്യത്തിനായി സ്വർണം നേടിയത്. റസ്‌ലിങ്ങിൽ രവി ദഹിയയും ഭാരദ്വഹനത്തിൽ മീരാഭായ് ചാനുവും വെള്ളി സ്വന്തമാക്കി. ബാഡ്മിന്റണിൽ പി.വി സിന്ധു, പുരുഷ ഹോക്കി ടീം, റസ്‌ലിങ്ങിൽ ബജ്‌രംഗ് പൂനിയ, ബോക്‌സിങ്ങിൽ ലോവ്‌ലിന ബോർഗൊഹൈൻ എന്നിവരാണ് വെങ്കലം നേടിയത്.

TAGS :

Next Story