ആറര ലക്ഷത്തിലധികം തീർഥാടകർ മദീനയിലെത്തി; ഭൂരിഭാഗം പേരും മക്കയിലേക്ക് പുറപ്പെട്ടു
മലയാളി തീർഥാടകർ ഹജ്ജിന് ശേഷം മദീന സന്ദർശനത്തിനായി പുറപ്പെടും. വിവിധ രാജ്യങ്ങളിൽ നിന്നായി വ്യാഴാഴ്ച വരെ 6,61,346 ഹജ്ജ് തീർഥാടകർ മദീനയിലെത്തി
ഈ വർഷത്തെ ഹജ്ജ് കർമത്തിനായി ഇത് വരെ ആറര ലക്ഷത്തിലധികം തീർഥാടകർ മദീനയിലെത്തി. ഇതിൽ അഞ്ച് ലക്ഷത്തിലധികം പേരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. മലയാളി തീർഥാടകർ ഹജ്ജിന് ശേഷം മദീന സന്ദർശനത്തിനായി പുറപ്പെടും. വിവിധ രാജ്യങ്ങളിൽ നിന്നായി വ്യാഴാഴ്ച വരെ 6,61,346 ഹജ്ജ് തീർഥാടകർ മദീനയിലെത്തി. ഇതിൽ 5,02,455 പേരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് പുറപ്പെട്ടു.
1,58,840 തീർഥാടകർ വ്യാഴാഴ്ച വരെ മദീനയിലുണ്ട്. മദീന സന്ദർശനം പൂർത്തിയാക്കുന്ന തീർഥാടകരെ ഉടൻ തന്നെ മക്കയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച മാത്രം 75,414 തീർഥാടകരാണ് മദീനയിലെത്തിയത്. ഇവരിൽ 31,414 പേരും എത്തിയത് 136 വിമാനങ്ങളിലായാണ്.
വിമാന മാർഗവും ജല മാർഗവുമാണ് തീർഥാടകർ ഏറെയും മദീനയിലെത്തുന്നത്. മദീന വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് കഴിഞ്ഞ ദിവസം അവസാനിച്ചു. ഇനിയുള്ളവർ ജിദ്ദ വിമാനത്താവളത്തിലിറങ്ങി മക്കയിലേക്കാണ് വരിക. കേരളത്തിൽ നിന്നുള്ള തീർഥാടകരും ജിദ്ദ വഴി മക്കയിലേക്കാണ് വരുന്നത്. ഇവരെല്ലാം ഹജ്ജിന് ശേഷം മദീന സന്ദർശനത്തിനായി പുറപ്പെടും. ശേഷം മദീനയിൽ നിന്നാണ് നാട്ടിലേക്ക് മടങ്ങുക.
Adjust Story Font
16