Quantcast

ചാള്‍സ് രാജാവിന്‍റെ കിരീട ധാരണച്ചടങ്ങില്‍ കാമില കോഹിനൂര്‍ രത്നം അണിയില്ല

കോഹിനൂർ രത്‌നത്തിന് പകരം കള്ളിനൻ വജ്രക്കല്ലുകളായിരിക്കും കിരീടം അലങ്കരിക്കാനായി ഉപയോഗിക്കുക

MediaOne Logo

Web Desk

  • Updated:

    2023-02-15 05:28:52.0

Published:

15 Feb 2023 5:25 AM GMT

ചാള്‍സ് രാജാവിന്‍റെ കിരീട ധാരണച്ചടങ്ങില്‍ കാമില കോഹിനൂര്‍ രത്നം അണിയില്ല
X

ലണ്ടന്‍: കൊളോണിയൽ ഭരണകാലത്തെ വിവാദമായ കോഹിനൂർ വജ്രം പിടിപ്പിച്ച കിരീടം ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ അദ്ദേഹത്തിന്റെ പത്‌നി കാമില അണിയില്ല. ജോർജ് അഞ്ചാമന്റെ കിരീട ധരണസമയത്ത് രാജപത്‌നിയായിരുന്ന മേരി രാജ്ഞി അണിഞ്ഞ കിരീടം പുതുക്കിയാവും കാമില ഉപയോഗിക്കുക. ബെക്കിങ്ങാം കൊട്ടാരമാണ് ഇതുസംബന്ധിച്ച വിശദീകരണം നൽകിയത്. കോഹിനൂർ രത്‌നത്തിന് പകരം കള്ളിനൻ വജ്രക്കല്ലുകളായിരിക്കും കിരീടം അലങ്കരിക്കാനായി ഉപയോഗിക്കുക.

ഇതിനായി കിരീടത്തിന്റെ രൂപഘടനയിൽ മാറ്റം വരുത്തും. 1849 ലാണി ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കോഹിനൂർ രത്‌നം തട്ടിയെടുത്ത് വിക്ടോറിയ രജ്ഞിക്ക് സമ്മാനിച്ചത്. 105 കാരറ്റ് വരുന്ന രത്‌നം എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര വേളയിൽ പ്രദർശിപ്പിച്ചിരുന്നു. രാജ്ഞിയുടെ സംസ്‌കാര പേടകത്തിന് മുകളിലായിരുന്നു കോഹിനൂർ രത്‌നം പ്രദർശിപ്പിച്ചത്. രത്‌നം ഇന്ത്യക്ക് തിരിച്ച് നൽകണമെന്ന ആവശ്യം ശക്തമായിരിക്കെ വിവാദങ്ങൾ ഒഴിവാക്കാനാണ് നീക്കമെന്നാണ് സൂചന. 1937 ൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ അമ്മ അണിഞ്ഞ കിരീടത്തിലാണ് കോഹിനൂർ രത്‌നം ഇപ്പോഴുള്ളത്.

പേർഷ്യൻ ഭാഷയിൽ പ്രകാശത്തിന്റെ പർവ്വതം എന്നർത്ഥം വരുന്ന കോഹിനൂർ, ചക്രവർത്തിയായി കിരീടധാരണം ചെയ്യുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് മഹാരാജ രഞ്ജിത് സിങ്ങിന്റെ ഖജനാവിൽ നിന്നാണ് നഷ്ടപ്പെട്ടത്. പിന്നീട് അത് വിക്ടോറിയ രാജ്ഞിയുടെ കൈവശം വന്നു, മുൻകാലങ്ങളിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ കിരീടധാരണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി കോഹിനൂർ രത്‌നം മാറി.

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ആഭരണശേഖരത്തിലെ ഭാഗമായിരുന്നു കള്ളിനൻ രത്‌നങ്ങൾ. പലപ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കുന്ന വേളയിൽ രജ്ഞി ഇത് ധരിച്ചിരുന്നു. കഴിഞ്ഞ സെപ്തംബർ 8നാണ് 96ാം വയസിൽ എലിസബത്ത് രാജ്ഞി അന്തരിച്ചത്.

പത്ത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൺ വിടനൽകിയത്. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ രാജ്ഞിക്ക് അന്ത്യവിശ്രമം ഒരുക്കി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു അടക്കം ആയിരത്തോളം ലോകനേതാക്കളാണ് അന്തിമോപചാരം അർപ്പിക്കാൻ ലണ്ടനിലെത്തിയത്. ഇതേ ചാപ്പലിലാണ് രാജ്ഞിയുടെ മാതാപിതാക്കളും സഹോദരിയും അന്ത്യവിശ്രമംകൊള്ളുന്നത്.

രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. ആദ്യഘട്ട സംസ്‌കാര ചടങ്ങുകൾക്കായി വിലാപയാത്ര വെസ്റ്റ്മിൻസ്റ്റർ ബിയിൽ പ്രവേശിച്ചപ്പോൾ എലിസബത്ത് ടവറിലെ ബിഗ് ബെൽ രാഞ്ജിയുടെ ജീവിതത്തിന്റെ ഓരോ വർഷവും അടയാളപ്പെടുത്താൻ ഓരോ മിനുട്ടിലും 96 തവണ മുഴങ്ങി.




TAGS :

Next Story