Quantcast

ഓസ്‌ട്രേലിയയ്ക്കിതെന്തു പറ്റി! ടി20യില്‍ ടീമിന്റെ കുറഞ്ഞ സ്‌കോര്‍; ബംഗ്ലാദേശിനോട് പരമ്പരത്തോല്‍വി

അഞ്ച് കളികളടങ്ങിയ ടി20 പരമ്പരയിൽ നാലും കങ്കാരുക്കൾ ബംഗ്ലാ കടുവകൾക്കുമുൻപിൽ അടിയറവ് പറഞ്ഞു. ഇന്നു നടന്ന അഞ്ചാം മത്സരത്തിൽ 62 റൺസുമായി തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്‌കോറിലേക്ക് ഓസീസ് സംഘം ചുരുങ്ങി. മത്സരത്തിൽ ബംഗ്ലാദേശിന് 60 റൺസ് ജയം

MediaOne Logo

Web Desk

  • Updated:

    2021-08-09 16:51:50.0

Published:

9 Aug 2021 4:46 PM GMT

ഓസ്‌ട്രേലിയയ്ക്കിതെന്തു പറ്റി! ടി20യില്‍ ടീമിന്റെ കുറഞ്ഞ സ്‌കോര്‍; ബംഗ്ലാദേശിനോട് പരമ്പരത്തോല്‍വി
X

ബംഗ്ലാദേശിനോട് ഓസ്‌ട്രേലിയയ്ക്ക് പരമ്പരത്തോൽവി. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ നാലിലും ബംഗ്ലാകടുവകൾക്കുമുൻപിൽ കങ്കാരുക്കൾ അടിയറവ് പറഞ്ഞു. ഇന്ന് ധാക്കയിൽ നടന്ന അവസാന മത്സരത്തിൽ 60 റൺസിനാണ് കരുത്തരായ ഓസീസ് സംഘം ബംഗ്ലാദേശിനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 122 റൺസിൽ ചുരുട്ടിക്കെട്ടിയെങ്കിലും മറുപടി ബാറ്റിങ്ങിൽ 62 റൺസുമായി ഓസീസ് താരങ്ങളെല്ലാം കൂടാരം കയറി. ടി20യിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്.

ആദ്യ മൂന്നു മത്സരങ്ങളിലെ തുടർതോൽവികൾക്കുശേഷം നാലാം ടി20 മത്സരത്തിലാണ് ഓസ്‌ട്രേലിയ ആശ്വാസജയം കണ്ടത്. 23 റൺസ്, അഞ്ച് വിക്കറ്റ്, പത്ത് റൺസ് എന്നിങ്ങനെയായിരുന്നു ആദ്യ മൂന്നു മത്സരങ്ങളിൽ ഓസ്‌ട്രേലിയയുടെ പരാജയം. നാലാം മത്സരത്തിൽ മൂന്നു വിക്കറ്റിന്റെ ആശ്വാസജയവും. പരമ്പരതോൽവിയുടെ ആഘാതം കുറയ്ക്കാനായി ഒരു വിജയം കൂടി ലക്ഷ്യമിട്ടായിരുന്നു കങ്കാരുക്കൾ ഇന്ന് ധാക്കയിലിറങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഓസീസ് നായകൻ മാത്യൂ വെയ്ഡിന്റെ പ്രതീക്ഷ പോലെ തന്നെ ബൗളർമാർ എട്ടു വിക്കറ്റിന് 122 റൺസിൽ പിടിച്ചുകെട്ടി. 23 പന്തിൽ 23 റൺസ് നേടിയ ഓപണർ മുഹമ്മദ് നഈം ആണ് ബംഗ്ലാദേശ് നിരയിലെ ടോപ്‌സ്‌കോറർ. ഓസീസ് ബൗളർമാരിൽ നഥാൻ എല്ലിസ്, ഡാൻ ക്രിസ്റ്റിയൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും ആഷ്ടൺ ടേണർ, ആഷ്ടൺ അഗാർ, ആഡം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ബാറ്റ്‌സ്മാന്മാർക്ക് ബംഗ്ലാ ബൗളർമാർക്കുമുന്നിൽ മുട്ടുവിറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. നായകൻ മാത്യൂ വെയ്ഡും(22 പന്തിൽ ബൗണ്ടറികളൊന്നുമില്ലാതെ 22 റൺസ്), ബെൻ മക്‌ഡെർമോട്ടും(16 പന്തിൽ 17 റൺസ്) മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ രണ്ടക്കം കടന്നത്. ഓൾറൗണ്ടർ ഷക്കീബുൽ ഹസനാണ് ഒരിക്കൽകൂടി ഓസീസ് സംഘത്തിനുമുൻപിൽ അപകടം വിതച്ചത്. മൂന്നു ഓവർ നാലു പന്തിൽ വെറും ഒൻപത് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് ഷക്കീബ് പിഴുതത്. മുഹമ്മദ് സൈഫുദ്ദീൻ മൂന്നും നസൂം അഹ്‌മദ് രണ്ടും വിക്കറ്റുകളും മഹ്‌മൂദുല്ല ഒരു വിക്കറ്റും നേടി.

മത്സരത്തിലെയും പരമ്പരയുടെയും താരമായി തിരഞ്ഞെടുക്കപ്പെട്ട ഷാക്കിബ് ടി20 വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനുമായി. 102 വിക്കറ്റുമായി ശ്രീലങ്കൻ ഇതിഹാസം ലസിത് മലിങ്ക(107)യ്ക്ക് തൊട്ടുപിന്നിലെത്തിയിരിക്കുകയാണ് താരം. ന്യൂസിലൻഡിന്റെ ടിം സൗത്തി(99)യെയാണ് ഷാക്കിബ് മറികടന്നത്.

TAGS :

Next Story