Quantcast

അധീശ ചരിത്രങ്ങൾക്കപ്പുറത്തേക്ക് -- 'എരി'യുടെ പശ്ചാത്തലത്തിൽ സനൽ ഹരിദാസ് നടത്തുന്ന പഠനം

വന്നുകൊണ്ടിരിക്കുന്ന ഹൈന്ദവവത്കരണം ഇപ്പോൾത്തന്നെ അവഗണനകളും അപര്യാപ്തതകളും നിറഞ്ഞ നമ്മുടെ ചരിത്രത്തിന് സൃഷ്ടിക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും അതിൽ പങ്കുവയ്ക്കുന്നു

MediaOne Logo

  • Published:

    30 Jun 2020 2:52 PM GMT

അധീശ ചരിത്രങ്ങൾക്കപ്പുറത്തേക്ക് -- എരിയുടെ പശ്ചാത്തലത്തിൽ സനൽ ഹരിദാസ് നടത്തുന്ന പഠനം
X

ശ്രീ. പ്രദീപൻ പാമ്പിരികുന്ന് എഴുതിയ 'എരി' എന്ന നോവലിനെ മുൻനിർത്തി കീഴാള ചരിത്രത്തെയും വർത്തമാനത്തെയും വിശകലനം ചെയ്യുകയാണ് സനൽ ഹരിദാസ് തന്റെ 'കീഴാള ഭൂതകാലത്തിന് ഒരാമുഖം: പ്രദീപൻ പാമ്പിരികുന്നിന്റെ 'എരി' എന്ന നോവലിനെ മുൻനിർത്തിയുള്ള ചരിത്രാത്മക പ്രബന്ധം' എന്ന ചെറു പുസ്തകത്തിൽ.

മൂന്ന് അധ്യായങ്ങളായാണ് ഈ പുസ്തകം വിഭജിച്ചിട്ടുള്ളത്. അധികാരം കയ്യാളിയിരുന്ന ന്യൂനപക്ഷത്തിന്റേതാണ് എഴുതപ്പെട്ട ചരിത്രങ്ങളേറെയും എന്നതാണ് ശ്രീ. സനൽ ഇതിലെ ആദ്യ അധ്യായത്തിൽ വിശദീകരിക്കുന്നത്. സിംഹം എഴുതിയ ചരിത്രങ്ങളിൽ മുയലിന്റെ കഥ തനിക്കു ഭക്ഷണമാവുന്ന ഒരു ജീവി എന്നതിനപ്പുറം പോവാൻ വഴിയില്ലല്ലോ. പത്തൊമ്പതാം നൂറ്റാണ്ട് വരെയുള്ള കേരളത്തിന്റെ ആധികാരിക ചരിത്രം ഇടനാടിന്റേത് മാത്രമാണ് എന്ന ഡോ. കെ എസ് മാധവന്റെ നിരീക്ഷണം ലേഖനത്തിൽ പരാമർശിക്കുന്നു. മലനാടിന്റെയും തീരപ്രദേശത്തിന്റെയും സമ്പന്നമായ ചരിത്രങ്ങൾ പൊതുവേ വിസ്മൃതിയിലാണ്ടു പോവുകയാണുണ്ടായത്.

ഡോ. പി സനൽ മോഹനും വിനിൽ പോളുമൊക്കെ ചരിത്രത്തിലെ തുരുത്തുകളിൽ നിന്ന് അതെല്ലാം കണ്ടെടുക്കും വരെ ജാതി അടിമത്തത്തിന്റെ ചരിത്രവും കാര്യമായി എഴുതപ്പെടാതെ പോയി. മാർക്സിയൻ രീതിശാസ്ത്രത്തിന് യോജിക്കുന്നതല്ല ജാതി അടിമത്തത്തിന്റെ ചരിത്രം എന്നതിനാൽ ഇവിടത്തെ ജാതിവ്യവസ്ഥ 'അടിയായ്മ' ആയി മാത്രം മനസ്സിലാക്കപ്പെട്ടു. 'വർഗ്ഗമെന്ന മിഥ്യയും ജാതിയെന്ന യാഥാർത്ഥ്യവും' എന്ന പേരിൽ ബി.ആർ.പി ഭാസ്കർ കലാകൗമുദിയിലെഴുതിയ ലേഖനവും അതിന് ഇ.എം.എസ് ദേശാഭിമാനിയിൽ എഴുതിയ മറുപടിയും ഈ അധ്യായത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളിൽ നിന്നും കൊട്ടാരങ്ങളിൽ നിന്നുമാണ് ചരിത്ര രചനയ്ക്കുള്ള 'അസംസ്കൃത പദാർത്ഥങ്ങൾ' പലപ്പോഴും വന്നുചേരുന്നത് എന്നതും ചരിത്ര രചനയിലെ സവർണ്ണാധിപത്യം ഉറപ്പിക്കാൻ സഹായകമായിട്ടുണ്ട് എന്നും ലേഖകൻ നിരീക്ഷിക്കുന്നു.

ഇതോടൊപ്പം ദേശീയതയുടെയും വിശേഷിച്ച് ഇന്ത്യൻ ദേശീയതയുടെയും ചില പ്രതിസന്ധികളും സനൽ ആദ്യത്തെ അധ്യായത്തിൽ ചർച്ചയ്‌ക്കെടുക്കുന്നുണ്ട്. വരാനിരിക്കുന്ന / വന്നുകൊണ്ടിരിക്കുന്ന ഹൈന്ദവവത്കരണം ഇപ്പോൾത്തന്നെ അവഗണനകളും അപര്യാപ്തതകളും നിറഞ്ഞ നമ്മുടെ ചരിത്രത്തിന് സൃഷ്ടിക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയും അതിൽ പങ്കുവയ്ക്കുന്നു.

എരിയുടെ ചരിത്രം തേടുമ്പോൾ

രണ്ടാമത്തെ അധ്യായം വിശേഷിച്ച് 'എരി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിന്തകൾക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നു. സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ദാർശനികതയുടെയും തീവ്ര നൈരാശ്യത്തിന്റെയും ലോകത്തുനിന്ന് ചരിത്രത്തിന്റെയും അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ലോകത്തേക്കുള്ള ചുവടുവയ്പായിരുന്നു ഉത്തരാധുനികത എന്നും ശ്രീ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ 'എരി' എന്ന നോവൽ സ്വീകരിക്കുന്ന, വർത്തമാനത്തിൽ അധിഷ്ഠിതമായ ചരിത്രപരതയെ ഉത്തരാധുനിക പ്രവണതകളുടെ പുരോഗനാത്മകമായ സ്വാധീനമായി കരുതാവുന്നതാണ് എന്നും ചിന്നു അച്ചേബെ അടക്കമുള്ളവർ അനുവർത്തിച്ചുപോന്ന ഹിസ്റ്റോറിയോഗ്രാഫിക് മെറ്റാഫിക്ഷനെന്ന ഉത്തരാധുനിക രചനാസങ്കേതത്തോട് 'എരി' അടുത്തുനിൽക്കുന്നതായും ലേഖകൻ നിരീക്ഷിക്കുന്നു.

സനൽ ഹരിദാസ്

ഭൂതകാലത്തിൽ തന്റെ പൂർവ്വികർ നേരിട്ടിരുന്ന അടിച്ചമർത്തലുകളും ചരിത്രം എന്ന ജ്ഞാനരൂപം തങ്ങളോട് ചെയ്ത അനീതിയും തിരിച്ചറിയുന്നതിനോടൊപ്പം വർത്തമാനകാലത്തെ കീഴാളവസ്ഥ സ്വയം അനുഭവിച്ചറിയുക കൂടി ചെയ്യുന്ന ആളാണ് നോവലിലെ കേന്ദ്രകഥാപാത്രമായ ഗവേഷകൻ. നോവലിസ്റ്റിന്റെ ഒരു പ്രതിരൂപം തന്നെയായി ഈ കഥാപാത്രത്തെ ലേഖകൻ കാണുന്നു. ചരിത്രത്തെ സംബന്ധിച്ചും അതിന്റെ അധികാര കേന്ദ്രിതമായ ഹിംസാത്മക സ്വഭാവത്തെ സംബന്ധിച്ചും അയാൾക്കുണ്ടാവുന്ന തിരിച്ചറിവുകൾ അയാളെ ബദൽ സാധ്യതകൾ തേടാൻ നിർബന്ധിതനാക്കുന്നു, വാമൊഴി ചരിത്രത്തെ മുഖ്യ വിശകലനോപാധിയായി അയാൾ സ്വീകരിക്കുന്നു. ഓർമ്മകൾ, പുരാവൃത്തങ്ങൾ, ഐതിഹ്യങ്ങൾ, പാട്ടുകൾ എന്നിങ്ങനെയുള്ള നിരവധി വാമൊഴി പാരമ്പര്യങ്ങൾ പിന്നീട് അയാൾക്ക് ഉപാദാനങ്ങളായി മാറുന്നു.

കേരളത്തിൽ പറയർക്കും പുലയർക്കുമൊന്നും എഴുതപ്പെട്ട ചരിത്രമില്ലാതെ പോയതും വൈദ്യജ്ഞാനം, ആതുരസേവന രീതികൾ, ആയോധന കല, തച്ചുശാസ്ത്രം, മറ്റനേകം കൈത്തൊഴിലുകൾ എന്നിവയിൽ അവര്ണര്ക്കുണ്ടായിരുന്ന ബൃഹദ് പാരമ്പര്യത്തെ പിന്നീട് സവർണ്ണർ തങ്ങളുടേതാക്കി മാറ്റുകയോ ചരിത്രരചനകളിൽ നിന്ന് തിരസ്കരിക്കുകയോ ചെയ്തതുമെല്ലാം തിരിച്ചറിയുന്നത് നോവലിന്റെ വിഷയമാവുന്നു. പൊതുജീവിതത്തിന്റെ അനുബന്ധം മാത്രമായാണ് എഴുതപ്പെട്ട ചരിത്രത്തിൽ അവർണ്ണർ അടയാളപ്പെടുത്തപ്പെട്ടത്. അപ്രകാരം അദൃശ്യരാക്കപ്പെട്ട ഒരു ജനതയുടെ ചരിത്രത്തെ എപ്രകാരം തെളിയിച്ചെടുക്കാമെന്നും എന്തുകൊണ്ട് അത് അനിവാര്യമാവുന്നു എന്നും നോവൽ പറഞ്ഞുവയ്ക്കുന്നു എന്നു ലേഖകൻ നിരീക്ഷിക്കുന്നു.

പ്രദീപൻ പാമ്പിരികുന്ന്

പ്രൊഫസർ എം കുഞ്ഞാമന്റെ ഒരഭിമുഖത്തെയും ശ്രീ. സനൽ ഈ അധ്യായത്തിൽ ഉദ്ധരിക്കുന്നുണ്ട്. 'പഠിച്ചു ജോലി നേടി ദാരിദ്ര്യത്തിൽ നിന്ന് മുക്തനായിട്ടുണ്ട്, സാമ്പത്തിക സ്വാതന്ത്ര്യം, വസ്ത്രം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സ്വയം പര്യാപ്തതയും സ്വയം നിർണ്ണയവും നടത്തിയിട്ടുണ്ട്, എന്നിരുന്നാലും അധ:കൃത സമൂഹം പൈതൃകമായിത്തന്ന ഭയത്തിൽ നിന്നും അപകർഷതയിൽ നിന്നും ഇന്നും താൻ മുക്തനായിട്ടില്ല' എന്നാണ് അദ്ദേഹം പറയുന്നത്. ദലിതർ മാത്രമല്ല ഈഴവരടക്കമുള്ള അവർണ്ണരും ഈ പ്രതിസന്ധിയെ നേരിടുന്നു എന്ന് സനൽ കൂട്ടിച്ചേർക്കുന്നു; അവരുടെ അനുഭവങ്ങൾ ദലിതരുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെയെന്നും. സവർണ്ണ അനുകരണത്തിന്റെ കൃത്യതയിലും വേഗതയിലും ഈഴവർ അപഹാസ്യമാം വിധം മുന്നിട്ടു നിൽക്കുന്നുണ്ട് എന്നും ലേഖകൻ താൻ കൂടി ഭാഗമായ ആ സമുദായത്തെക്കുറിച്ച് നിരീക്ഷിക്കുന്നു.

നോവലിൽ ആവിഷ്കരിക്കപ്പെടുന്ന, ചരിത്രമോ ഫിക്ഷനോ എന്നു വേർതിരിച്ചെടുക്കാനാവാത്ത ചില സംഭവങ്ങളെ ലേഖകൻ വർത്തമാനകാല സംഭവങ്ങളുമായി ചേർത്തു വായിക്കുന്നു. ആദ്യമായി പുലയക്കുട്ടി മിഷനറി സ്‌കൂളിൽ പഠിക്കാൻ പോയതിന് പുലയക്കുന്നു മുഴുവൻ തീയിടുന്ന നായർ മാടമ്പിമാർ നോവലിലുണ്ട്. അത് നടന്നതായി പറയുന്ന ചേർമല എന്നത് ഇപ്പോഴും പേരാമ്പ്രയിലുള്ള ഒരു സ്ഥലമാണ്. പേരാമ്പ്രയാകട്ടെ, ഇന്ന് 'പൊതു' സമൂഹം ഒന്നാകെ ബഹിഷ്‌കരിക്കുന്ന, പറയ ജാതിയിൽപ്പെട്ട കുട്ടികൾ മാത്രം പഠിക്കുന്ന, ഒരു സ്‌കൂളിന്റെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥലം കൂടിയാണ് എന്ന് ലേഖകൻ ഓർമ്മിപ്പിക്കുന്നു.

ഉപദർശനങ്ങൾ എന്ന ഒരു ചെറിയ മൂന്നാമധ്യായം കൂടി ഈ പഠനത്തിലുണ്ട്. ലേഖകന്റെ നിരീക്ഷണങ്ങളെ ചുരുക്കി എഴുതിയതാണ് അത് എന്ന് ഒറ്റ വാചകത്തിൽ പറയാം.

പ്രസക്തമായൊരു പഠനമാണ് ശ്രീ. സനൽ ഹരിദാസിന്റേത്. അദ്ദേഹത്തിന്റെ തന്നെ എം എ പ്രബന്ധത്തിന്റെ ഒരു പുസ്തകരൂപമാണ് ഈ പഠനം. കിൻഡിൽ എഡിഷൻ ആമസോണിൽ ലഭ്യമാണ്.

TAGS :

Next Story