Quantcast

പൊതു വിദ്യാഭ്യാസം മലബാറുകാർക്ക് അന്യമാണോ?

ജില്ലയിലെ ഗവണ്മെന്റ് ഹൈസ്‌ക്കൂളുകളെ ഹയർ സെക്കന്ററിയായി ഉയർത്തിയും, പുതിയ പ്ലസ് വണ് ബാച്ചുകൾ അനുവദിച്ചും, പുതിയ ഹയർ സെക്കന്ററി സ്‌കൂളുകൾ ആരംഭിച്ചും ഈ വിവേചനം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ട് വരണം

MediaOne Logo

  • Published:

    16 July 2020 2:26 PM GMT

പൊതു വിദ്യാഭ്യാസം മലബാറുകാർക്ക് അന്യമാണോ?
X

പൊതു വിദ്യാഭ്യാസ മേഖല സംരക്ഷണമാണ് തങ്ങളുടെ നയമെന്ന് പിണറായി സർക്കാർ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും സർക്കാരിന് ഇതിൽ ഒട്ടും ആത്മാർഥത ഇല്ല എന്നതാണ് മലബാറിനോടുള്ള സർക്കാർ സമീപനം വ്യക്തമാക്കുന്നത്. അരലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറത്തായിട്ടും ഇതിൽ പ്രായോഗികമായ പ്രശ്‌ന പരിഹാരത്തിന് നാല് വർഷം പിന്നിട്ടിട്ടും ഇടത് സർക്കാർ തയ്യാറായിട്ടില്ല. 2018 ൽ സീറ്റ് ക്ഷാമം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി സീറ്റ് അപര്യാപ്തത ഇല്ല എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്‌ നിയമസഭയിൽ മറുപടി നൽകിയത്. എന്നാൽ മലബാറുകാരൻ കൂടിയായ മുഖ്യമന്ത്രി ഇത് തിരുത്തുകയുണ്ടായി, മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റ് അപര്യാപ്തത കുറച് വർഷങ്ങളായി നിലനിൽക്കുന്നുണ്ടെന്നും പ്രശ്ന പരിഹാരത്തിന് സർക്കാർ പ്രായോഗിക നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു. എത്രമാത്രം ലാഘവത്തോടെയാണ് വിദ്യാഭ്യാസ മന്ത്രിയും, വകുപ്പും വിഷയത്തെ സമീപിക്കുന്നത് എന്നതിന്റെ നേർ ഉദാഹരണം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പക്ഷെ വിവേചനത്തെ കുറിച് കൃത്യമായ ബോധ്യമുള്ള മലബാറുകാരൻ മുഖ്യമന്ത്രിയും പ്രശ്‌ന പരിഹാരത്തിന് ഇതുവരെയും മുതിർന്നിട്ടില്ല.

മലപ്പുറം , കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടുതൽ വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറം തള്ളപ്പെടുന്നത്. 43678 വിദ്യാർത്ഥികളാണ് ഈ വർഷം കോഴിക്കോട് ജില്ലയിൽ നിന്ന് എസ്.എസ്.എൽ.സി പാസായത്. ഇവർക്കായി ഗവണ്മെന്റ് (13000), എയ്‌ഡഡ്‌ (16200) മേഖലയിലായി 29200 സീറ്റുകളാണുള്ളത്. വി.എച്.എസ്.ഇ (2139), ഐ.ടി.ഐ (1593), പോളിടെക്‌നിക് (485) സീറ്റുകൾ കൂടി ചേർന്നാൽ ആകെ 33417 പേർക്കാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ ഉപരി പഠനാവസരങ്ങളുള്ളത്. അപ്പോഴും 10261 വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ മേഖലയിൽ അവസരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ വർഷം 3572 വിദ്യാർത്ഥികൾ സി.ബി.എസ്.സി യിൽ നിന്നും, 182 വിദ്യാർത്ഥികൾ ഐ.സി.എസ്.സി യിൽ നിന്നും, 996 വിദ്യാർത്ഥികൾ മറ്റ് മേഖലയിൽ നിന്നും അടക്കം ആകെ 4750 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയികൾക്ക് പുറമെ ജില്ലയിൽ പ്ലസ് വണ്ണിന് അപേക്ഷ നൽകിയിരുന്നു. ഈ വർഷവും എസ്.എസ്.എൽ.സി വിജയികളോടൊപ്പം മറ്റ് മേഖലകളിൽ നിന്ന് അയ്യായിരത്തോളം വിദ്യാർത്ഥികൾ കൂടി ചേരുന്നതോടെ സീറ്റ് നിഷേധിക്കപ്പെടുന്നവരുടെ എണ്ണം പതിനയ്യായിരം കടക്കും. അൺഎയ്‌ഡഡ്‌ സീറ്റുകളായി ജില്ലയിലുള്ള 5332 സീറ്റുകൾ പരിഗണിച്ചാലും പതിനായിരം പേർ പുറത്ത് തന്നെയാണ്.

2014 ൽ കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോഴാണ് സംസ്‌ഥാനത്ത്‌ 636 പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചത്. ഹയർ സെക്കണ്ടറികൾ ഇല്ലാത്ത പഞ്ചായത്തുകൾ ഇനത്തിൽ നാലും, ഹൈ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തതിലൂടെ 32 ഉം, അധിക ബാച്ചുകളിലൂടെ 32 ഉം അടക്കം ആകെ 68 ബാച്ചുകളാണ് കോഴിക്കോട് ജില്ലയിൽ അനുവദിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടെ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ഇടത് സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്? എത്ര പ്ലസ് വൺ ബാച്ചുകളാണ് മലബാറിലേക്ക് അനുവദിച്ചത്? നയപരമായ എന്ത് തീരുമാനമാണ് സർക്കാർ ഈ വിഷയത്തിൽ കൈക്കൊണ്ടത്? പ്രതിഷേധങ്ങൾ ഉയരുമ്പോൾ സർക്കാരിന് അധിക ബാധ്യത വരാതെ താൽക്കാലിക സീറ്റ് വർധനയാണ് സർക്കാർ ചെയ്യാറുള്ളത്. മലബാറിലേക്കുള്ള വിദ്യാഭ്യാസ ഫയലുകളൊക്കെ ധനവകുപ്പിന്റെ പരിഗണയിൽ എന്ന ചുവപ്പ് നാടയിലാണ് അവസാനിക്കാറുള്ളത്. മലബാറിലെ വിദ്യാഭ്യാസ സ്വപ്നങ്ങളെ തോമസ് ഐസക്കും, കെ.എം മാണിയും ചുവപ്പ് നടയിലാക്കിയതിനെ പഠന വിധേയമാക്കിയാൽ ഇവർ ധന വകുപ്പിന്റെ പരിഗണനയിൽ അവസാനിച്ചതിന്റെയും മലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രവാസ വൽക്കരിച്ചതിന്റെയും ഭീകരത കൂടുതൽ വ്യക്തമാവും.

ജില്ലയിലെ ഗവണ്മെന്റ് ഹൈസ്‌ക്കൂളുകളെ ഹയർ സെക്കന്ററിയായി ഉയർത്തിയും, പുതിയ പ്ലസ് വണ് ബാച്ചുകൾ അനുവദിച്ചും, പുതിയ ഹയർ സെക്കന്ററി സ്‌കൂളുകൾ ആരംഭിച്ചും ഈ വിവേചനം അവസാനിപ്പിക്കാൻ സർക്കാർ മുന്നോട്ട് വരണം. പ്രാദേശിക വിവേചനകളെ കൂടി പരിഹരിച്ചുകൊണ്ടും, ഭൗതിക സൗകര്യങ്ങൾ ഉറപ്പാക്കിയുമാവണം ജില്ലയിൽ പുതിയ ബാച്ചുകൾ അനുവദിക്കുന്നത്. കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ മാത്രം ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഉപരിപഠനാവസരമില്ല. സബ്‌ജില്ലയിലെ പന്ത്രണ്ട് സ്കൂളുകളിൽ നിന്ന് ഇത്തവണ മൂവായിരത്തിലധികം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി വിജയിച്ചിട്ടുണ്ട്. എന്നാൽ സബ്ജില്ലയിൽ ആകെ 36 ബാച്ചുകളിലായി 1800 സീറ്റുകളാണുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ സ്കൂളും കൊടുവള്ളി സബ് ജില്ലയിലാണ്. ഇതിന് പുറമെയാണ് സി.ബി.എസ്.ഇ വിദ്യാർത്ഥികൾ. അത് പോലെ സയൻസ് സ്ട്രീമിൽ സ്റ്റാറ്റിസ്റ്റിക്‌സ് കോമ്പിനേഷനും, കമ്പ്യൂട്ടർ സയൻസ്, ജിയോളജി കോമ്പിനേഷനും ജില്ലയിൽ ലഭ്യമല്ല. സയൻസ് സ്ട്രീമിൽ തന്നെ ബയോളജി, സൈക്കോളജി കോമ്പിനേഷൻ ആകെ ഒരു ബാച്ച് മാത്രമാണ് ജില്ലയിലുള്ളത്. ഹ്യുമാനിറ്റീസ് സ്ട്രീമിൽ ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ് കോമ്പിനേഷൻ ജില്ലയിൽ ഒന്ന് മാത്രമാണുള്ളത്. സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ് കോമ്പിനേഷനും ലഭ്യമല്ല. ഇത്തരത്തിൽ കോമ്പിനേഷൻ പരിഗണിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ തള്ള് അവസാനിപ്പിച് പുതിയ ബാച്ചുകൾ അനുവദിച്ച് ശാശ്വത പ്രശ്‌ന പരിഹാരത്തിന് സർക്കാർ തയ്യാറാവണം.

TAGS :

Next Story