ആസിഫ് തൻഹ: ഭരണകൂട ഭീകരതയുടെ തടവിൽ നൂറുദിനം പിന്നിടുമ്പോൾ
ഷാഹീൻബാഗ് സമരങ്ങൾ 'പൗരത്വം', 'ഭരണഘടന' തുടങ്ങിയ മൗലിക വ്യവഹാരങ്ങളിൽ സാധ്യമാക്കിയ പുതിയ ജനകീയ ഭാവനകളെ തിരിച്ചുവരാത്ത വിധം തുടച്ചു മാറ്റാനാണ് സി.എ.എ സമരനേതാക്കളെ വേട്ടയാടുന്നത്
പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് അറസ്റ്റിലായ ഡൽഹി ജാമിഅ മില്ലിയ്യയിലെ ബിരുദ വിദ്യാർഥിയായ ആസിഫ് ഇഖ്ബാൽ തൻഹ തടവറയിൽ നൂറ് ദിവസം പിന്നിട്ടിരിക്കുന്നു. ഐതിഹാസികമായ പ്രക്ഷോഭത്തിൻ്റെ മുൻനിര നേതാവും സമരത്തിൽ നിർണായക പങ്ക് വഹിച്ച ജാമിഅ സ്റ്റുഡൻസ് കോർഡിനേഷൻ കമ്മിറ്റിയിലെ സജീവ സാന്നിധ്യവും എസ്.ഐ. ഒ പ്രവർത്തകനുമായ ആസിഫിനെ ഗുരുതരമായ കള്ളക്കേസുകളുണ്ടാക്കി അറസ്റ്റ് ചെയ്യുകയും പിന്നീട് യു.എ.പി.എ ചുമത്തുകയുമായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ അദ്ദേഹത്തെ, ചോദ്യം ചെയ്യാനെന്ന പേരില്‍ ഓഗസ്റ്റ് 25 ശനിയാഴ്ച രാത്രിയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ശേഷം ആസിഫ് പുറംലോകം കണ്ടിട്ടില്ല.
രാജ്യത്ത് ദുരിതം വിതച്ച് കോവിഡ്19 വ്യാപിച്ച് തുടങ്ങിയപ്പോൾ രോഗത്തെ മറയാക്കി ഭരണകൂടം പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളെ വേട്ടയാടാൻ ആരംഭിക്കുകയായിരുന്നു. ജാമിയ സമരത്തിന്റെയും ഡൽഹി വംശഹത്യയുടെയും പേരിൽ കള്ളക്കേസുകൾ ചുമത്തി വിദ്യാർഥി നേതാക്കളെ ഓരോരുത്തരെയായി ഡൽഹി പൊലീസ് ജയിലിലടച്ചുകൊണ്ടിരിക്കുകയാണ്. മീരാൻ ഹൈദർ, സഫൂറ സർഗാർ, ശിഫാഉർറഹ്മാൻ, ശർജീൽ ഉസ്മാനി, ശർജീൽ ഇമാം തുടങ്ങിയ വിദ്യാർഥി നേതാക്കളെ ഭീകരമായ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് വേട്ടയാടുന്നത്. ഈ വേട്ടയാടലിൻ്റെ ഇരകളിലൊരാളാണ് ആസിഫ്.
ആസിഫനെതിരെ പ്രധാനമായും രണ്ടു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒന്ന്, ജാമിയ മില്ലിയയിൽ അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രണ്ട്, ഡൽഹിയിൽ കലാപം ആസൂത്രണം ചെയ്തു. സാമാന്യബുദ്ധിയെ പരിഹസിക്കുന്ന തരത്തിലാണ് പൊലീസ് കള്ളക്കേസുകൾ ഉണ്ടാക്കുന്നത്. കാരണം ജാമിഅ മില്ലിയയിൽ അക്രമപ്രവർത്തനങ്ങൾ നടത്തിയത് ആരാണെന്നും ഡൽഹി വംശഹത്യക്ക് പിന്നിൽ പ്രവർത്തിച്ചത് ആരുടെ കൈകളാണെന്നും പകൽ വെളിച്ചം പോലെ വ്യക്തമാണ്.
വംശഹത്യ ലക്ഷ്യമാക്കിയുള്ള പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് കടന്ന സന്ദർഭത്തിൽ, കാലങ്ങളായി നീതി നിഷേധിക്കപ്പെട്ട മുസ്‌ലിം സമുദായവും ബഹുജനകളും അണിചേർന്ന ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ജാമിഅ മില്ലിയ, അലീഗഢ് തുടങ്ങിയ കാമ്പസുകളിൽ പ്രക്ഷോഭം ആഞ്ഞടിച്ചതോടെ പൗരത്വ പ്രക്ഷോഭം കൂടുതൽ ആഗോള ശ്രദ്ധ കൈവരിക്കുകയും ജനകീയമാവുകയും ചെയ്തു. ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രക്ഷോഭം മുന്നോട്ടു കുതിക്കുകയുണ്ടായി. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഡൽഹി പൊലീസും ആർ.എസ്.എസ് ഗുണ്ടകളും ജാമിഅയിലും പരിസരങ്ങളിലും അക്രമം അഴിച്ചുവിട്ടു. പൊലീസ് തന്നെ ബസുകൾ കത്തിച്ചു. ശേഷം, ഈ അക്രമ പ്രവർത്തനങ്ങൾ നടത്തിയത് പ്രക്ഷോഭകാരികളാണെന്ന് പൊലീസ് ആരോപിച്ചു. അങ്ങനെ ജനകീയ പ്രക്ഷോഭത്തെ ഭീകരമുദ്ര ചാർത്തി അടിച്ചൊതുക്കാൻ ശ്രമിച്ചു. പക്ഷേ പൊലീസ് നടത്തിയ അക്രമ പ്രവർത്തനങ്ങളെല്ലാം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. മാധ്യമപ്രവർത്തകർ ആ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചു. വാസ്തവം എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. എന്നിട്ടും, പൊലീസ് ആസിഫിനെതിരെ ചുമത്തിയ കേസുകളിലൊന്ന് ജാമിഅയിലും പരിസരങ്ങളിലും അക്രമം അഴിച്ചുവിട്ടു എന്നതാണ് !
പൗരത്വ പ്രക്ഷോഭത്തെ തകർക്കാൻ ഭരണകൂടം ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതിയായിരുന്നു ഡൽഹി വംശഹത്യ. 2020 ഫെബ്രുവരി അവസാനം ഡൽഹിയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ സംഘ്‍പരിവാർ പൊലീസിൻ്റെ അകമ്പടിയോടെ മുസ്‍ലിംവംശഹത്യ നടത്തുകയുണ്ടായി. 'കലാപം' എന്ന പദപ്രയോഗം ഈ സംഭവത്തിന് ഒട്ടും ചേരുകയില്ല. സാമൂഹ്യമായി ദുർബലമായ ഒരു വിഭാഗത്തിനെതിരെ തീർത്തും ഏകപക്ഷീയമായി നടന്ന വംശഹത്യയായിരുന്നു അത്. കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ തൂടങ്ങിയ ബി.ജെ.പി നേതാക്കൾ പ്രകോപന പ്രസംഗങ്ങളിലൂടെ ആക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. മുസ്‍ലിം വീടുകളും സ്ഥാപനങ്ങളും പള്ളികളും സംഘ്‍പരിവാർ ഗുണ്ടകൾ അക്രമിച്ചു. വിശുദ്ധ ഖുർആൻ ചുട്ടുകരിച്ചു. മിനാരങ്ങളിൽ കാവിക്കൊടി നാട്ടി. അൻപതോളം പേർ കൊല്ലപ്പെട്ടു. നിഷ്പക്ഷരായ മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഇക്കാര്യം വസ്തുതാന്വേഷണ റിപ്പോർട്ടിൽ തെളിവുകൾ സഹിതം വെളിപ്പെടുത്തുകയുണ്ടായി. സംഘ്പരിവാർ ആസൂത്രണം ചെയ്ത ഈ വംശഹത്യയുടെ പേരിലാണ് ഇപ്പോൾ ആസിഫിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്! ജാമിഅയിൽ അക്രമപ്രവർത്തനങ്ങൾ നടത്തിയതും ബസ്സുകൾ കത്തിച്ചതും താനാണെന്നും ഡൽഹി കലാപത്തിന് പിന്നിൽ ജിഹാദീ ഗൂഢാലോചനയുണ്ടെന്നും ഇന്ത്യയെ ഒരു ഇസ്ലാമിക് റിപ്പബ്ലിക് ആക്കി മാറ്റുക എന്നത് തന്റെ ദീർഘകാലത്തെ അഭിലാഷമാണെന്നും പൊലീസിലെ സ്പെഷൽ സെല്ലിന് മുമ്പിൽ ആസിഫ് കുറ്റം സമ്മതിച്ചതായി സംഘ് അനുകൂല മാധ്യമങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. വാസ്തവവിരുദ്ധമായ, നട്ടാൽ മുളക്കാത്ത ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് ആരെ വിഡ്ഢിയാക്കാൻ വേണ്ടിയാണ്!
ഇന്ത്യയിൽ ആരോഗ്യ അടിയന്തിരാവസ്ഥയുടെ മറവിൽ ഫാഷിസ്റ്റ് ഭരണകൂടം രാഷ്ട്രീയ അടിയന്തിരാവസ്ഥ രൂപപ്പെടുത്തുകയാണ്. രോഗ പ്രതിരോധത്തിൻ്റെയും ജീവ സംരക്ഷണത്തിൻ്റെയും പേരിലുള്ള നിയന്ത്രണങ്ങൾ വഴി ഫാഷിസ്റ്റ് ഭരണകൂടം പൗരസ്വാതന്ത്രത്തെ ഘടനാപരമായി തന്നെ തകർക്കുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരുവില്‍ പ്രതിഷേധങ്ങളുയരില്ലെന്ന പഴുതുപയോഗിച്ചാണ് പൊലിസിന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങളായ ജമിഅ മില്ലിയ്യയിലും അലീഗഢിലും നടന്ന സമരങ്ങൾ പൗരത്വ പ്രക്ഷോഭത്തിന് ഗതിവേഗം പകർന്നിരുന്നു. മുസ്‍ലിം വിദ്യാർഥികളുടെ നേതൃത്വം പുതിയ ഭാവനകളിലേക്ക് പൗരത്വ പ്രക്ഷോഭത്തെ നയിക്കുകയുണ്ടായി. പൗരത്വ പ്രക്ഷോഭവും അതിന്റെ ഭാഗമായി നടന്ന ശാഹീൻ ബാഗ് സമരവും സാധ്യമാക്കിയ മുസ്‍ലിം കീഴാള കർതൃത്വത്തിലുള്ള പുതിയ ജനാധിപത്യ ഭാവനകളെ തല്ലിക്കെടുത്താൻ ശ്രമിക്കുകയയാണ് ഫാഷിസ്റ്റ് ഭരണകൂടം ലോക്ഡൗണിൻ്റെ തുടക്കം മുതൽ ചെയ്തത്. രാജ്യമൊട്ടാകെ നടന്ന ഷാഹീൻ ബാഗു മോഡൽ സമരങ്ങൾ 'പൗരത്വം', 'ഭരണഘടന' തുടങ്ങിയ മൗലിക വ്യവഹാരങ്ങളിൽ സാധ്യമാക്കിയ പുതിയ ജനകീയ ഭാവനകളെ തിരിച്ചുവരാത്ത വിധം തുടച്ചു മാറ്റാനാണ് പ്രക്ഷോഭത്തിൻ്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി നേതാക്കളെ യു.എ.പി.എ അടക്കം ചാർത്തി ജയിലിലടക്കുന്നത്.
പൗരത്വ നിഷേധം മുസ്‍ലിംകളുടെ അസ്തിത്വം തന്നെ ചോദ്യചിഹ്നത്തിലാക്കുന്നതിനാൽ, പൗരത്വ പ്രക്ഷോഭങ്ങൾ പുതിയ വികാസങ്ങൾ തേടുന്നുണ്ടായിരുന്നു. അതിനെ ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. മുസ്‍ലിം രാഷ്ട്രീയത്തിന് പുതിയ തുറവികൾ സാധ്യമാക്കാൻ കഴിവുള്ള, പൗരത്വ സമരത്തിലൂടെ രൂപപ്പെട്ടു വന്ന ആക്ടിവിസ്റ്റ് ബ്ലോക്കിനേയും ബുദ്ധിജീവികളെയുമാണ് അവർ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നത്. ജനാധിപത്യത്തിൻ്റെയും പൗരസ്വാതന്ത്ര്യത്തിൻ്റെയും കാര്യത്തിൽ മാധ്യമജാഗ്രത ഇല്ലെന്ന് മാത്രമല്ല, വലതുപക്ഷ മീഡിയകളുടെ മുസ്‍ലിം വിരുദ്ധ സമീപനവും ഭരണകൂട വേട്ടയെ കൂടുതൽ എളുപ്പമാക്കുന്നു. കൊറോണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മുഴുവൻ ജനങ്ങളുടെയും ആരോഗ്യത്തെയും ജൈവ സുരക്ഷിതത്വത്തെയും കുറിച്ച് വാചാലരാവുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ വിമർശകർ പോലും മുസ്‍ലിംകളുടെ രാഷ്ട്രീയ അവകാശങ്ങളുടെയും സാമൂഹിക സുരക്ഷിതത്വത്തിൻ്റെയും കാര്യം വരുമ്പോൾ തികഞ്ഞ മൗനത്തിലാണ്. ലോക്ഡൗൺ മറവിൽ മുസ്‌ലിം വിദ്യാർഥി നേതാക്കളും ആക്ടിവിസ്റ്റുകളും ക്രൂരമായ ഭരണകൂട വേട്ടക്കിരയാവുമ്പോൾ പ്രതിപക്ഷ കക്ഷികൾ ഔപചാരിക പ്രതിഷേധങ്ങൾ പോലുമില്ലാതെ മൗനികളാവുന്നത് ഇതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്. എന്നാൽ പൗരത്വ പ്രക്ഷോഭത്തിന്റെ ശബ്ദങ്ങൾ നിലക്കാതെ തുടരുകയും ഭരണകൂടം നടത്തുന്ന വേട്ടകളെ എതിരിടുകയും പ്രതിഷേധ സ്വരങ്ങൾ ഉയർത്തുകയും ചെയ്യുക എന്നത് നീതിയിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്.
Adjust Story Font
16