ഡൽഹി വംശഹത്യ: ഭരണകൂട ഗൂഢാലോചനയും മുസ്‌ലിം അനുഭവങ്ങളും
ഡല്‍ഹിയില്‍ ഹിന്ദുത്വ ശക്തികൾ ആസൂത്രിതമായി നടത്തിയ വംശഹത്യയുടെയും, അതിൽ ഭരണകൂട സംവിധാനങ്ങളുടെ പങ്കും തുറന്നുകാട്ടുന്ന പ്രബ്ജിത് സിംഗും അര്‍ഷു ജോണും തയ്യാറാക്കിയ 'കാരവൻ' റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ
24 ഫെബ്രുവരി 2020. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് ഡെപ്യൂട്ടി കമ്മീഷണറിന്റെ സാന്നിധ്യത്തിൽ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തുകൊണ്ട് 'കപിൽ മിശ്ര' നടത്തിയ പ്രകോപന പ്രസംഗത്തിന്റെ ബാക്കിപത്രമെന്നോണം മുസ്‌ലിംകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും, അതിഭീകരമായ അന്തരീക്ഷം പ്രതീക്ഷിക്കാതെ ഏതൊരു ദിവസത്തെയും പോലെ ജോലി ചെയ്യുകയായിരുന്നു 'ശാദാബ് ആലം'. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ധാരണയുണ്ടായപ്പോൾ കടയടച്ച് മുതലാളിയുടെയും സഹപ്രവർത്തകരുടെയും കൂടെ ടെറസിലേക്ക് രക്ഷപ്പെടുകയായിരുന്ന ശാദാബിനെയും കൂട്ടരെയും പോലീസുകാർ പിടികൂടി കൊണ്ടുപോവുകയായിരുന്നു. തൊഴിലാളികൾ നിരപരാധികളാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും, മുസ്‌ലിം യുവാക്കളെ തെരഞ്ഞുപിടിച്ച് കൊണ്ടുപോകാൻ വന്ന കാക്കിപ്പട അത് പരിഗണിച്ചില്ലെന്ന് കടയുടമ 'അനുരാഗ് ഗായ്' ഓർത്തെടുക്കുന്നു. ഇവരെ കൂടാതെ വടക്കു-കിഴക്കൻ ഡൽഹിയിലെ പലഭാഗങ്ങളിൽ നിന്ന് 23 മുസ്‌ലിം ചെറുപ്പക്കാരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പോലീസ് ലോക്കപ്പിൽ ക്രൂരമായ അനുഭവങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, അതിനെക്കാൾ കൊടിയതും മനുഷ്യത്വരഹിതവുമായ പീഡനങ്ങളാണ് 'സമാധാനപാലകരിൽ' നിന്ന് അനുഭവിക്കേണ്ടി വന്നതെന്ന് ഇവർ പറയുന്നു. അറസ്റ്റു രേഖപ്പെടുത്തിയവരെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന നിയമത്തെ കാറ്റിൽപറത്തിയ പോലീസ്, ഫെബ്രുവരി 24ന് അറസ്റ്റു ചെയ്ത കൂട്ടരെ, ന്യായാധിപർ വഴി അവരുടെ കുടുംബാംഗങ്ങൾ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ 28ആം തിയതി ദയൽപ്പൂർ പൊലീസ് അധികാരികളോട് മജിസ്‌ട്രേറ്റ് വിശദീകരണം തേടിയപ്പോഴാണ് കോടതിയിൽ ഹാജരാക്കുന്നത്. അനധികൃതമായി തടവറയിലടക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരോട് സംസാരിക്കാൻ ചെന്ന വക്കീലുമാർ കണ്ടത്, അടിമുടി ആക്രമിക്കപ്പെട്ട് ദുർഗന്ധം വമിക്കുന്ന മരവിച്ച ശരീരങ്ങളാണ്. മൂത്രവിസർജനത്തിന് അനുവാദം ചോദിച്ചാൽ മൂത്രപ്പുര എത്തുന്നതുവരെയുള്ള അടി പേടിച്ച് സെല്ലിനകത്തു തന്നെ കാര്യം സാധിക്കുകയാണ് ഇവർ ചെയ്തത്. മലവിസർജനത്തെ കുറിച്ച് ചോദിച്ചപ്പോൾ: "കഴിക്കാൻ എന്തെങ്കിലും കിട്ടിയാലല്ലേ അത് ആലോചിക്കേണ്ടതുള്ളൂ" എന്നായിരുന്നു മറുപടി.
തെരുവിൽ ആക്രമിക്കാൻ ഇറങ്ങിയ ഹിന്ദു ആൾക്കൂട്ടത്തിന്റെ അതേ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിപ്പിക്കാനുള്ള സമ്മർദം പോലീസ് സ്റ്റേഷനിലും തുടർന്നു. തങ്ങളെ അടിച്ചതിനാൽ ഒറ്റ രാത്രി കൊണ്ടുതന്നെ രണ്ടു ലാത്തികൾ പൊട്ടുകയും, ശേഷം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന 'റൂം ഹീറ്ററിനു' മുകളിലേക്ക് മൂത്രമൊഴിക്കാൻ പോലീസുകാർ പറഞ്ഞ അനുഭവം 'മുഹമ്മദ് റാസി' പങ്കുവെക്കുന്നുണ്ട്. ഇത്രയും നിഷ്ഠൂരമായ പീഡനങ്ങൾക്ക് വിധേയമാക്കി ഇവർക്കെതിരെ തയ്യാറാക്കിയ എഫ്.ഐ.ആർ നമ്പർ 57ലും 58ലും ഒരാളുടെ പേരുപോലും വ്യക്തമാക്കി പറയാൻ പോലീസിന് സാധിച്ചിരുന്നില്ല. 24ആം തിയതിയിലെ സി.സി.ടി.വി ദൃശ്യങ്ങളും, കടയുടമ 'ഗായി'യുടെ മൊഴിയും തെളിവായി നിരത്തിക്കൊണ്ട് 28ആം തിയതിയാണ് അറസ്റ്റു ചെയ്തതെന്ന പോലീസ് വാദം പച്ചക്കള്ളമാണെന്നും, ഈ അനധികൃത തടങ്കൽ സമയത്ത് ഇവരനുഭവിച്ച പോലീസ് മർദനത്തിന്റെ തെളിവായി മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുപോലും ജാമ്യം അനുവദിക്കപ്പെട്ടില്ല. പോലീസ് വിവരണങ്ങളിലെ പൊരുത്തക്കേടുകൾ തിരിച്ചറിയുന്ന വിശദമായ ഉത്തരവ് ഡൽഹി ഹൈകോടതി ജഡ്ജി 'മുക്ത ഗുപ്‌ത' പുറപ്പെടുവിച്ചിരുന്നെങ്കിലും അവർ തടവറയിലേക്ക് തന്നെ തിരിച്ചയക്കപ്പെട്ടു. പട്ടാപ്പകൽ തെരുവിലിറങ്ങി ആക്രമണമഴിച്ചുവിട്ട ഗുണ്ടകൾക്കും കണ്മുന്നിൽ നീതി അട്ടിമറിച്ച പോലീസുകാർക്കും ഇടയിൽ, വടക്കു-കിഴക്കൻ ഡൽഹിയിലെ മുസ്‌ലിം യൌവ്വനം നേരിട്ട ദുരനുഭവങ്ങളുടെ നിര ഇനിയും നീണ്ടുകിടക്കുന്നു.
അനധികൃതമായി തടവറയിലടക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരോട് സംസാരിക്കാൻ ചെന്ന വക്കീലുമാർ കണ്ടത്, അടിമുടി ആക്രമിക്കപ്പെട്ട് ദുർഗന്ധം വമിക്കുന്ന മരവിച്ച ശരീരങ്ങളാണ്. മൂത്രവിസർജനത്തിന് അനുവാദം ചോദിച്ചാൽ മൂത്രപ്പുര എത്തുന്നതുവരെയുള്ള അടി പേടിച്ച് സെല്ലിനകത്തു തന്നെ കാര്യം സാധിക്കുകയാണ് ഇവർ ചെയ്തത്. മലവിസർജനത്തെ കുറിച്ച് ചോദിച്ചപ്പോൾ: "കഴിക്കാൻ എന്തെങ്കിലും കിട്ടിയാലല്ലേ അത് ആലോചിക്കേണ്ടതുള്ളൂ" എന്നായിരുന്നു മറുപടി
ഏപ്രിൽ അവസാനത്തോടെ പോലീസ് സമർപ്പിച്ച ചാർജ് ഷീറ്റിനൊപ്പം ഒമ്പതോളം പേരുടെ കുറ്റം വെളിപ്പെടുത്തുന്ന പ്രസ്താവനയും ഉണ്ടായിരുന്നു. പോലീസ് കെട്ടിച്ചമച്ച പ്രസ്താവനയാണ് അതെന്ന് വ്യക്തമാകുന്ന തരത്തിൽ ഏഴെണ്ണവും ഒരേ ശൈലിയിൽ എഴുതപ്പെട്ടതായിരുന്നു. ഒരേ വാക്കുകൾ ഉപയോഗിക്കാതിരിക്കാനുള്ള 'മാന്യത' പോലും അധികൃതർ കാണിച്ചില്ല. കുറ്റം ആരോപിക്കപ്പെട്ടവർ സ്റ്റേഷനിൽ പിടിച്ചുവെക്കപ്പെട്ട അതേ സമയത്തുതന്നെ അൻപതോളം പേർ തെരുവിൽ കൊല്ലപ്പെട്ടിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. മൂന്നു മുസ്‌ലിം ശരീരങ്ങൾ ജീവനോടെ കത്തിച്ചതിൽ താനും ഭാഗവാക്കായിട്ടുണ്ട് എന്ന് ഒരു ഹിന്ദു വ്യക്തി കാരവനോട് 'അഭിമാനത്തോടെ' സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
1984ലെ സിഖ്‌വിരുദ്ധ കലാപത്തിനും 2002ലെ മുസ്‌ലിംവിരുദ്ധ ഗുജറാത്ത് കലാപത്തിനും സമാനമായി 2020ലെ വടക്കു-കിഴക്കൻ ഡൽഹിയിൽ നടന്ന മുസ്‌ലിം വംശഹത്യയിലും രാഷ്ട്രീയ അധികാരികളും പോലീസും നേരിട്ട് പങ്കുകൊണ്ടതിന്റെ ധാരാളം തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അക്രമത്തിന് ഇരയായവർ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് കേസ് കൊടുത്തപ്പോഴൊക്കെ അവ അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത്. മുസ്തഫാബാദിലെ ഈദ്ഗാഹ് ദുരിതാശ്വാസ ക്യാമ്പിൽ വെച്ചാണ് കുറച്ചെങ്കിലും പരാതികൾ മുഖേന ആളുകൾക്ക് നിർഭയത്വം ലഭിച്ചത്.
തെളിവുകളോടെയുള്ള ഇത്തരം പരാതികളെ കുറിച്ച് കാരവൻ ബി.ജെ.പി നേതാക്കളോട് അന്വേഷിച്ചപ്പോൾ, ആരോപണങ്ങളൊക്കെയും നിഷേധിക്കുകയാണ് ചെയ്തത്. ഇന്ത്യൻ എക്സ്പ്രസ്, ദ് പ്രിന്റ് എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ച ഇത്തരം വാർത്തകളെ കുറിച്ച് ചോദിച്ചപ്പോൾ, കാരവനെ 'ജിഹാദി' മാസികയായി പ്രഖ്യാപിച്ചുകൊണ്ട് എളുപ്പത്തിൽ കൈകഴുകാനാണ് 'കപിൽ മിശ്ര' ശ്രമിച്ചത്
ചന്ദ്ബാഗിന് സമീപം പ്രതിഷേധക്കാരിൽ ഒരാളെ മൂന്നു സീനിയർ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് കൊല്ലുന്ന കാഴ്ചയും, കപിൽ മിശ്രയോട് ശവശരീരങ്ങൾ വാഗ്ദാനം ചെയ്ത പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ ഫോൺ വിളിയും, മദ്രസയിൽ നിന്നും പള്ളിയിൽ നിന്നും കൊള്ളയടിച്ച സമ്പാദ്യം മുഴുവൻ ബി.ജെ.പി നേതാവ് 'സത്യപാൽ സിങിന്റെ' വീട്ടിലേക്ക് എത്തിച്ചുകൊടുക്കാൻ മേൽനോട്ടം നൽകിയ പോലീസുകാരുടെ സാന്നിധ്യവും, "ഇനി ഒരാളെ പോലും ബാക്കി വെക്കില്ലെന്ന്" സത്യപാൽ സിങിന് പോലീസ് അധികാരി 'തർകേശ്വർ സിങ്' നൽകിയ വാക്കുമൊക്കെ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടുള്ള പരാതികൾ അനവധിയുണ്ട്. ബി.ജെ.പി നേതാക്കളായ യു.പി നിയമസഭാംഗം 'നന്ദ് കിഷോർ ഗുജ്ജാർ', ഡൽഹി നിയമസഭാംഗം 'മോഹൻ സിംഗ് ബിഷ്ട്', മുൻ എം.എൽ.എ ആയിരുന്ന 'ജഗദീഷ് പ്രദാൻ' തുടങ്ങിയ വൻനിരയുടെ ലിസ്റ്റ് തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
തൊപ്പി വെച്ചതിനാൽ ആൾക്കൂട്ടം മുസ്‌ലിമാണെന്ന് തിരിച്ചറിഞ്ഞ് ആക്രമിച്ച 'മുസ്തഖിൻ' എന്ന ഓട്ടോഡ്രൈവറെ നിർബന്ധപൂർവം മഴു കയ്യിൽ പിടിപ്പിച്ച്, അതിന്റെ വീഡിയോ പകർത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്ത പോലീസുകാർ വരെ ഉണ്ടായിട്ടുണ്ട്. നേതാക്കൾക്കും പൊലീസിനും എതിരെയുള്ള ആരോപണങ്ങൾ വ്യക്തമായി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവർത്തിച്ചിട്ടും മേൽപ്പറഞ്ഞ കേസുകളിലൊന്നും തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇത്തരം കേസുകളിൽ എഫ്.ഐ.ആർ രേഖപ്പെടുത്താൻ പോലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ ശ്രമം ഉണ്ടാകണമെന്ന് നിർദേശിച്ച ഡൽഹി ഹൈക്കോടതി ജഡ്‌ജി 'എസ്. മുരളീധർ' അന്നു രാത്രി തന്നെ സ്ഥലംമാറ്റപ്പെട്ടു. തെളിവുകളോടെയുള്ള ഇത്തരം പരാതികളെ കുറിച്ച് കാരവൻ ബി.ജെ.പി നേതാക്കളോട് അന്വേഷിച്ചപ്പോൾ, ആരോപണങ്ങളൊക്കെയും നിഷേധിക്കുകയാണ് ചെയ്തത്. ഇന്ത്യൻ എക്സ്പ്രസ്, ദ് പ്രിന്റ് എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ച ഇത്തരം വാർത്തകളെ കുറിച്ച് ചോദിച്ചപ്പോൾ, കാരവനെ 'ജിഹാദി' മാസികയായി പ്രഖ്യാപിച്ചുകൊണ്ട് എളുപ്പത്തിൽ കൈകഴുകാനാണ് 'കപിൽ മിശ്ര' ശ്രമിച്ചത്.
സി.എ.എ-എൻ.ആർ.സി നിയമങ്ങൾ പിൻവലിക്കണം എന്നതിനപ്പുറം സംവരണത്തിനു കൂടി ആളുകൾ മുദ്രാവാക്യമുയർത്തിയത് അധികാരികളെ വ്യക്തമായും ചൊടിപ്പിച്ചിട്ടുണ്ട്. അംബേദ്‍കറിന്റെ ഫോട്ടോകൾ കീറാൻ എ.സി.പി അനൂജ് കുമാർ അടക്കമുള്ളവർ മറന്നില്ല
ഈ നേതാക്കളാരും ശിക്ഷിക്കപ്പെടാതെ നിലനിൽക്കുന്ന അതേ വ്യവസ്ഥയിൽ തന്നെയാണ് സി.എ.എ വിരുദ്ധ സമര നേതാക്കളടക്കം 19 പേർ യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങൾ ചാർത്തപ്പെട്ട് തടവറയിലായത്. ജെ.എൻ.യു പൂർവ വിദ്യാർഥി ഉമർ ഖാലിദിനെയും യുണൈറ്റഡ് എഗൈനസ്റ്റ് ഹെയ്റ്റ് നേതാവ് ഖാലിദ് സൈഫിയെയും ആം ആദ്മി പാർട്ടി നേതാവായിരുന്ന താഹിർ ഹുസൈനെയും ചേർത്തുവച്ച് ഒരു കഥ തന്നെ പോലീസ് സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിക്കപ്പെട്ടത് ജനുവരി പതിമൂന്നിനാണ്. ഇത് മുതലെടുത്തുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ചിത്രം വഷളാക്കാൻ ജനുവരി എട്ടിനു തന്നെ ഇക്കൂട്ടർ ഗൂഢാലോചന നടത്തി എന്നതാണ് പോലീസിന്റെ വിചിത്ര വാദം! ഇതെല്ലാം കേന്ദ്രസർക്കാർ ശരിവെക്കുകയും ചെയ്യുന്നു. 2002ലെ ഗുജറാത്ത് കലാപ സമയത്ത് മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന യാഥാർഥ്യം ആവർത്തിച്ച് ഓർമിപ്പിക്കപ്പെടുകയാണ് ഇവിടെ.
പ്രത്യക്ഷമായ ഇരട്ട നീതി വിളയാടിയ ഒരു സമയം കൂടിയായിരുന്നു ഇത്. ഭജൻപുരയിലെ പോലീസ് ബൂത്ത് കത്തിച്ചെന്ന, റിപ്പോർട്ടുകളിൽ ഇല്ലാത്ത സംഭവത്തിന്റെ പേരിലാണ് 'ഇക്രം' എന്ന തുന്നൽക്കാരനെ അറസ്റ്റു ചെയ്തതെങ്കിൽ, കാരവൻ റിപ്പോർട്ട് ചെയ്തതു പ്രകാരം ഇതേ ഭജൻപുരയിലെ പോലീസ് ബൂത്തിന് സമീപത്തുള്ള പെട്രോൾ സ്റ്റേഷൻ ഹിന്ദു ആൾക്കൂട്ടം കത്തിച്ചിട്ടുണ്ട്. "പേടിക്കേണ്ട, പോലീസ് നിങ്ങളുടെ കൂടെയുണ്ടെന്ന്" ആക്രമിക്കാൻ വന്ന ആൾക്കൂട്ടത്തോട് പ്രഖ്യാപിച്ച എസ്.പി ദിനേശ് ശർമ ഒരുവശത്തെങ്കിൽ, കുത്തിയിരുപ്പ് സമരത്തിലായിരുന്ന സ്ത്രീകളോട് അസഭ്യം പറയുകയാണ് പോലീസ് ചെയ്തത്. ഒരേശ്വാസത്തിൽ 'ജയ് ശ്രീറാമും', ഡൽഹി പോലീസിനും കപിൽ മിശ്രക്കും സിന്ദാബാദും വിളിച്ചുകൊണ്ടാണ് ആൾക്കൂട്ടം കൊള്ളയടിക്കാനും ആക്രമിക്കാനും മുന്നിട്ടിറങ്ങിയത്. ഈ ഇരട്ട നീതി വ്യക്തമായതിനാൽ ക്രിക്കറ്റ് ബാറ്റ് കയ്യിൽ പിടിച്ചുനിന്ന ചിത്രം തെളിവായി കാണിച്ചുകൊണ്ട്, മകനെ അറസ്റ്റു ചെയ്യാൻ വന്ന പോലീസുകാരെ സധൈര്യം നേരിട്ട ഭാനുവിനെ പോലുള്ളവരും ഓർമകൾ പങ്കുവെക്കുന്നുണ്ട്. പോലീസുകാർ ആശ്രയമാവില്ലെന്ന് തിരിച്ചറിഞ്ഞ്, സ്വയംരക്ഷാർഥം വടിയും കല്ലുകളുമായി വീടിനു കാവൽ നിൽക്കേണ്ടി വന്നവർ അനവധിയാണ്.
സി.എ.എ-എൻ.ആർ.സി നിയമങ്ങൾ പിൻവലിക്കണം എന്നതിനപ്പുറം സംവരണത്തിനു കൂടി ആളുകൾ മുദ്രാവാക്യമുയർത്തിയത് അധികാരികളെ വ്യക്തമായും ചൊടിപ്പിച്ചിട്ടുണ്ട്. അംബേദ്‍കറിന്റെ ഫോട്ടോകൾ കീറാൻ എ.സി.പി അനൂജ് കുമാർ അടക്കമുള്ളവർ മറന്നില്ല. "നമ്മുടെ മൂത്രപ്പുരകൾ വൃത്തിയാക്കുന്നവരെ നമുക്കൊപ്പം വേദികളിൽ ഇരുത്തണമോ" എന്നാക്രോശിച്ച കപിൽ മിശ്രയും കൂട്ടരും ദലിതരുടെയും മുസ്‌ലിംകളുടെയും വാഹനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോൾ, അതിനു കാവൽക്കാരായി നിൽക്കുന്നതോടൊപ്പം സമര പോരാളികളെ ഭീഷണിപ്പെടുത്താനും ടി.സി.പി 'വേദ് പ്രകാശ് സൂര്യ' അടക്കമുള്ളവർ മുൻനിരയിലുണ്ടായിരുന്നു.
മറക്കാൻ കഴിയാത്ത ഭീകരമായ അനുഭവങ്ങൾ അനവധി പേർ പങ്കുവെക്കുന്നുണ്ട്. അതിനൊക്കെയും അവർ തെളിവുകൾ നിരത്തുന്നുമുണ്ട്. ജീവൻ രക്ഷിക്കാനെന്നോണം തന്റെ മുസ്‌ലിം സ്വത്വം മറച്ചുവെച്ചുകൊണ്ട് രാജു എന്ന കള്ളപ്പേര് പറഞ്ഞിട്ടും 'ജയ് ശ്രീറാം' ഏറ്റുവിളിച്ചിട്ടും പരാജയപ്പെട്ട 'ഇഖ്‌റർ' എന്ന യുവാവ്, എങ്ങനെയോ താൻ തലനാരിഴക്ക് രക്ഷപ്പെട്ട കഥ ഇന്നും ഭീതിയോടെ ഓർക്കുന്നു. രണ്ടുമൂന്നു പേരെ ജീവനോടെ കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നന്ദ് കിഷോർ ഗുജ്ജാറിന് അയക്കാൻ നിർദേശിക്കപ്പെട്ട അണികളുടെ ഇടയിൽനിന്ന് രക്ഷപ്പെട്ടതിനുശേഷം, പിന്നീട് പരാതി നൽകിയെങ്കിലും ഇതുവരെ എവിടെയും എത്തിയിട്ടില്ല. വ്യക്തികളെ ലക്ഷ്യംവെക്കുന്നതിനൊപ്പം, മദ്റസകളും പള്ളികളും കൃത്യമായി ആക്രമിക്കപ്പെട്ടിരുന്നു. ഫാറൂക്കിയ മസ്ജിദ് കത്തിച്ച ആൾക്കൂട്ടം പിറ്റേന്ന് പോലീസിന്റെ സഹായത്താൽ സി.സി.ടി.വി അടിച്ചു തകർത്തുകൊണ്ടിരിക്കെ 'ഇല്യാസ്' എന്ന ചെറുപ്പക്കാരൻ അത് തടയണമെന്ന് പോലീസ് മേധാവി തർകേശ്വറിനോട് ആവശ്യപ്പെട്ടപ്പോൾ, സമരം അവസാനിപ്പിക്കാത്തതിന്റെ അനന്തരഫലമാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തർകേശ്വറിന്റെ കാറിൽനിന്ന് പെട്രോൾ എടുത്തുവന്ന് മദ്രസ കത്തിക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.
വടക്കു-കിഴക്കൻ ഡൽഹിയിൽ നടന്ന വംശഹത്യയിൽ പലർക്കും പല തോതിൽ നഷ്‌ടങ്ങളുണ്ടായപ്പോൾ, തിരിച്ചുനൽകാനാവാത്ത ജീവൻ നഷ്ടപ്പെട്ട വലിയ വിഭാഗം ആളുകൾ തന്നെ ഉണ്ടായിരുന്നു. ജീവിതം നഷ്ടപ്പെട്ടതിനപ്പുറം കൊലയാളികൾ സംരക്ഷിക്കപ്പെടുന്ന അവസ്ഥ അതിക്രൂരമാണ്. 25 വയസ്സുകാരനായിരുന്ന ഓട്ടോഡ്രൈവർ ഷാഹിദ് അൽവി കൊല്ലപ്പെടുന്നത് മോഹൻ നഴ്സിംഗ് ഹോമിന് എതിർ വശത്തുള്ള സപ്തരിഷി കെട്ടിടത്തിന്റെ മച്ചിൽ വെച്ചാണ്. പൊലീസിന്റെ നിഗമനത്തിൽ ഷാഹിദിനെ വെടിവെച്ചത് സമരത്തിലുണ്ടായിരുന്ന മുസ്‌ലിം വ്യക്തിയാണ്. ഈ വാദത്തെ സാധൂകരിക്കാൻ ഒരു കൂട്ടം മുസ്‌ലിം ചെറുപ്പക്കാർ തോക്കും കല്ലുകളുമായി മുകളിലേക്ക് കയറുന്നത് കണ്ട മൂന്നു ദൃക്സാക്ഷികളെയും പോലീസ് കൊണ്ടുവന്നിരുന്നു. എന്നാൽ, ന്യൂസ് ലോൺട്രിയിൽ കൊടുത്ത അഭിമുഖത്തിൽ ഇവരൊക്കെയും പോലീസിന്റെ വാദത്തെ തള്ളിക്കളയുന്നുണ്ട്. ആയുധം കൈവശമുള്ള ആരെയും തങ്ങൾ കണ്ടിരുന്നില്ല എന്ന് കൃത്യമായി അവർ ന്യൂസ് ലോൺട്രിയോട് പറഞ്ഞു. മോഹൻ നഴ്സിംഗ് ഹോമിൽ നിന്നല്ല വെടിയുതിർത്തത് എന്ന് വരുത്തിതീർക്കാൻ പോലീസ് പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ അവർ അതിനായി ഉപയോഗിച്ച വാദങ്ങളൊക്കെയും ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ തള്ളിക്കളഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 24ന് ഷാഹിദ് മരിച്ചെന്നറിഞ്ഞിട്ടും, മാർച്ച് ഒന്നിന് മാത്രമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സപ്തരിഷി കെട്ടിടത്തിൽ ഫോറൻസിക് പരിശോധന നടത്താൻ മാർച്ച് ഏഴു വരെ പോലീസ് നിർദേശവും നൽകിയില്ല. എന്നാൽ, ഈ നിസ്സംഗത നിരപരാധികളെ ക്രൂശിക്കുന്നതിൽ തീരെയില്ല. സംഭവം നടക്കുമ്പോൾ സ്വന്തം വീട്ടിലുണ്ടായിരുന്ന മുഹമ്മദ് ഫിറോസ് അടക്കമുള്ളവരാണ് ഷാഹിദിന്റെ കൊലപാതകത്തിന് കാരണക്കാരായി പോലീസ് കണ്ടെത്തിയത്. മോഹൻ നഴ്സിംഗ് ഹോമിനെ സംരക്ഷിക്കാൻ പിന്നീടും പോലീസിന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. മോഹൻ നേഴ്സിംഗ് ഹോമിൽ നിന്ന് എറിഞ്ഞ ബോംബ് കാരണം കൈ നഷ്ടപ്പെട്ട 'അക്രം ഖാൻ', തന്റെ പരാതി രേഖപ്പെടുത്താൻ വന്ന പോലീസുകാരനോട് ആ സ്ഥാപനത്തിന്റെ പേര് എടുത്തുപറഞ്ഞിട്ടും അത് രേഖപ്പെടുത്താൻ പോലീസ് തയ്യാറായില്ല. പിന്നീട് വാഹനമിടിച്ചാണ് അദ്ദേഹത്തിന് കൈ നഷ്ടപ്പെട്ടത് എന്നൊരു കഥയാണ് പോലീസുകാർ ഉണ്ടാക്കിയെടുത്തത്. കലാപത്തിനിരയായവർക്ക് വേണ്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് വേണ്ടിയാണ് ഖാൻ തന്റെ കഥ മാറ്റിപ്പറയുന്നത് എന്നായിരുന്നു പോലീസിന്റെ വാദം. ആറു കിലോമീറ്റർ അപ്പുറമുള്ള ഹോസ്പിറ്റലിലേക്കാണ് ഖാനെ കൊണ്ടുപോയതെന്ന അയുക്തികമായ വാദങ്ങൾ മാത്രമാണ് പോലീസിന്റെ കയ്യിലുള്ളത്. അവയൊക്കെയും എളുപ്പത്തിൽ രേഖകളും ചിത്രങ്ങളും തെളിവായി സമർപ്പിച്ചുകൊണ്ട് തള്ളിക്കളയാൻ സാധിക്കുന്നവയുമാണ്. ഹിന്ദു ആൾക്കൂട്ടത്തിന് കൈവശമുണ്ടായിരുന്ന സ്ഫോടന വസ്തുക്കളെ കുറിച്ചും അക്രം ഖാന്റെ കേസ് ഓർമപ്പെടുത്തുന്നു.
കാരവൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇനിയും ഒരുപാടു കഥകൾ ബാക്കിയുണ്ടെന്ന് മകനെ കൊണ്ടുപോകുമെന്ന ഭീതിയാൽ മാത്രം പരാതി പിൻവലിച്ച സാബിർ അലിയും, സധൈര്യം മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിട്ടും ജീവനിൽ കൊതിയുള്ളത് കൊണ്ടുമാത്രം യു.പിയിലെ തന്റെ ഗ്രാമത്തിലേക്ക് തിരിച്ചുപോയ ഇമ്രാന പർവീനുമൊക്കെ തെളിയിക്കുന്നു.
വിവര്‍ത്തനം: സിബ്ഗത്തുല്ല സാക്കിബ്
Adjust Story Font
16