Quantcast

'എന്റെ അമ്മക്കും സഹോദരിക്കും പഠിക്കാനാവാത്ത നാട്ടിൽ എനിക്കിത് വേണ്ട'; ടി.വി ഷോയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞ് അഫ്ഗാൻ പ്രൊഫസർ

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-12-28 06:27:49.0

Published:

28 Dec 2022 6:26 AM GMT

എന്റെ അമ്മക്കും സഹോദരിക്കും പഠിക്കാനാവാത്ത നാട്ടിൽ എനിക്കിത് വേണ്ട; ടി.വി ഷോയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞ് അഫ്ഗാൻ പ്രൊഫസർ
X

കാബൂൾ: ടി.വി ചർച്ചക്കിടെ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞ് അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പ്രൊഫസറുടെ നടപടി.

'ഇന്ന് മുതൽ, എനിക്ക് ഈ ഡിപ്ലോമകൾ ആവശ്യമില്ല, കാരണം ഈ രാജ്യം വിദ്യാഭ്യാസത്തിനുള്ള സ്ഥലമല്ല,' സർട്ടിഫിക്കറ്റുകൾ കീറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'എന്റെ സഹോദരിക്കും അമ്മയ്ക്കും പഠിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ ഈ വിദ്യാഭ്യാസം സ്വീകരിക്കില്ലെന്ന് പറഞ്ഞാണ് പ്രൊഫസർ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞത്. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചാനലായ തൊലൊ ടിവിയിലെ ചര്‍ച്ചക്കിടെയാണ് പ്രൊഫസര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയെറിഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യ പ്രവർത്തക ശബ്‌നം നസിമിയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഈമാസം 20 നായിരുന്നു അഫ്ഗാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് സർവ‌‌കലാശാലകളിൽ സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഉത്തരവ് ഉടനടി നടപ്പാക്കാൻ ആവശ്യപ്പെടുന്നു"- ഉത്തരവിൽ പറയുന്നു. ഉത്തരവ് ഉടൻ‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ- സ്വകാര്യ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി നേദ മുഹമ്മദ് നദീം കത്തയയ്ക്കുകയും ചെയ്തിരുന്നു.

രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സർവകലാശാലാ പ്രവേശന പരീക്ഷ എഴുതാൻ അനുമതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഉന്നത വിദ്യാഭ്യാസത്തിന് നിരോധനം പ്രഖ്യാപിച്ചത്. ഇത്രയും വിദ്യാർ‍ഥിനികളുടെ ഭാവി ഇരുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. സെക്കൻ‍ഡറി വിദ്യാഭ്യാസ മേഖലയിൽ നേരത്തെ തന്നെ താലിബാൻ സ്ത്രീകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

അഫ്ഗാനിസ്താനിൽ‍ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ കർട്ടനിട്ട് വേർതിരിച്ച് പ്രത്യേക ക്ലാസ് മുറികൾ ഏർപ്പെടുത്തുകയും പെൺകുട്ടികളെ വനിതാ അധ്യാപകരോ മുതിർന്ന പുരുഷ അധ്യാപകരോ മാത്രമേ പഠിപ്പിക്കാവൂ എന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

അഫ്​ഗാനിൽ സ്ത്രീകൾ‍ക്ക് ഏർപ്പെടുത്തിയ സർവകലാശാലാ വിദ്യാഭ്യാസ വിലക്കിൽ ഇന്ത്യയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. അഫ്ഗാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യാവകാശം ഉറപ്പാക്കുന്ന ഒരു സർക്കാർ രൂപീകരിക്കണമെന്ന ആഹ്വാനം ഇന്ത്യ ആവർത്തിച്ചു.

TAGS :

Next Story