വെടിനിർത്തൽ കരാർ നിലവിൽവന്നാലും റഫക്കുനേരെ ആക്രമണം തുടരും- നെതന്യാഹു
വടക്കൻ ഗസ്സയിൽ സഹായമെത്തിച്ചില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഹമാസ്
ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി. കരാർ നിലവിൽ വന്നാലും റഫക്കുനേരെയുള്ള ആക്രമണത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. വടക്കൻ ഗസ്സയിൽ സഹായം ലഭ്യമാക്കിയില്ലെങ്കിൽ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഹമാസും നിലപാടെടുത്തു. ലക്ഷങ്ങൾ അധിവസിക്കുന്ന റഫക്കുനേരെയുള്ള ആക്രമണം വൻപ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ജി 7 രാജ്യങ്ങൾ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
വിയോജിപ്പുകളെ തുടർന്ന് ചർച്ചകൾക്ക് തിരിച്ചടിയേറ്റെങ്കിലും വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്നാണ് ഖത്തർ അറിയിക്കുന്നത്. അതിനുവേണ്ടി എല്ലാ നീക്കങ്ങളും ഊർജിതമായി തുടരുകയാണെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഗസ്സയിൽ എത്തിക്കുന്ന സഹായത്തിന്റെ തോത് അറിയിച്ചാൽ നിലവിലെ തടസങ്ങൾ നീങ്ങുമെന്നും ഫലസ്തീൻ വിഷയത്തെ യാഥാർഥ്യബോധത്തോടെ വിലയിരുത്തുക പ്രധാനമാണെന്നും അദ്ദേഹം പടിഞ്ഞാറൻ രാജ്യങ്ങളെ ഓർമിപ്പിച്ചു.
ബന്ദികളുടെ കൈമാറ്റത്തിന് ഹമാസുമായി കരാറുണ്ടായാൽ റഫക്കുനേരെയുള്ള ആക്രമണം ഉപേക്ഷിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. അന്താരാഷ്ട്ര സമ്മർദത്തെ തങ്ങൾ വകവെക്കുന്നില്ലെന്നും രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതായ റിപ്പോർട്ടുകൾ ശരിയല്ലെന്നും നെതന്യാഹു പറഞ്ഞു. റമദാൻ മാസത്തിലും ഗസ്സയിൽ യുദ്ധം തുടരുമെന്ന് മന്ത്രി ബെന്നി ഗാന്റ്സ് അറിയിച്ചു. വടക്കൻ ഗസ്സക്കു നേരെയുള്ള ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ വെടിനിർത്തൽ ചർച്ച ഉപേക്ഷിക്കുമെന്നാണ് ഹമാസിന്റെ പ്രഖ്യാപനം.
വെടിനിർത്തൽ കരാർ വൈകുന്നതിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി. യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിൽ സ്വന്തം രാഷ്ട്രീയ താൽപര്യം മാത്രമാണ് നെതന്യാഹുവിന് പ്രധാനമെന്നും പ്രകടനക്കാർ കുറ്റപ്പെടുത്തി. തൊഴിലാളി സംഘടനകളെ അണിനിരത്തി ബന്ദിമോചനത്തിനായി അനിശ്ചിതകാല പണിമുടക്ക് സമരം പ്രഖ്യാപിക്കുമെന്നും ബന്ദികളുടെ ബന്ധുക്കൾ മുന്നറിയിപ്പ് നൽകി. റമദാനിൽ ഫലസ്തീനികളെ ഇസ്രായേൽ പ്രദേശങ്ങളിൽ അനുവദിക്കരുതെന്ന് മന്ത്രി ബെൻഗവിർ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ മാത്രം ഗസ്സയിൽ 83പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 28,858 ആയി. അൽ നാസർ മെഡിക്കൽ സമുച്ചയത്തിൽ നിന്ന് നിരവധി ജീവനക്കാരെ സൈന്യം അറസ്റ്റ് ചെയ്തു. ഈജിപ്തുമായും മറ്റ് രാജ്യങ്ങളുമായും സമ്പർക്കം പുലർത്തി വരികയാണെന്നും റഫക്കു നേരെ ആക്രമണം നടത്തും മുമ്പ് ജനങ്ങളെ ഒഴിപ്പിക്കുമെന്നും ബെന്നി ഗാന്റസിനെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ ഗസ്സയിൽ നിന്ന് പുറന്തള്ളുന്ന ഫലസ്തീനികളെ പുനരധിവസിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വടക്കൻ ഗസ്സയിലെ മൂന്ന് ലക്ഷത്തിലേറെ ജനങ്ങൾ പട്ടിണിയുടെ പിടിയിലെന്ന് യു.എൻ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
Adjust Story Font
16