Quantcast

വിദേശികൾക്ക് സമ്പൂർണ വിലക്ക്; ഒമിക്രോണിൽ അടച്ചിട്ട് ഇസ്രയേൽ

പുതിയ ക്വാറന്‍റൈന്‍ നിയമവും പ്രാബല്യത്തില്‍ വന്നു

MediaOne Logo

Web Desk

  • Updated:

    2021-11-28 05:56:32.0

Published:

28 Nov 2021 5:47 AM GMT

വിദേശികൾക്ക് സമ്പൂർണ വിലക്ക്; ഒമിക്രോണിൽ അടച്ചിട്ട് ഇസ്രയേൽ
X

ജറൂസലേം: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദേശികൾക്ക് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. കൊറോണ കാബിനറ്റാണ് തീരുമാനം പ്രഖ്യാപിച്ചത്. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന വാക്‌സിനെടുത്ത ഇസ്രയേൽ പൗരന്മാർക്ക് മൂന്നു ദിവസത്തെ ക്വാറന്റൈനും നിർബന്ധമാക്കി. 72 മണിക്കൂറിന് ശേഷം ഇവർ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം.

നിലവിൽ മലാവിയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കു മാത്രമാണ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തുള്ള ഏഴു പേരെ ഇസ്രായേൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നാലു പേർ വിദേശത്തു നിന്നെത്തിയവരാണ്. കോവിഡ് രോഗികളുടെ നിരീക്ഷണ ചുമതല സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

അതിനിടെ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദം മിക്ക ലോകരാജ്യങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. രാജ്യങ്ങൾ യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിത്തുടങ്ങി. ആഗോള ആശങ്കകൾ മുൻനിർത്തി ഇന്ത്യ കരുതൽ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ നിരീക്ഷണ, പരിശോധനാ നടപടികൾ ശക്തമാക്കും.

ഇസ്രയേലിനും ദക്ഷിണാഫ്രിക്കയ്ക്കും പുറമേ, ബോട്‌സ്വാന, ഹോങ്കോങ്, ബൽജിയം, ജർമനി, ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വകഭേദത്തിന്റെ വ്യാപന ശേഷി എത്രയാണ് എന്നറിയാൻ ആഴ്ചകളുടെ പഠനം വേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

പുതിയ വകഭേദത്തെ കണ്ടെത്തിയതിന്‍റെ പേരില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തി ശിക്ഷിക്കരുതെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു.

ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

കോവിഡിനൊപ്പം ജീവിതം ശീലമാക്കി സാധാരണനിലയിലേക്ക് മടങ്ങി വരവ് ആശങ്ക പടർത്തി പുതിയ വകഭേദം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമിക്രോൺ എന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒമിക്രോൺ എന്ന് നാമധരണം ചെയ്യപ്പെട്ട ആ.1.1.529 എന്ന കൊറോണവൈറസ് വകഭേദത്തെ കുറിച്ച് കൂടുതലറിയാം.

ഒമിക്രോണിന്റെ ഉത്ഭവം

'ആശങ്കയുടെ വകഭേദം'എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ മാസം 24 ന് ദക്ഷിണാഫ്രിക്കയിലാണ്. ഈ മാസം ഒമ്പതിന് ശേഖരിച്ച സാമ്പിളിലാണ് വകഭേദം കണ്ടെത്തിയത്. വകഭേദം കണ്ടെത്തിയതോടൊപ്പം തന്നെ വൈറസ് ദ്രുതഗതിയിൽ വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറയുന്നു. ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോൺ അപകടകാരിയാകുന്നത് എന്ത്‌കൊണ്ട്?

മുൻപ് കണ്ടെത്തിയ കോറോണവൈറസ് വകഭേദങ്ങളെക്കാളും ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള വകനഭേദമാണ് ഒമിക്രോൺ. ഇത് തന്നെ ഒമിക്രോണിനെ ഏറ്റവും അപകടകാരിയായ വകഭേദമാക്കുന്നത്. സാധാരണ കോവിഡ് വന്നു മാറിയവരിലും പുതിയ വകഭേദം പിടിപെടാൻ സാധ്യത ഏറെയാണ്.

മറ്റ് പല വകഭേദങ്ങളിലും കണ്ടത് പോലെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ പലരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നു. വാക്‌സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്നും ആരോഗ്യരംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു. പുതിയ വകഭേദത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഇവർക്ക് അഭിപ്രായമുണ്ട്. വകഭേദത്തെ കുറിച്ച് പഠിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അത് പങ്കുവെക്കുമെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.50 ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച വൈറസ് അതിതീവ്ര വ്യാപനശേഷിയാണുള്ളതെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.

TAGS :

Next Story