Quantcast

ദുഃസ്വപ്‌നം കണ്ട് ഞെട്ടിയുണർന്നു; സഹപ്രവർത്തകര്‍ക്കു നേരെ വെടിയുതിർത്ത് ഇസ്രായേൽ സൈനികൻ

സംഭവത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.

MediaOne Logo

abs

  • Published:

    28 Dec 2023 9:03 AM GMT

israel army
X

തെൽ അവീവ്: ഗസ്സയിൽനിന്ന് തിരികെയെത്തിയ ഇസ്രായേൽ സൈനികൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റ് സഹപ്രവർത്തകർക്കു നേരെ വെടിവെച്ചു. വെടിവെപ്പിൽ യൂണിറ്റിലെ സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയാണ് സംഭവം.

ദക്ഷിണ ഇസ്രായേലിലെ അഷ്‌കലോണിലെ സൈനിക പുനരധിവാസ കേന്ദ്രത്തിലാണ് സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ച വെടിവെപ്പ്. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന സൈനികൻ പ്രകോപനമൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നു. ദുഃസ്വപ്‌നം കണ്ട് ഞെട്ടിയുണർന്ന ഇയാൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സംഭവത്തിൽ ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സൈനികന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കൂ എന്ന് പ്രതിരോധ വക്താവ് അറിയിച്ചു. 'ഓരോ സൈനികനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തും. ഗസ്സയിൽ നിന്ന് തിരിച്ചെത്തിയ സൈനികരുടെ റിഫ്രഷ് ക്യാംപിലാണ് സംഭവം. നിരവധി സൈനികർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യത മുൻനിർത്തി ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല' - സൈനിക വക്താവ് പറഞ്ഞു.



ഗസ്സയിലെ അധിനിവേശത്തിൽ പങ്കെടുത്ത 18 ശതമാനം സൈനികര്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങളും പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോഡറും (പിടിഎസ്ഡി) ഉള്ളതായി നേരത്തെ ഇസ്രായേൽ പത്രം ഹാരെറ്റ്‌സ് റിപ്പോർട്ടു ചെയ്തിരുന്നു. സൈനികരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പഠിച്ച ആരോഗ്യ ക്ഷേമ കമ്മിഷൻ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു ഹാരെറ്റ്സ് വാര്‍ത്ത.

ഗസ്സയിലെ ആക്രമണത്തിൽ അയ്യായിരത്തിലേറെ ഇസ്രായേൽ സൈനികർക്കാണ് ഇതുവരെ പരിക്കേറ്റിട്ടുള്ളത്. ഇതിൽ രണ്ടായിരത്തിലേറെ പേർക്ക് അംഗവൈകല്യം സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇസ്രായേൽ ഗവൺമെന്റ് പുറത്തുവിട്ടിട്ടില്ല.

Summary: Israeli soldier shoots, injures colleagues after suffering Gaza nightmare

TAGS :

Next Story