ഗസ്സയില്‍ ആശുപത്രികൾക്കും അഭയാർഥി കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ
ജബാലിയയിലെ അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു
അൽ ഖുദ്‌സ് ആശുപത്രി
തെല്‍ അവിവ്: കൂടുതൽ ആശുപത്രികൾക്കും അഭയാർഥി കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. അൽ ഖുദ്‌സ് ആശുപത്രിക്കുനേരെ തുടരുന്ന ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടു. ജബാലിയയിലെ അഭയാർഥി ക്യാമ്പിലെ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. അധിനിവേശ സേനക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതായി ഹമാസ് അറിയിച്ചു.
ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അൽശിഫ ഇപ്പോൾ ഒരു ആശുപത്രി അല്ലാതായി മാറിയെന്ന് ഫലസ്തീൻ റെഡ് ക്രസന്‍റ്. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാത്ത രോഗികളെയും പരിക്കേറ്റവരെയും ദുരിതത്തിലാക്കി ഇസ്രയേലി സൈനിക വാഹനങ്ങൾ കെട്ടിടങ്ങൾക്കുനേരെ വെടിവെപ്പ് തുടരുകയാണ്. നൂറുകണക്കിന് മൃതദേഹങ്ങൾ ആശുപത്രിവളപ്പിൽ സംസ്കരിക്കാതെ കിടപ്പുണ്ടെന്നും ദൃക്സാക്ഷികൾ അറിയിച്ചു. അവസാന ജനറേറ്ററും പ്രവർത്തനരഹിതമായതോടെ ഇൻകുബേറ്ററിലുള്ള ഏഴ്കുഞ്ഞുങ്ങളും അത്യാഹിത വിഭാഗത്തിലെ 27 പേരുമടക്കം 34 രോഗികൾ ഇന്നലെ മരണത്തിന് കീഴടങ്ങി. ചികിത്സയിലുള്ള 650 ഓളം പേരും മരണം കാത്തുകിടക്കുകയാണ്.
അൽ ഖുദ്‌സ് ആശുപത്രിയിൽ നടത്തിയവെടിവെപ്പിൽ 24 പേർ കൊല്ലപ്പെട്ടു. നിരവധി താമസ കേന്ദ്രങ്ങൾക്കു നേരെയും ഇസ്രായേൽ ആക്രമണം തുടർന്നു. യു.എൻ ഏജൻസികളുടെ ആസ്ഥാന കേന്ദ്രങ്ങൾ തകർത്ത സൈന്യം, ഖത്തറിന്റെ ഗസ്സ പുനർനിർമാണ സമിതി കെട്ടിടത്തിനു മുകളിലും ബോംബിട്ടു. ജീവകാരുണ്യ സംവിധാനങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് അരങ്ങേറുന്നതെന്ന് ജി.സി.സി നേതൃത്വവും വിവിധ ഗൾഫ് രാജ്യങ്ങളും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വാഹനങ്ങളിൽ ഇന്ധനം തീർന്ന സാഹചര്യത്തിൽ ഇന്നുമുതൽ റഫ മുഖേന സഹായ ഉൽപന്നങ്ങൾ എത്തിക്കാനാവില്ലെന്ന് യു.എൻ അഭയാർഥി സംഘടന അറിയിച്ചു. ഗസ്സയിൽ മാനുഷികദുരന്തം ഭീതിദമായ അവസ്ഥയിലേക്ക് നീങ്ങുന്നതായി യു.എൻ വക്താവ്. അതേസമയം യുദ്ധം രൂക്ഷമായ ഗസ്സയിൽനിന്ന് കൂടുതൽ വിദേശ പൗരന്മാരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഹമാസ് നേതാക്കളെ അമർച്ച ചെയ്യാനുള്ള ഇസ്രായേൽ സൈനികനീക്കത്തിനിടയിൽ സിവിലിയൻ സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കമെന്ന് വൈറ്റ് ഹൗസ്. യുദ്ധാന്തര ഗസ്സയെ കുറിച്ച നെതന്യാഹുവിന്‍റെ പ്രസ്താവനയെ തങ്ങൾ അംഗീകരിക്കുന്നില്ലെന്നും അമേരിക്ക. കൂടുതൽ ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയെന്ന് ഹമാസ് സൈനിക വിഭാഗം. ദക്ഷിണ ലബനനു നേരെ ആക്രമണം കൂടുതൽ ശക്തമാക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഏതൊരു സാഹചര്യം നേരിടാനും സൈന്യം സുസജ്ജമെന്ന് ഇറാൻ വ്യോമസേനാ മേധാവി അറിയിച്ചു.
Adjust Story Font
16