ദക്ഷിണ കൊറിയയിലെ വിമാനദുരന്തം: അപകടകാരണം പക്ഷിയിടിച്ചത്?
അപകടത്തിൽ 179 പേർ മരിച്ചെന്നാണ് വിവരം
സോൾ: ദക്ഷിണ കൊറിയയിലെ മുവാൻ എയർപോർട്ടിൽ ജെജു എയർലൈൻസ് ലാൻഡിങ്ങിനിടെ അപകടത്തിൽപെട്ടതിന് പിന്നിൽ പക്ഷിയിടിച്ചതാണെന്ന് പ്രാഥമിക നിഗമനം. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതോടെയാണ് അപകടം. ദുരന്തത്തിൽ 179 പേർ മരിച്ചെന്നാണ് വിവരം.
തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് വരുകയായിരുന്ന വിമാനം ലാൻഡിങ്ങിനിടെ വേഗത കുറക്കാനാകാതെ മതിലിലിടിച്ച് കത്തിയമരുകയായിരുന്നു. 175 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു ജീവനക്കാരെ രക്ഷിച്ചെന്ന് മുവാൻ ഫയർ അധികൃതർ അറിയിച്ചു.
ലാൻഡിങ് ഗിയറില്ലാതെ റൺവേയിലൂടെ നീങ്ങുന്ന വിമാനം മതിലിലിടിച്ച് കത്തിയമരുന്നത് പ്രാദേശിക ചാനലുകൾ പുറത്തുവിട്ട വീഡിയോകളിൽ കാണാം. അതേസമയം, ലാൻഡിങ് ഗിയറിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. റൺവേയുടെ അറ്റത്ത് എത്തുന്നതുവരെ വിമാനത്തിന്റെ വേഗത കുറക്കാൻ പൈലറ്റുമാർക്ക് സാധിച്ചില്ല. വിമാനത്തിന്റെ ആദ്യ ലാൻഡിങ് ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അതേസമയം, പക്ഷിയിടിച്ചതും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാദേശിക അഗ്നിശമനസേനാ മേധാവി പറഞ്ഞത്. എന്നിരുന്നാലും, സംയുക്തമായ അന്വേഷണത്തിന് ശേഷമേ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് മുവാൻ ഫയർ സ്റ്റേഷൻ മേധാവി ലീ ജിയോങ്-ഹ്യുൻ മാധ്യമങ്ങളോട് പറഞ്ഞു.
32 അഗ്നിശമന വാഹനങ്ങളും നിരവധി ഹെലികോപ്റ്ററുകളുമെത്തി അപകടസ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കി. അപകടത്തെത്തുടർന്ന് മുവാൻ അന്താരാഷ്ട്ര എയർപോർട്ടിലെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.
കഴിഞ്ഞയാഴ്ച കസാക്കിസ്ഥാനിലെ അക്‌തൗവിന് സമീപം അസർബൈജാൻ എയർലൈൻ വിമാനം തകർന്നുവീണ് 38 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16