Quantcast

'നിങ്ങളാണ് ഉന്നതരും ശ്രേഷ്ഠരും; നിങ്ങളുടെയും മക്കളുടേയും വിശുദ്ധരക്തം കൊണ്ട് ഞങ്ങളെ പഠിപ്പിക്കുന്നത് നിങ്ങളാണ്': ​ഗസ്സക്കാരോട് ഖത്തർ വിദേശകാര്യ സഹമന്ത്രി

'ഗസ്സയിലെ പ്രിയപ്പെട്ടവരേ, നിങ്ങൾ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുകയും ഉറക്കത്തിനുശേഷം ലോകത്തിന്റെ മനുഷ്യത്വത്തെ ഉണർത്തുകയും ചെയ്തു'.

MediaOne Logo

Web Desk

  • Updated:

    2023-11-27 13:30:09.0

Published:

27 Nov 2023 1:23 PM GMT

You are high and noble Says Qatar Foreign Minister to Gaza People
X

നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും വിശുദ്ധ രക്തം കൊണ്ട് ഇന്ന് ഞങ്ങളെ പഠിപ്പിക്കുന്നത് നിങ്ങളാണെന്ന് ​ഗസ്സ നിവാസികളോട് ഖത്തർ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയുമാണ് ഫലസ്തീൻ ജനതയ്ക്ക് അഭിവാദ്യം അർപ്പിച്ച് മന്ത്രി ​രം​ഗത്തെത്തിയത്. എന്താണ് അന്തസ്, എന്താണ് സ്വാതന്ത്ര്യം, എങ്ങനെയാണ് സ്ഥിരചിത്തത, എങ്ങനെയാണ് മനുഷ്യൻ ഒന്നാമതാവുന്നത് എന്നെല്ലാം നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്- അവർ വ്യക്തമാക്കി.

ഖത്തർ ജനതയുടെയും ഭരണകൂടത്തിന്റേയും നേതൃത്വത്തിന്റേയും ഭാഗത്തു നിന്നുള്ള സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഐക്യദാർഢ്യത്തിന്റേയും സന്ദേശവുമായി ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നു. ഞങ്ങളും ലോകത്തിലെ എല്ലാ സ്വതന്ത്രരും നിങ്ങളോടൊപ്പമുണ്ടെന്ന് പറയാൻ. സത്യവും മനുഷ്യത്വവും നിങ്ങളോടൊപ്പമുണ്ട്‌. സർവശക്തനായ ദൈവം നിങ്ങളോടൊപ്പമുണ്ട്. അതിനാൽ നിങ്ങൾ ദുർബലരാകരുത്. സങ്കടപ്പെടരുത്. ദൈവാനുഗ്രഹത്താൽ നിങ്ങളാണ് ഉന്നതരും ശ്രേഷ്ഠരും- ലുൽവ ബിൻത് റാഷിദ് പറയുന്നു.

ഗസ്സയിലെ പ്രിയപ്പെട്ടവരേ, നിങ്ങൾ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുകയും ഉറക്കത്തിനുശേഷം ലോകത്തിന്റെ മനുഷ്യത്വത്തെ ഉണർത്തുകയും ചെയ്തു. നിങ്ങൾക്ക് മുമ്പ് എല്ലാ വാക്കുകളും പൊള്ളയായിരുന്നു. എല്ലാ കഥകളും ആവർത്തനങ്ങളായിരുന്നു. ഞങ്ങളുടെ ദൈനംദിന പോരാട്ടങ്ങളെല്ലാം നിസാരമായിരുന്നു. എല്ലാ പ്രസംഗങ്ങളും പ്രസ്താവനകളും അർഥശൂന്യമായിരുന്നു.

ഗസ്സ വന്നിരിക്കുകയാണ്, ഈ ലോകത്തിന്റെ മുൻഗണനകൾ ക്രമീകരിക്കാനും പുനഃസ്ഥാപിക്കാനുമായി. ഞങ്ങളിൽ നിന്ന് അപഹരിക്കപ്പെട്ടതോ ഞങ്ങൾ വിസ്മരിച്ചതോ ആയ ഞങ്ങളുടെ മനുഷ്യത്വം ഇന്ന് നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കുമായി പുനഃസ്ഥാപിക്കുകയാണെന്ന് ഞാൻ പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. നിങ്ങൾക്ക് അഭിവാദ്യങ്ങൾ. ഇന്ന് നിങ്ങൾ മാത്രമാണ് ഇതിനെല്ലാം വില കൊടുക്കുന്നതെന്ന് ഞങ്ങൾക്കറിയാം.

ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതിന്റെ വില, അഹങ്കാരികളായ അധിനിവേശകരെ തകർക്കുന്നതിന്റെ വില, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടേയും വിശുദ്ധ ഭൂമിക്ക് വേണ്ടി നിലകൊള്ളുന്നതിന്റെ വില. അതുകൊണ്ട് ഗസ്സയിലെ ഞങ്ങളുടെ പ്രിയപ്പെട്ടവരേ, ഞാൻ ഇവിടെ സിദ്ധാന്തങ്ങൾ വിനിമയം ചെയ്യാൻ വന്നതല്ല. പാഠങ്ങൾ കുരുക്കഴിച്ചെടുക്കാനും വന്നതല്ല.

നിങ്ങൾ തൃപ്തരാകുന്നത് വരെ നിങ്ങൾക്ക് ഞങ്ങളെ കുറ്റപ്പെടുത്താം. നിങ്ങൾ തൃപ്തിപ്പെട്ടാലും നിങ്ങൾക്ക് ഞങ്ങളെ ആക്ഷേപിക്കാം. എല്ലാം സംതൃപ്തമായാലും അതിന് ശേഷവും നിങ്ങൾക്ക് ഞങ്ങളെ കുറിച്ച് പരിഭവപ്പെടാം. അതിനാൽ ഞങ്ങളുടെ കുറവുകൾ ക്ഷമിക്കുക. ദൈവം ഗസ്സയെ സംരക്ഷിക്കട്ടെ, ദൈവം ഫലസ്തീനെ സംരക്ഷിക്കട്ടെ. അല്ലാഹു അവന്റെ കാര്യം നടപ്പാക്കുകതന്നെ ചെയ്യും. പക്ഷേ, അധിക മനുഷ്യരും അതറിയുന്നില്ല'- കുറിപ്പിൽ വിശദമാക്കുന്നു.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഖത്തറിന്റെ ഉന്നതതല സംഘം ഫലസ്തീനിലെത്തിയത്. റഫാ അതിര്‍ത്തിയോട് ചേര്‍ന്ന ഫലസ്തീന്‍ മേഖലയിലാണ് ലുല്‍വ അല്‍ ഖാതിറും സംഘവും എത്തിയത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്ന് ലുല്‍വ അല്‍ ഖാതിര്‍ പറഞ്ഞിരുന്നു. ഇസ്രായേലിന്റെ കിരാതമായ ആക്രമണത്തില്‍ പരിക്കേറ്റവരെയും ഉറ്റവരെ നഷ്ടപ്പെട്ടവരെയും സംഘം ആശ്വസിപ്പിച്ചു.



TAGS :

Next Story