Saudi Stories
Saudi Stories

സൗദിയിലെ സഞ്ചാരികളേ.. ഇതിലെ വരൂ.. കേൾക്കാം മാരിദ് കോട്ട പറയുന്ന കഥകൾ

VM Afthabu Rahman
|
10 Jun 2021 3:49 PM GMT

സൗദിയിലെ അൽ ജൗഫ് പ്രവിശ്യയിലെ ദോമത്തുൽ ജന്ദലിലാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രവാചക കാലത്തേക്കൾ പഴക്കമുള്ള മാരിദ് കോട്ടയുള്ളത്



കോട്ടക്കകത്തേക്ക് രാത്രി പ്രവേശിക്കുന്പോള്‍ തന്നെ ഉള്ളൊന്ന് ആളും. ഇതിനകത്തെ ഇടനാഴികകളിലൂടെ നടക്കുന്പോള്‍ ആയിരത്തൊന്ന് രാവുകളിലെ കഥകള്‍ ഉള്ളിലൂടെ മിന്നിമായും.

മെസൊപോട്ടോമിയ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അസ്സീറിയന്‍ ഭരണകാലത്തെ പല രേഖകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. തരാബോ, താബ, സാംബിബ, സിംസി തുടങ്ങിയ രാജ്ഞിമാരാണ് ദോമ ഭരിച്ചത്. ഇക്കൂട്ടത്തില്‍ ഏറ്റവും അറിയപ്പെട്ടത് സിംസി രാജ്ഞിയായിരുന്നു. ഈജിപ്തിലെ റമിസസ് അഥവാ ഫറോവക്ക് തുല്യമായാണ് അവരുടെ ഭരണത്തെ വിലയിരുത്തിയത്. ആദ്യം നബ്തഈന്‍ വിഭാഗവും പിന്നീട് ജൂതന്മാരും ശേഷം ക്രൈസ്തവും ദോമ അടക്കിവാണു.

പാല്‍മിറയുടെ രാജ്ഞിയായിരുന്ന സെനോബിയ ദോമയെ കീഴടക്കാനെത്തിയ ചരിത്രം ഈ മേഖലയില്‍ പ്രസിദ്ധമാണ്. ദോമയുടെ പ്രധാന ഭാഗങ്ങള്‍ കീഴടക്കിയ രാജ്ഞിക്ക് പക്ഷേ മാരിദ് കോട്ട കീഴടക്കാനായില്ല. അതിന്‍റെ കാരണമറിയാന്‍ കോട്ടക്കുള്ളിലൂടെ നടക്കണം.

കീഴടക്കാന്‌‍ കഴിയാത്തവയുടെ അടയാളമായും പര്യായമായും മരിദ് നിലകൊണ്ടു. പ്രാചീന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച കോട്ടയുടെ ഉള്ളിലും പുറത്തും നിരവധി കിണറുകളുണ്ട്.

കോട്ടയുടെ മുകളില്‍ വടക്കു ഭാഗത്ത് ഒരു മനുഷ്യന് ഊര്‍ന്നിറങ്ങാന്‍ മാത്രം വീതിയിലാണ് ഒരു കിണര്‍‌ നിര്‍മിച്ചിരിക്കുന്നത്. ഇവക്ക് താഴെ നിന്ന് തുരങ്കമുണ്ടാക്കി വെള്ളം കൃഷിഭൂമിയിലേക്കെത്തിച്ചുവെന്ന ചരിത്രം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. രണ്ടിലും ഇന്നും ജല സാന്നിധ്യമുണ്ട്.

മദീനയിലേക്ക് ദോമയില്‍ നിന്നും 15 ദിവസം സഞ്ചരിക്കണം. ഇ്സ്ലാമിന്റെ വരവോടെ മദീനയിലേക്ക് സിറിയയില്‍ നിന്നടക്കം തീര്‍ഥാടകരും കച്ചവട സംഘങ്ങളുമെത്തി. പലരും ദോമക്കരികില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. പരാതി മദീനയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അടുക്കലുമെത്തി. പിന്തിരിപ്പിക്കാന്‍ സന്ദേശവാഹകരെ പ്രവാചകന്‍ പറഞ്ഞയച്ചു. പക്ഷേ, സ്ഥിതി തുടര്‍ന്നു. എ.ഡി 627ല്‍ മദീനക്കെതിരെ ആക്രമണത്തിന് ദോമയിലെ ഭരണാധികാരി ശ്രമിച്ചു. ഇതോടെ മദീനയില്‍ നിന്നും സൈനിക നീക്കം ദോമയിലേക്കും തുടങ്ങി. സൈനിക നീക്കം കണ്ട് ഭയന്ന ദോമയിലെ ഭരണാധികാരികള്‍ മേഖലയില്‍ നിന്നും രക്ഷപ്പെട്ടു.. എഡി 630, 631 വര്‍ഷങ്ങളില്‍ പ്രവാചകന്‍റെ കമാണ്ടറായിരുന്ന ഖാലിദ് ഇബ്നു വലീദ് മരിദ് കോട്ടയും ദോമയും പൂര്‍ണമായും കീഴടക്കി.

രാത്രി ഏഴര വരെ കാഴ്ചക്കാര്‍ക്ക് ഇവിടെയെത്താം. കോട്ടയോട് ചേര്‍ന്നുള്ള മ്യൂസിയത്തില്‍ കോട്ടയില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. മാരിദ് കോട്ടയിലേക്കുള്ള ലോക്കേഷൻ.

വി എം അഫ്താബു റഹ്മാൻ

Similar Posts